നരബലിയ്ക്കായി ലക്ഷ്യം വച്ചത് ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെ; മുഹമ്മദ് ഷാഫിയിലേയ്ക്ക് പൊലീസിനെ എത്തിച്ചത് അപ്രതീക്ഷിതമായി ലഭിച്ച മൊഴി

Tuesday 11 October 2022 3:42 PM IST

കൊച്ചി: കടവന്ത്രയിലെ ലോട്ടറി വിൽപ്പനക്കാരിയായിരുന്ന പത്മത്തെ കാണാതായ കേസിൽ നടന്ന അന്വേഷണത്തിലാണ് കൊച്ചി പൊലീസ് ഞെട്ടിക്കുന്ന കൊലപാതകത്തിലേയ്ക്കെത്തിയത്. പത്മത്തെ കാണാതായ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് നരബലിയടക്കമുള്ള ക്രൂരകൃത്യങ്ങൾ പുറത്തുവന്നത്. നരബലിയിൽ ഏജന്റായി പ്രവർത്തിച്ച ഷാഫിയെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത് കടവന്ത്രയിലെ ലോട്ടറിവിൽപ്പനക്കാരായ സ്ത്രീകൾ നൽകിയ നിർണായക മൊഴിയിലൂടെയാണ്. ഷാഫി ഈ സ്ത്രീകളെയും സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.

പത്മത്തെ കാണാനില്ലെന്ന് മകൻ നൽകിയ പരാതിൽ പോലീസ് നേരത്തേ കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തുന്ന മറ്റ് സ്ത്രീകളിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചു. അവസാനമായി തിരുവല്ലയിലാണ് പത്മത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് സംഭവത്തിന് പിന്നിൽ ഷാഫിയാണെന്ന് ലോട്ടറി തൊഴിലാളികൾക്ക് മനസിലായത്. തിരുവല്ലയിലേയ്ക്ക് പോകണമെന്ന് പറഞ്ഞ് ഷാഫിയെന്നയാൾ നാലുപെരെ സമീപിച്ചിരുന്നതായും ഇവർ പൊലീസിനെ അറിയിച്ചു.

കടവന്ത്രയിൽ കട നടത്തിയിരുന്ന ഷാഫിയെ ഇവർക്ക് അറിയാമായിരുന്നു. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയാണ് ഷാഫി ലക്ഷ്യം വച്ചിരുന്നത്. വീടും പറമ്പും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോസ്‌ലിയെന്ന സ്ത്രീയെ കൊണ്ടുപോയതെന്നും സ്ത്രീകള്‍ വ്യക്തമാക്കി. പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചെങ്കിലും ഒരു രാത്രി മുഴുവന്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് റോസ്‌ലിയുടെ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നതെന്ന് കൊച്ചി പൊലീസ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.