2022ലെ സാമ്പത്തിക നോബൽ പുരസ്‌കാരം മൂന്നുപേർക്ക്, നേട്ടം ബാങ്കുകളെപ്പറ്റിയും സാമ്പത്തിക  പ്രതിസന്ധിയെപ്പറ്റിയും  പഠനം നടത്തിയതിലൂടെ

Monday 10 October 2022 3:55 PM IST

ഓസ്‌ലോ: 2022ലെ സാമ്പത്തിക നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെൻ എസ് ബെർനാങ്കേ, ഡഗ്‌ളസ് ഡബ്ള്യൂ ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിബ്‌വിഗ് എന്നിവരാണ് ഈ വർഷത്തെ സാമ്പത്തിക നോബൽ പുരസ്‌കാരങ്ങൾക്ക് അർഹരായത്. ബാങ്കുകളെപ്പറ്റിയും സാമ്പത്തിക പ്രതിസന്ധികളെപ്പറ്റിയും നടത്തിയ പഠനമാണ് പുരസ്‌കാര നേട്ടത്തിൽ എത്തിച്ചത്.

സമ്പദ്‌വ്യവസ്ഥയിൽ ബാങ്കുകളുടെ പ്രാധാന്യമെന്താണെന്നത് മൂന്ന് പുരസ്കാര ജേതാക്കളും തങ്ങളുടെ പഠനത്തിലൂടെ വ്യക്തമാക്കിയെന്ന് നോബൽ കമ്മിറ്റി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികളിൽ ബാങ്ക് തകർച്ച ഒഴിവാക്കേണ്ടത് എന്തുകൊണ്ട് പ്രധാനമാണ് എന്നതും പഠനത്തിലൂടെ തെളിയിച്ചെന്നും കമ്മിറ്റി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ മൂവരുടെയും പഠനങ്ങൾ സഹായിക്കുമെന്നും കമ്മിറ്റി വിലയിരുത്തി.

രണ്ട് വർഷത്തോളമായി ജയിൽശിക്ഷയനുഭവിക്കുന്ന ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയ‌റ്റ്‌സ്‌ക്കിയ്‌ക്കും റഷ്യയിലെയും .യുക്രെയിനിലെയും മനുഷ്യാവകാശ സംഘടനകൾക്കും സമാധാന നോബൽ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാമ്പത്തിക നോബൽ പുരസ്‌കാര ജേതാക്കളുടെ വിവരങ്ങൾ പുറത്തുവരുന്നത്. റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, യുക്രെയിനിലെ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർക്കാണ് സമാധാന നോബൽ ലഭിച്ചത്.