ജീവിതം ഇരുളിലാക്കും ഡാർക്ക് ചോക്ലേറ്റ് ലഹരി

Sunday 09 October 2022 12:00 AM IST

ഇടയ്ക്കിടെയുണ്ടാവുന്ന മാനസിക സംഘർഷം മാറിക്കിട്ടുമെന്ന് പറഞ്ഞാണ്, കണ്ണൂരിലുള്ള സ്കൂളിലെ ഒമ്പതാം ക്ലാസുകാരിക്ക് അതേസ്കൂളിലെ പ്ലസ് വണ്ണുകാരൻ ഡാർക്ക് ചോക്ലേറ്റ് നൽകിയത്. ആദ്യം കഴിച്ചപ്പോൾ തന്നെ ആശ്വാസം തോന്നി. പിറ്റേന്ന് അതേ സമയമായപ്പോൾ ചോക്ലേറ്റിനായി അവൾ പ്ലസ് വണ്ണുകാരനെ തേടിയെത്തി. മെല്ലെമെല്ലെ ചോക്ലേറ്റിനുള്ളിലെ ലഹരിക്ക് അടിമയായ ആ പതിന്നാലുകാരി ക്രൂരമായ പീഡനത്തിനിരയായി. ലഹരിമരുന്ന് നൽകി പലേടത്തും കൊണ്ടുപോയി പീഡിപ്പിച്ചു, നഗ്നവീഡിയോ പകർത്തി ലഹരിമാഫിയ അവളെ വലയിലാക്കി. സഹപാഠികൾക്കും സമൂഹമാദ്ധ്യമങ്ങളിലൂടെ മറ്റ് സ്കൂളുകളിലെ കുട്ടികൾക്കും ലഹരിമരുന്ന് വിൽക്കേണ്ട ചുമതലയായി പിന്നീടവൾക്ക്. പലവട്ടം ആത്മഹത്യയ്ക്കൊരുങ്ങിയ കുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞതും സഹപാഠിയായ പതിനാറുകാരൻ അറസ്റ്റിലായതും.

മിടുമിടുക്കനായി

അവൻ തിരിച്ചുവരട്ടെ

ഭരണ, പ്രതിപക്ഷങ്ങൾ ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്പരം പോരടിക്കുന്ന നിയമസഭ, സൂചിവീണാൽ കേൾക്കുന്ന നിശബ്ദതയോടെയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ വാക്കുകൾ കേട്ടത്. ''എന്റെ മടിയിൽ വളർന്ന കുട്ടിയായിരുന്നു അവൻ; രണ്ടാംതവണ ലഹരിവിമോചനകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റവുമടുത്ത സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ ബഹുമിടുക്കൻ. പ്രമുഖ എൻജിനിയറിംഗ് കോളജിൽ പഠനം പൂർത്തിയാക്കി. ഇന്ന് ലഹരിക്കടിമയാണ്. രണ്ടാംതവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാ‍ർത്ഥനയിലുമാണ്.’–സതീശന്റെ വാക്കുകളിൽ കാമ്പസുകളിൽ പിടിമുറുക്കിയ ലഹരിമാഫിയയുടെ ക്രൂരതകളെല്ലാമുണ്ടായിരുന്നു.

ഹോസ്റ്റലുകളിൽ ലഹരിപാർട്ടി നടത്തിയും ലഹരിയുപയോഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചും കൂസലില്ലാതെ വിലസുകയാണ് ആൺ-പെൺ വ്യത്യാസമില്ലാതെ യുവതലമുറ. സൗജന്യമായി ലഹരി നൽകി അടിമകളാക്കിയ വിദ്യാർത്ഥികൾ കോളേജിലേക്കുള്ള കാരിയർമാരും സഹപാഠികൾക്ക് ലഹരി വിൽക്കുന്നവരുമാണ്. ലഹരിയുടെ ഉന്മാദത്തിൽ കുട്ടികൾ ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുന്നു. അവരെ കുറ്റകൃത്യങ്ങൾക്കുപയോഗിക്കുന്നതും പതിവായിട്ടുണ്ട്. കലാലയങ്ങൾക്ക് ചുറ്റും ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല തീർത്തും പ്രതീകാത്മകമായി ലഹരി ഉത്പ്പന്നങ്ങൾ കുഴിച്ചുമൂടിയും അറുത്തുമാറ്റാവുന്നതല്ല ലഹരിമാഫിയയുടെ നീരാളിക്കൈകൾ. സ്ഥിരമായി ലഹരിക്കേസുകളിൽ പെടുന്നവരെ കരുതൽ തടങ്കലിലാക്കുന്നതടക്കം അതിശക്ത നടപടികളാണ് ആവശ്യം.

നൂറു ദിവസത്തെ

ചികിത്സയും ഫലിച്ചില്ല

മയക്കുമരുന്നിന് അടിമകളായി ഒന്നരവർഷത്തിനിടെ ലഹരിവിമുക്തികേന്ദ്രങ്ങളിൽ ചികിത്സതേടിയത് 3933 വിദ്യാർത്ഥികളാണ്. പകുതിയിലേറെയും പ്രായപൂർത്തിയാകാത്തവർ. പത്തിരട്ടിപ്പേർ രഹസ്യമായി ചികിത്സിച്ചിട്ടുണ്ടാവും. നൂറുദിവസം കിടത്തി ചികിത്സിച്ചിട്ടും 20 ശതമാനം കുട്ടികൾ ലഹരിയുടെ പിടിയിൽനിന്ന് മുക്തരായില്ല. ലഹരിമരുന്ന് ഉപയോഗിക്കുന്നതിൽ ചെറിയൊരു ശതമാനമേ വിമുക്തി കേന്ദ്രങ്ങളിലെത്തുന്നുള്ളൂ. ഇന്റർനെറ്റിൽ നിന്ന് പലതരം മയക്കുമരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നവരും ചികിത്സ തേടിയവരിലുണ്ടായിരുന്നു.

പ്ലസ് വൺ പ്രവേശന

ദിവസം സംഭവിച്ചത്

പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റിന്റെ അവസാന ദിവസം കൊച്ചിയിലെ സ്കൂളിൽനടന്ന സംഭവം എല്ലാ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്. അദ്ധ്യാപികയുടെ അനുഭവക്കുറിപ്പാണിത്:- ''അഡ്മിഷന്റെ തിരക്കിലിരിക്കുമ്പോൾ എക്സൈസ് ഓഫീസിൽനിന്ന് രണ്ട് ജീപ്പിൽ ഒമ്പത് കുട്ടികളുമായി ഉദ്യോഗസ്ഥരെത്തി. എല്ലാവരും പ്ലസ്ടു വിദ്യാർത്ഥികളാണ്. കടയിൽ നിന്ന് സ്റ്റഫ് വാങ്ങിയപ്പോൾ പിടിയിലായതാണ്. എക്സൈസിന് രഹസ്യവിവരം കിട്ടിയിരുന്നു. അവർ മഫ്തിയിൽ കാത്തുനിന്നു. കുട്ടികളെല്ലാം ലഹരിക്ക് അടമികളാണ്. എല്ലാവരുടെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി. ചില കുട്ടികൾ ഏഴാം ക്ലാസ് മുതൽ ലഹരി ഉപയോഗിക്കുന്നവരാണ്. മിക്കവരും വർഷങ്ങളായി ലഹരിക്ക് അടിമകൾ. ഏഴാം ക്ലാസ് മുതൽ ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥിയാണ് മൊത്തകച്ചവടക്കാരനായി മാറിയത്.

വൈകിട്ട് പ്രവേശന നടപടികൾ അവസാനിപ്പിച്ച് വീട്ടിലേക്ക് പോവാനൊരുങ്ങിയപ്പോൾ രണ്ട് പൊലീസ് വണ്ടികൾ സ്കൂളിലേക്ക് വന്നു. ഒരു പെൺകുട്ടിക്ക് ബസിൽ മോശമായ അനുഭവമുണ്ടായി. അതിലെ കുറ്റക്കാരെയും കൊണ്ടാണ് പൊലീസിന്റെ വരവ്. അവരെല്ലാം ലഹരിക്കടിമകളാണ്. രക്ഷിതാക്കളെ വിളിച്ച് വിട്ടയച്ചു. കഴിഞ്ഞയാഴ്ച നാലുകിലോമീറ്റർ അപ്പുറത്തെ പൊലീസ് സ്റ്രേഷനിൽനിന്ന് സ്കൂളിലേക്ക് ഫോൺവിളിയെത്തി. സ്കൂളിലെ പ്ലസ്ടു പെൺകുട്ടിയെയും മുതിർന്ന നാല് ആൺകുട്ടികളെയും പ്രദേശത്തെ വീട്ടിൽനിന്ന് അനാശാസ്യത്തിന് പിടിച്ചെന്നായിരുന്നു വിവരം. പ്ലസ്ടു വിദ്യാർത്ഥിനിയുമായി പൊലീസ് സ്കൂളിലെത്തി. ലഹരി ഉപയോഗിക്കുന്ന 19 കൂട്ടുകാരികളുടെ പേരുകൾ ആ കുട്ടി വെളിപ്പെടുത്തി. അന്വേഷിച്ചപ്പോൾ എല്ലാവരും ലഹരിക്ക് അടിമകളായവർക്കൊപ്പം കറങ്ങാൻ പോവുന്നതായി കണ്ടെത്തി. അവരും ലഹരിമരുന്ന് ഉപയോഗിക്കുന്നു .''

കുഞ്ഞുങ്ങളെ പിടിക്കുന്ന

ഭൂതത്തിന്റെ കഥ

നമ്മുടെയൊക്കെ കുട്ടിക്കാലത്ത്, നാട്ടുവഴികളിലൂടെ കുഞ്ഞുങ്ങളെ പിടിക്കാനെത്തുന്ന ഭൂതത്തിന്റെ കഥപറഞ്ഞ് അമ്മമാരും അമ്മൂമ്മമാരുമൊക്കെ മക്കളെ ഊട്ടുകയും ഉറക്കുകയും ചെയ്യുമായിരുന്നു. ഇന്ന് കഥകളില്ല, വീടുകളിൽ അമ്മൂമ്മമാരുമില്ല. പക്ഷേ ഭൂതങ്ങളുണ്ട്, അവർ സ്കൂളുകളിലും കോളേജുകളിലും കുട്ടികളെ ലഹരി വലയിലാക്കാൻ കാത്തുനിൽക്കുന്നു.

മലപ്പുറത്തെ സ്കൂളിലെ എട്ടാം ക്ലാസുകാരനെത്തേടി ലഹരിഭൂതമെത്തിയത് ഐസ്ക്രീമിന്റെ രൂപത്തിലായിരുന്നു. സ്കൂളിലെ ഫുട്ബാൾ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു അവൻ. കാലുകളിൽ ചക്രം ഘടിപ്പിച്ചതു പോലെ ഓടിയെത്തി ഗോളടിക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് സീനിയർ ചേട്ടനാണ് ആദ്യം ഐസ്ക്രീം നൽകിയത്. ഓട്ടത്തിന്റെ വേഗം കൂടിയപ്പോൾ അവന് ഐസ്ക്രീമില്ലാതെ കഴിയില്ലെന്നായി. കൂട്ടുകാരും ഐസ്ക്രീം ശീലമാക്കി. ഐസ്ക്രീമിൽ അലിഞ്ഞ് രക്തത്തിലെത്തിയ രാസലഹരി കിട്ടായതായതോടെ ഉന്മാദാവസ്ഥയിലായ പതിമ്മൂന്നുകാരൻ സർക്കാരിന്റെ ലഹരിവിമുക്ത കേന്ദ്രത്തിലാണിപ്പോൾ, നഖങ്ങൾ പിഴുതും മുടിയിഴകൾ പറിച്ചെടുത്തും സ്വയം മുറിവേൽപ്പിച്ചും ഭ്രാന്തനെപ്പോലെ....

(തുടരും )

''സർവനാശം,

ഒരു നിമിഷം പോലും

പാഴാക്കാനില്ല''

ലഹരിയുടെ പിടിയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കിൽ നമ്മുടെ വരുംതലമുറകളാകെ എന്നേക്കുമായി തകർന്നടിഞ്ഞുപോകും. കുഞ്ഞുങ്ങൾ നശിച്ചാൽ പിന്നെയെന്താ ബാക്കിയുള്ളത്? ഒന്നുമുണ്ടാവില്ല. ആ സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെട്ടാലേ പറ്റൂ. ഒരു സെക്കൻഡു പോലും പാഴാക്കാനില്ല. വാക്കുകൾ കൊണ്ടു പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല മയക്കുമരുന്നിന്റെ ഘോരവിപത്തുകൾ. അത് വ്യക്തിയെയും കുടുംബത്തെയും കുടുംബ- സാമൂഹ്യ ബന്ധങ്ങളെയും നാടിനെയും തകർക്കുന്നു. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. പ്രിയപ്പെട്ടവരെ കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോരകുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിന്റെ ഫലമായി സമൂഹത്തിൽ നടക്കുന്നത്. ബോധാവസ്ഥയിൽ ആരുംചെയ്യാത്ത അധമകൃത്യങ്ങൾ പോലുമുണ്ടാവുന്നു. സ്വബോധത്തിലേക്കു തിരിച്ചുവന്നാൽ പശ്ചാത്തപിക്കേണ്ട വിധത്തിലുള്ള കാര്യങ്ങൾ മയക്കുമരുന്നിന്റെ ലഹരിയിൽ ചിലർ നടത്തുന്നു. അമ്മമാരുടെ കണ്ണീരുണക്കാനും കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയാകെയും രക്ഷിക്കാനും ലഹരിക്കണ്ണികൾ പൊട്ടിച്ചേ പറ്റൂ.''

-പിണറായി വിജയൻ

മുഖ്യമന്ത്രി

Advertisement
Advertisement