മുംബയ് - നാഗ്പൂർ എക്‌സ്‌പ്രസ് വേയിൽ പുതിയ വേഗ പരിധി

Sunday 09 October 2022 1:02 AM IST

മുംബയ്: നിർമ്മാണത്തിലിരിക്കുന്ന മുംബയ്-നാഗ്പൂർ സമൃദ്ധി മഹാമാ‌ർഗ് ഹൈവേയുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററായി നിശ്ചയിച്ച് മഹാരാഷ്ട്ര ഹൈവേ പൊലീസ്. ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ക്വാഡ്രി സൈക്കിളുകൾ എന്നിവ ഹൈവേയിൽ അനുവദിക്കില്ല. ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് സഞ്ചരിക്കാവുന്ന എം1 വിഭാഗത്തിലുള്ള പാസഞ്ചർ വാഹനങ്ങൾക്ക് പ്ലെയിൻ സെക്ഷനിൽ പരമാവധി 120 കി. മീറ്ററും ഘട്ട് ഭാഗങ്ങളിലും തുരങ്കങ്ങളിലും മണിക്കൂറിൽ പരമാവധി 100 കി.മീറ്ററുമാണ് അനുവദനീയമായ വേഗത.

മുംബയ്ക്കും നാഗ്പൂരിനുമിടയിലുള്ള 701 കി.മീറ്റ‌ർ നീളമുള്ള എക്‌സ്‌പ്രസ് വേ 150 കി.മീറ്റർ വേഗതയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. നാഗ്പൂരിനും ഷിർദിക്കും ഇടയിലുള്ള ആദ്യഘട്ടം ഗതാഗതത്തിനായി ഉടൻ തുറക്കുമെന്നാണ് പ്രതീക്ഷ. ഒമ്പതിൽ കൂടുതൽ ആളുകളെ കയറ്റാവുന്ന പാസഞ്ചർ വാഹനങ്ങൾക്ക് 100 കി.മീറ്ററും ഘട്ട് സെക്ഷനിലും തുരങ്കങ്ങളിലും 80 കി.മീറ്ററുമാണ് പരമാവധി വേഗ പരിധി. എൻ വിഭാഗത്തിലുള്ള ചരക്കു വാഹനങ്ങളുടെ വേഗ പരിധി 80 കി.മീറ്ററാണ്. മഹാരാഷ്ട്ര ഹൈവേ പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ കുൽവന്ത് കുമാർ സാരംഗൽ വിജ്ഞാപനത്തിൽ ഒപ്പു വച്ചു.

Advertisement
Advertisement