ആംഗലയെ വിരട്ടിയ കോന്നി,​ വൈറലായ വെർനി  പുട്ടിന്റെ വളർത്തുനായകൾ

Saturday 08 October 2022 5:25 AM IST

മോസ്കോ : 70ാം വയസിലെത്തിനിൽക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആരാണെന്ന് ചോദിച്ചാൽ ഒരു പക്ഷേ ഉത്തരം കണ്ടെത്താൻ ബുദ്ധിമുട്ടും. എന്നാൽ പുട്ടിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്ന് നിസംശയം പറയാവുന്ന ചിലരുണ്ട്. പുട്ടിന്റെ വളർത്തുനായകളാണത്.

നായകളോടുള്ള പുട്ടിന്റെ ഇഷ്ടം കണക്കിലെടുത്ത് റഷ്യയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ലോകനേതാക്കൾ നൽകിയ സമ്മാനങ്ങളിൽ ചിലത് നായകളായിരുന്നു. കോന്നി, ബഫി,​ യൂമെ,​ വെർനി,​ പാഷ എന്നിവയാണ് പുട്ടിന്റെ പ്രിയപ്പെട്ട വളർത്തുനായകൾ. ഇവയെല്ലാം വിദേശനേതാക്കളുടെ സമ്മാനങ്ങളാണ്. മറ്റ് രണ്ട് വളർത്തുനായകളുണ്ടായിരുന്നെങ്കിലും വിവാഹമോചനത്തിന് പിന്നാലെ അവ മുൻ ഭാര്യ ല്യുഡ്മില കൊണ്ടുപോയി.

പുട്ടിന്റെ ഏറ്റവും പ്രിയപ്പെട്ട നായയായിരുന്നു കോന്നി. കറുത്ത ലാബ്രഡോർ റിട്രീവറായ കോന്നിയെ ഒരു വയസുള്ളപ്പോൾ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവാണ് പുട്ടിന് സമ്മാനമായി നൽകിയത്. എപ്പോഴും പുട്ടിനൊപ്പമുണ്ടായിരുന്ന കോന്നിയ്ക്ക് ലോക നേതാക്കളുമൊത്തുള്ള ഔദ്യോഗിക ചർച്ചകളിൽ പോലും അനുവാദം കൂടാതെ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

2007ൽ ജർമ്മൻ ചാൻസലർ ആംഗല മെർക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുട്ടിൻ കോന്നിയെ ഒപ്പം കൂട്ടിയത് ചർച്ചയായിരുന്നു. ആംഗലയ്ക്ക് നായകളോട് ഭയമാണെന്ന് അറിഞ്ഞിട്ടും പുട്ടിൻ മനഃപൂർവം കോന്നിയെ കൊണ്ടുവന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. കൂടിക്കാഴ്ചയിലുനീടം കോന്നി അടുത്തുവരുമ്പോൾ ആംഗല ഭയക്കുന്നത് കാണാമായിരുന്നു. നായകളെ ആംഗലയ്ക്ക് ഭയമാണെന്ന് അറിഞ്ഞതിന് പിന്നാലെ താൻ അവരോട് മാപ്പ് പറഞ്ഞെന്നായിരുന്നു സംഭവത്തിന് പിന്നാലെ പുട്ടിന്റെ പ്രതികരണം. കോന്നി 2014ൽ ചത്തുപോയിരുന്നു.

കാരമൽ, വെള്ള നിറത്തിലെ കരകാചൻ ഇനത്തിലെ നായ ആയ ബഫിയെ പത്ത് ആഴ്ച പ്രായമുള്ളപ്പോൾ 2010 നവംബറിൽ ബൾഗേറിയൻ പ്രധാനമന്ത്രിയായിരുന്ന ബൊയ്കോ ബൊറിസോവാണ് പുട്ടിന് സമ്മാനിച്ചത്. രാജ്യത്തിനുള്ളിൽ നടത്തിയ മത്സരത്തിൽ ഒരു അഞ്ച് വയസുകാരൻ നിർദ്ദേശിച്ച പേരാണ് ബഫി എന്നത്.

2011ലെ ഭൂചലനത്തിലും സുനാമിയിലും മാനുഷിക സഹായങ്ങൾ നൽകിയതിന് 2012 ജൂലായിൽ ജപ്പാൻ സർക്കാർ പുട്ടിന് സമ്മാനമായി അയച്ചുകൊടുത്ത അകിറ്റ ഇനത്തിലെ നായ ആണ് യൂമെ. പുട്ടിന്റെ കൈയ്യിലെത്തുമ്പോൾ യൂമെയ്ക്ക് മൂന്ന് മാസമായിരുന്നു. ' സ്വപ്നം " എന്നാണ് ജാപ്പനീസിൽ യൂമെയുടെ അർത്ഥം.

പുട്ടിന്റെ നായകളിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായതാണ് വെർനി. 2017 ഒക്ടോബറിൽ തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് ഗർബാൻഗുലി ബെർഡിമുഹമെഡോവ് ആണ് പുട്ടിന് ഈ നായയെ പിറന്നാൾ സമ്മാനമായി നൽകിയത്. ഗർബാൻഗുലി സെൻട്രൽ ഏഷ്യ ഷെപ്പേർഡ് ഇനത്തിലെ ഈ നായക്കുഞ്ഞിനെ കഴുത്തിന് തൂക്കിയെടുത്തപ്പോൾ പുട്ടിൻ ഓടിച്ചെന്ന് കൈക്കുഞ്ഞുങ്ങളെ പോലെ എടുത്ത് തലോടുന്ന വീഡിയോ ആണ് വൈറലായത്. റഷ്യൻ ഭാഷയിൽ 'ആത്മാർത്ഥയുള്ളത്' എന്നാണ് വെർനിയുടെ അർത്ഥം.

ഷാർപ്ലെനിനാക് ഇനത്തിലെ പാഷയെ 2019 ജനുവരിൽ റഷ്യൻ സന്ദർശനത്തിനെത്തിയ സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുഷിച് ആണ് പുട്ടിന് സമ്മാനിച്ചത്.

Advertisement
Advertisement