ശംഖുംമുഖം തീരം ഇരുട്ടിൽ,​ വല‍ഞ്ഞ് സഞ്ചാരികൾ

Monday 10 October 2022 3:28 AM IST

തിരുവനന്തപുരം: സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്ന ശംഖുംമുഖം തീരത്ത് രാത്രിയിൽ തെരുവ് വിളക്കുകളില്ലാത്തത് പ്രതിസന്ധിയാകുന്നു. ഓണക്കാലം കഴിഞ്ഞിട്ടും ശംഖുംമുഖം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ ഒഴുക്കാണ്. അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ശംഖുംമുഖം ബീച്ചിലും അതിനോട് ചേർന്നുള്ള പാർക്കിലും ആയിരക്കണക്കിന് പേരാണ് ദിവസേന എത്തിച്ചേരുന്നത്.

എന്നാൽ ബീച്ച് പരിസരവും പാർക്കിനകത്തെ കാനായി കുഞ്ഞിരാമൻ പണിത മത്സ്യകന്യക ശില്പത്തോട് ചേർന്നുള്ള പുൽമേടും ഇരുട്ടുമൂടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. നിരവധി പരാതികൾ നൽകിയെങ്കിലും അധികാരികൾ ഇതുവരെ അനുകൂല നടപടിയെടുത്തില്ല. പാർക്കിനകത്ത് ഏകദേശം മുപ്പതിലേറെ ലൈറ്റുകളുള്ളതിൽ പലതും പ്രവർത്തനരഹിതമാണ്. വർഷങ്ങൾക്ക് മുമ്പ് കടൽ ക്ഷോഭത്തിൽ നശിച്ച ലൈറ്റുകൾപോലും ഇതുവരെ പുനഃസ്ഥാപിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഓണോഘോഷത്തിന്റെ ഭാഗമായി ഷെഡ്ഡ് കെട്ടാൻ എന്ന പേരിൽ ഇളക്കിമാറ്റിയ ലൈറ്റുകളും പാർക്കിനകത്ത് നോക്കുക്കുത്തിയായി.

ടൂറിസം വികസനത്തിന് തിരിച്ചടി

ശംഖുംമുഖത്ത് വൈകിട്ട് നടക്കാനിറങ്ങുന്നവർക്കും കുടുംബസമേതം സന്ധ്യക്ക് സൂര്യാസ്‌തമയം കാണാനെത്തുന്നവർക്കും ശംഖുംമുഖം ദേവീ ക്ഷേത്രത്തിലെത്തുന്നവർക്കും ലൈറ്റില്ലാത്തത് വലിയ ബുദ്ധിമുട്ടാണ്. മത്സ്യകന്യക ശില്പത്തിന് മുന്നിൽ പുൽത്തക്കിടിയിൽ വിശ്രമിക്കാനിരിക്കുന്നവർക്ക് പരസ്‌പരം കാണാനാകാത്ത അവസ്ഥയാണ്. പലരും സ്വന്തം ഫോണിലെ ഫ്ളാഷ് ലൈറ്റ് തെളിച്ചാണ് പാർക്കിലൂടെ നടക്കുന്നത്. രാത്രി സമയങ്ങളിൽ സാമൂഹ്യവിരുദ്ധർ മദ്യപിക്കുന്നതായും പരിസരത്ത് കട നടത്തുന്നവർ പരാതിപ്പെടുന്നു. അതേസമയം പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സോളാർ ഉൾപ്പടെയുള്ള ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ അറിയിച്ചു.


ലൈറ്റുകൾ കത്താത്തത് പലവട്ടം ഡി.ടി.പി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവരെ വേണ്ട നടപടികൾ കൈക്കൊണ്ടിട്ടില്ല. വിദേശികളും സ്വദേശികളും ഒരുപോലെ വന്നുപോകുന്ന സ്ഥലത്ത് ലൈറ്റുകൾ സ്ഥാപിക്കേണ്ടത് ടൂറിസം സാദ്ധ്യതകളെയും ശക്തിപ്പെടുത്താൻ സഹായിക്കും.

സെറാഫിൻ ഫ്രെഡി, ശംഖുംമുഖം

വാർഡ് കൗൺസില‌ർ

Advertisement
Advertisement