നാസിക്കിൽ ബസിന് തീപിടിച്ച് 12 പേർക്ക് ദാരുണാന്ത്യം  30 പേർക്ക് ഗുരുതര പരിക്ക്

Sunday 09 October 2022 12:45 AM IST

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസും ട്രെയിലർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 30 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം മരിച്ചവരെല്ലാം ബസ് യാത്രക്കാരാണ്. എന്നാൽ ഇവരെ ഇനിയും തിരച്ചറിഞ്ഞിട്ടില്ല.

ഇന്നലെ പുലർച്ചെ 5.15ന് നാസിക് - ഔറംഗബാദ് ഹൈവേയിലായിരുന്നു അപകടം. ഡീസലുമായി പോയ ട്രെയിലർ ട്രക്കിൽ സ്ലീപ്പർ കോച്ച് ബസ് ഇടിക്കുകയായിരുന്നു. ഈ സമയം യാത്രക്കാർ എല്ലാം ഉറക്കത്തിലായിരുന്നതിനാൽ ബസ് പൂർണമായും കത്തിയമർന്ന ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടി. പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായിരുന്നതിനാൽ രക്ഷാ പ്രവർത്തനവും വൈകി.

ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് നാസിക് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അമോൽ താംബെ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. വിവരമറിഞ്ഞ് അഗ്നിശമന സേന എത്തിയപ്പോഴേക്കും ബസിനെ പൂർണമായും അഗ്നി വിഴുങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്രവർക്ക് 50,000 രൂപയും നൽകുമെന്ന് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കുമെന്ന് മന്ത്രി ദാദാ ഭൂസെ പറഞ്ഞു.

Advertisement
Advertisement