ഹിന്ദുത്വത്തെ അപമാനിച്ചു, മതപരിവർത്തന ചടങ്ങിൽ പങ്കെടുത്ത ഡൽഹി സാമൂഹിക ക്ഷേമ മന്ത്രി രാജി വെച്ചു

Sunday 09 October 2022 7:16 PM IST

ന്യൂഡൽഹി:വിവാദ വീഡിയോയുടെ പേരിൽ ബി ജെ പി പ്രതിഷേധത്തിനൊടുവിൽ ഡൽഹി മന്ത്രിസഭാംഗം രാജി വെച്ചു. അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാരിലെ സാമൂഹിക ക്ഷേമമന്ത്രിയായ രാജേന്ദ്ര പാൽ ഗൗതമാണ് രാജി വെച്ചത്. മതപരിവർത്തന ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ ദൃശ്യം പ്രചരിച്ചത് വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി പ്രഖ്യാപനം. വിജയദശമി ദിനത്തിൽ ധർമ്മചക്ര പരിവർത്തൻ ചടങ്ങിന്റെ ഭാഗമായി നടന്ന ബുദ്ധമത പരിവർത്തന ചടങ്ങിൽ രാജേന്ദ്ര പാൽ ഗൗതം, ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ല എന്നും ഹിന്ദു ആചാരങ്ങൾ പിന്തുടരില്ല എന്നും പ്രതിജ്ഞ ഏറ്റുചൊല്ലുന്ന വീഡിയോ ബി ജെ പി വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു.

1956-ൽ ഡോ ബി ആർ അംബേദ്കർ തന്റെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചതിന്റെ സ്മരണാർത്ഥം നടന്ന ചടങ്ങിൽ അന്ന് അംബേദ്കർ ചൊല്ലിയ 22 പ്രതിജ്ഞകളായിരുന്നു ആം ആദ്മി മന്ത്രി പ്രതിജ്ഞയായി ചൊല്ലിയത്. ഇതിൽ "ഞാൻ ബ്രഹ്മാവിൽ വിശ്വസിക്കില്ല, വിഷ്ണു, മഹേശ്വരന്മാരിലും വിശ്വസിക്കില്ല, അവരെ ആരാധിക്കുകയുമില്ല" എന്ന ഭാഗം ഹിന്ദുക്കളുടെയും ബുദ്ധമതവിശ്വാസികളെയും ഒരു പോലെ അപമാനിക്കുന്നു എന്നായിരുന്നു ബി ജെ പിയുടെ ആരോപണം. മതവികാരം വ്രണപ്പെടുത്തി കലാപാഹ്വാനം നടത്തിയ രാജേന്ദ്ര പാൽ ഗൗതത്തിനെ ആം ആദ്മിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ബി ജെ പി എം പിയായ മനോജ് തിവാരി രംഗത്തെത്തിയിരുന്നു. ഹിന്ദുവായ കേജരിവാളിന്റെയും ഹിന്ദുക്കൾക്കെതിരെ വിഷം ചീറ്റുന്ന മന്ത്രിസഭയുടെയും ഹിന്ദു വിരുദ്ധ മുഖം പുറത്തുവന്നെന്നും. ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും മനോജ് തിവാരി വിഷയത്തിൽ രൂക്ഷമായി ട്വീറ്റിലൂടെ പ്രതികരിച്ചിരുന്നു.

ബി ജെ പി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഏതെങ്കിലും മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും വിഷയത്തിൽ പ്രതികരിച്ച രാജേന്ദ്ര പാൽ ഗൗതം പറഞ്ഞിരുന്നു. എന്നാൽ മതപരിവർത്തന ചടങ്ങിലെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിച്ചതും ബി ജെ പിയുടെ നേതൃത്വത്തിലുള്ള പ്രത്യാരോപണങ്ങളും സർക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയത് മന്ത്രിയുടെ രാജിയിലേയ്ക്ക് നയിക്കുകയായിരുന്നു

Advertisement
Advertisement