പൊലീസ് മാമൻമാർക്കൊപ്പം ജന്മദിനം ആഘോഷിച്ച് അനികേത്

Sunday 09 October 2022 3:57 AM IST

തിരുവനന്തപുരം: അഞ്ച് വയസുകാരൻ അനികേതിന്റെ ഇത്തവണത്തെ ജന്മദിനം സ്പെഷ്യലായിരുന്നു.പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് ഒപ്പമായിരുന്നു ഇത്തവണത്തെ ജന്മദിനാഘോഷം. പേട്ട രാജീവത്തിൽ ജയ് കൃഷ്ണന്റെയും രോഹിണിയുടെയും ഇളയമകനായ അനികേത് പേട്ട ചെമ്പക കിന്റർ ഗാർഡനിലാണ് പഠിക്കുന്നത്. എന്നും സ്കൂളിൽ പോകുന്ന വഴി പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് സ്ഥിരമായി അനികേത് ടാറ്റ നൽകുമായിരുന്നു.

മാതാവ് രോഹിണിയുടെ സ്കൂട്ടറിന് മുന്നിൽ നിന്ന് അനികേത്, പേട്ട പൊലീസ് സ്റ്റേഷന് മുന്നിലെത്തുമ്പോൾ പൊലീസുകാർക്ക് ടാറ്റ നൽകും. പൊലീസുകാർ തിരിച്ചും ടാറ്റ നൽകും.

ഒക്ടോബർ നാലിനായിരുന്ന അനികേതിന്റെ ജന്മദിനം. കിന്റർ ഗാർഡനിലെ കൂട്ടുകാരുടെ ജന്മദിനങ്ങളിൽ അവർ മിഠായികളും മറ്റും കൊണ്ട് വന്ന് സ്കൂളിൽ വിതരണം ചെയ്യുമായിരുന്നു. തന്റെ ജന്മദിനത്തിനും മിഠായി വാങ്ങി കൂട്ടുകാരുമൊത്ത് ആഘോഷിക്കാൻ സ്വപ്നം കണ്ട് ഇരിക്കുകയായിരുന്നു അനികേത്. എന്നാൽ നാലിന് മഹാനവമി പ്രമാണിച്ച് അവധിയായിരുന്നു. അതോടെ അനികേതിന്റെ മുഖംവാടി.

മാതാപിതാക്കളാണ് അനികേതിന്റെ വിഷമം മാറ്റാൻ പേട്ട പൊലീസ് സ്റ്റേഷനിലെത്തി മിഠായി വിതരണം ചെയ്യാമെന്ന് പറഞ്ഞത്. മാതാപിതാക്കളോടൊപ്പം സ്റ്റേഷനിലെത്തിയ അനികേത് തന്റെ ജന്മദിനമാണെന്നും മിഠായി നൽകാൻ വന്നതാണെന്നും അറിയിച്ചു. ഉടനെ പൊലീസുകാരൻ, എസ്.എച്ച്.ഒ റിയാസ് രാജയോട് കാര്യം പറഞ്ഞു. എസ്.എച്ച്.ഒ എത്തി കാര്യം തിരക്കിയപ്പോൾ ടാറ്റ നൽകുന്ന കാര്യം ഉൾപ്പെടെ മാതാപിതാക്കൾ പറഞ്ഞു.

അത് കേട്ടതും എസ്.എച്ച്.ഒ അനികേതിനെ കൈയിലെടുത്ത് അഭിനന്ദിച്ചു. തുടർന്ന് പൊലീസുകാരെല്ലാം ചേർന്ന് ഒരു പെട്ടി മിഠായി അനികേതിന് സമ്മാനമായി നൽകി. ഇനിയും ടാറ്റ കാണിക്കുമെന്ന് പൊലീസുകാരോട് പറഞ്ഞാണ് അഞ്ച് വയസുകാരൻ മടങ്ങിയത്.

Advertisement
Advertisement