യുക്രെയിൻ അധിനിവേശം നയിക്കാൻ റഷ്യയ്ക്ക് പുതിയ സൈനിക മേധാവി

Sunday 09 October 2022 5:27 AM IST

മോസ്കോ : യുക്രെയിനിൽ അടിക്കടി തിരിച്ചടികൾ നേരിടുന്ന പശ്ചാത്തലത്തിൽ അധിനിവേശത്തിന് മേൽനോട്ടം വഹിക്കാൻ പുതിയ സൈനിക ജനറലിനെ നിയമിച്ച് റഷ്യ. ജനറൽ സെർജി സറോവികിനെ അധിനിവേശ മേഖലയിലെ സംയുക്ത സൈനിക കമാൻഡറായി നിയമിച്ചെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൈബീരിയയിലെ നൊവൊസിബിർസ്ക് സ്വദേശിയാണ് 55കാരനായ സെർജി. 1990കൾ മുതൽ സൈന്യത്തിൽ സജീവമായ സെർജി നേരത്തെ താജിക്കിസ്ഥാൻ, ചെച്നിയ, സിറിയ തുടങ്ങിയ ഇടങ്ങളിലെ സംഘർഷങ്ങളിലും റഷ്യൻ സൈന്യത്തെ നയിച്ചു. ഇതുവരെ തെക്കൻ യുക്രെയിനിലെ സൈന്യത്തിന്റെ മേൽനോട്ട ചുമതലയായിരുന്നു സെർജിയ്ക്ക്.

കഴിഞ്ഞ ഏപ്രിലിൽ യുക്രെയിൻ അധിനിവേശത്തിന്റെ മേൽനോട്ട ചുമതല റഷ്യൻ സതേൺ മിലിട്ടറി ഡിസ്ട്രിക്റ്റ് കമാൻഡർ ആയ അലക്സാണ്ടർ വൊർനിക്കോവിന് പുട്ടിൻ കൈമാറിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ റഷ്യ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. സെർജിയുടെ നിയമന വാർത്ത പുറത്തുവിടുമ്പോഴും വൊർനിക്കോവിനെ പറ്റി പരാമർശിച്ചിട്ടില്ല.

Advertisement
Advertisement