ക്രൈമിയയിലെ ഭീമൻ പാലത്തിൽ സ്ഫോടനം;റഷ്യയ്‌ക്ക് തിരിച്ചടി

Sunday 09 October 2022 5:25 AM IST

കീവ്: ക്രൈമിയൻ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന ഭീമൻ റെയിൽ - റോഡ് കടൽപ്പാലമായ കെർച് പാലത്തിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്നലെ പ്രാദേശിക സമയം രാവിലെ 06.07നായിരുന്നു സ്‌ഫോടനം. 2014ൽ റഷ്യ യുക്രെയിനിൽ നിന്ന് പിടിച്ചെടുത്തതാണ് ക്രൈമിയയെ. ക്രൈമിയയേയും റഷ്യയേയും ബന്ധിപ്പിക്കുന്ന ഏക പാലമാണിത്.

പാലത്തിലൂടെ കടന്നുപോയ ഒരു ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം റോഡിന് സമാന്തരമായുള്ള റെയിൽ പാതയിലുണ്ടായിരുന്ന ചരക്ക് ട്രെയിനിലേക്കും തീപടർന്നു. ട്രെയിനിന്റെ ഏഴ് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചു. സംഭവത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

റഷ്യയിലെ ക്രാസ്നോഡർ മേഖലയിൽ നിന്നുള്ള ഒരാൾ ഓടിച്ചിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. പാലത്തിൽ ട്രെയിനിനും മോട്ടോർ വാഹനങ്ങൾക്കും കടന്നുപോകാൻ വെവ്വേറെ ഭാഗങ്ങളുണ്ട്.

ഇതിൽ മോട്ടോർവാഹനങ്ങൾ കടന്നു പോകുന്ന രണ്ട് ഭാഗങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ട്. ഇത് കടലിലേക്ക് പതിച്ചു. സ്ഫോടനത്തിന് പിന്നാലെ പാലത്തിലെ എല്ലാ ഗതാഗതവും നിറുത്തിവച്ചെങ്കിലും ഒരു ഭാഗത്ത് കൂടി ചെറിയ വാഹനങ്ങൾക്കായി ഇന്നലെ വൈകി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചെന്ന് റഷ്യ അറിയിച്ചു. വലിയ വാഹനങ്ങൾക്കായി കടലിലൂടെ ഫെറി സർവീസ് ആരംഭിച്ചു. ട്രെയിൻ ഗതാഗതം ഉടൻ ആരംഭിക്കും.

ഇതൊരു തുടക്കം മാത്രമാണെന്നും റഷ്യ അനധികൃതമായി സ്ഥാപിച്ച പലതും ഇതുപോലെ നശിക്കുമെന്നും തങ്ങളിൽ നിന്ന് കവർന്നതെല്ലാം തിരിച്ചുപിടിക്കുമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചു.

അതേസമയം, സ്‌ഫോടനം റഷ്യയ്ക്കേറ്റ കനത്ത തിരിച്ചടിയായാണ് കണക്കാക്കുന്നത്. 2018ൽ പുട്ടിന്റെ നിർദ്ദേശ പ്രകാരം നിർമ്മിച്ച 19 കിലോമീറ്റർ നീളമുള്ള പാലം അതീവ സുരക്ഷിതമാണെന്നായിരുന്നു അവകാശ വാദം.

ക്രൈമിയയിൽ നിന്ന് തെക്കൻ യുക്രെയിനിൽ പോരാട്ടം തുടരുന്ന മേഖലകളിലേക്ക് റഷ്യൻ സൈന്യത്തിന് ആയുധങ്ങളും മറ്റും എത്തിച്ചിരുന്നതും ഈ പാലത്തിലൂടെയാണ്.

Advertisement
Advertisement