ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ ആരോപണം തള്ളി ബാർ കൗൺസിൽ

Monday 10 October 2022 2:10 AM IST

ന്യൂഡൽഹി: തന്റെ മകൻ അഭിഭാഷകനായ കേസിലെ കക്ഷിയെ സഹായിക്കാൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇടപെടൽ നടത്തിയെന്ന ആരോപണം തള്ളി ബാർ കൗൺസിൽ ഒഫ് ഇന്ത്യ രംഗത്തെത്തി. അഭിഭാഷകനായ ആർ.കെ പഠാനാണ് ആരോപണം ഉന്നയിച്ചത്.

നീതിന്യായ വ്യവസ്ഥയിലും ജുഡിഷ്യറിയുടെ പ്രവർത്തനങ്ങളിലും ഇടപെടാനുള്ള ശ്രമമായി മാത്രമേ ആരോപണത്തെ കാണാനാകൂവെന്ന് ബാർ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ജഡ്ജിമാരുടെ പ്രതിച്ഛായ തകർക്കാനുള്ള വിഫലശ്രമമാണിത്. ജസ്റ്റിസ് ചന്ദ്രചൂഡിനെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കരുതിക്കൂട്ടിയുള്ള ഇത്തരം ആരോപണങ്ങൾ വരുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡിൽ രാജ്യത്തിനും ഇന്ത്യയിലെ അഭിഭാഷകർക്കും പൂർണ്ണ വിശ്വാസമുണ്ടെന്നും ബാർ കൗൺസിൽ വ്യക്തമാക്കി.

പിൻഗാമിയുടെ പേര് നിർദ്ദേശിക്കാൻ ചീഫ് ജസ്റ്റിസ് യു.യു ലളിതിനോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ലളിത് ശുപാർശ ചെയ്താൽ രാജ്യത്തിന്റെ 50-ാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം 9ന് ചുമതലയേൽക്കും.

Advertisement
Advertisement