'പോഷക'ത്തിൽ കു‌ട‌ുങ്ങി അങ്കണവാടി ജീവനക്കാർ

Monday 10 October 2022 12:57 AM IST

കയ്യിൽ നിന്നിടുന്ന കാശ് കിട്ടാൻ കാത്തിരിക്കണം

ആലപ്പുഴ: അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന 'പോഷകബാല്യം' പദ്ധതിയിലൂടെ കീശ ചോരുന്നത് ജീവനക്കാർക്ക്. വർക്കറും ഹെൽപ്പറും കയ്യിൽ നിന്നിടുന്ന കാശ് ബില്ല് മാറി തിരികെക്കിട്ടാൻ മാസങ്ങൾ വേണ്ടിവരും. എന്നിട്ടും ജില്ലയിൽ 60 ശതമാനം അങ്കണവാടികളിലാണ് പാലും മുട്ടയും കൃത്യമായി ലഭിക്കുന്നത്.

12,000 രൂപ ഓണറേറിയമുള്ള വർക്കർക്ക് ക്ഷേമനിധി പിടിച്ച ശേഷം 11,500 രൂപയും ഹെൽപ്പർക്ക് 9,000 രൂപയിലെ പിടിത്ത ശേഷം 8,750 രൂപയുമാണ് ലഭിക്കുന്നത്. ഓരോ മാസവും കുട്ടികൾക്ക് വിഭവങ്ങൾ തയ്യാറാക്കി കൊടുക്കാനുള്ള ചെലവ് വർക്കറും ഹെൽപ്പറും മുടക്കണം. പക്ഷേ, മാസങ്ങളുടെ ഇടവേളയിലാണ് ബില്ല് പാസായി വരുന്നത്. പാല് റീട്ടെയിൽ കടകളിൽ നിന്ന് വാങ്ങുമ്പോൾ, ജി.എസ്.ടി ബില്ല് ലഭിച്ചില്ലെങ്കിൽ ആ പണം കൈയിൽ നിന്ന് നഷ്ടമാകും. ഗ്രാമപ്രദേശങ്ങളിൽ വീടുകളിൽ നിന്ന് പാല് ലഭ്യമാണെങ്കിലും ജി.എസ്.ടി ബില്ല് നിർബന്ധമായതിന്റെ പേരിൽ പാക്കറ്റ് പാലിന് പിന്നാലെ പായുകയാണ് ജീവനക്കാർ. ഓണറേറിയമായി ലഭിക്കുന്ന തുകയിൽ നിന്ന് പോഷകബാല്യം പദ്ധതിയുടെ നടത്തിപ്പിന് കൂടി പണം മാറ്റിവയ്ക്കേണ്ടി വരുമ്പോൾ, സാമ്പത്തിക നില താളം തെറ്റുകയാണെന്ന് ജീവനക്കാർ പറയുന്നു.

ജോലി നഷ്ടമാകാതിരിക്കാൻ, പല അങ്കണവാടികളുടെയും വാടകയിനത്തിൽ ഐ.സി.ഡി.എസ് വിഹിതത്തിന് പുറമേയുള്ള തുക വർക്കറും ഹെൽപ്പറും വീതിച്ച് നൽകുകയാണ്. ഗ്യാസ് സിലിണ്ടർ എത്തിക്കുന്നതിന്റെ സർവീസ് ചാർജിന് ബില്ല് ഇല്ലാത്തതിനാൽ ഇതും ജീവനക്കാർ കൈയിൽ നിന്ന് മുടക്കുകയാണ്. അടുത്തിടെ ആലപ്പുഴയിൽ ആരംഭിച്ച ഒരു അങ്കണവാടിയുടെ കെട്ടിട വാടക അഡ്വാൻസായ ഒരു ലക്ഷം രൂപ ജീവനക്കാർ രണ്ടുപേർ വായ്പയെടുത്ത് നൽകിയത്. ഇതിന് പുറമേ വൈദ്യുതി ചാർജ്ജ്, വെള്ളക്കരം തുടങ്ങി ഓണറേറിയത്തിൽ നിന്ന് അടയ്ക്കേണ്ടി വരുമ്പോൾ മിച്ചമൊന്നുമില്ലെന്നാണ് ജീവനക്കാരുടെ പക്ഷം.

# ജോലിയാണ് മുഖ്യം

കേന്ദ്രവിഹിതം, സംസ്ഥാന വിഹിതം, തദ്ദേശ സ്ഥാപന വിഹിതം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ജീവനക്കാർക്ക് ഓണറേറിയം ലഭിക്കുന്നത്. ഇതിൽ നിന്ന് മുൻകൂറായി പണമടച്ച് വൗച്ചർ ഹാജരാക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. കെട്ടിട വാടക സർക്കാർ നിശ്ചയിച്ചതിനും മുകളിലാണെങ്കിൽ, ജോലി സുരക്ഷയ്ക്കു വേണ്ടി ബാക്കി സ്വയം അടയ്ക്കുന്ന ജീവനക്കാരുമുണ്ട്.


സർക്കാർ വഹിക്കേണ്ട ചെലവുകൾ പോലും, തുച്ഛമായ ഓണറേറിയം മാത്രം കൈപ്പറ്റി സാമ്പത്തിക ക്ലേശങ്ങളിലൂടെ കടന്നു പോകുന്ന അങ്കണവാടി ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. അങ്കണവാടിയുമായി ബന്ധപ്പെട്ട ചെലവിനുള്ള തുക മുൻകൂറായി നൽകാൻ സർക്കാർ തയ്യാറാവണം

സി.കെ.വിജയകുമാർ, ജില്ല പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ

Advertisement
Advertisement