കണ്ണീർപ്പാടത്ത് കൃഷിയൊരുക്കം

Thursday 13 October 2022 12:00 AM IST

കാലം തെറ്റിപ്പെയ്യുന്ന മഴ കർഷകരുടെ മനസിൽ കണ്ണീർമടപൊട്ടിക്കും. ഇൗ കാഴ്ച തുടങ്ങിയിട്ട് വർഷം നാലാകുന്നു. വ്യക്തമായി പറഞ്ഞാൽ 2018 ലെ മഹാപ്രളയം മുതൽ. പൊന്നുവിളഞ്ഞ പാടങ്ങൾ ചെളിക്കുളങ്ങളായി. നെൽക്കതിരുകൾക്ക് തല പൊക്കാനാകാത്ത വിധം നാശമുണ്ടായി. ലക്ഷങ്ങളുടെ നഷ്ടത്തിൽ കർഷകർ നട്ടം തിരിഞ്ഞു. ഇനിയെന്ത് എന്ന ചിന്തയിൽനിന്ന് കര കയറിയപ്പോൾ വീണ്ടുംവന്നു പ്രളയം. അത് തുടർന്നപ്പോൾ കൃഷിയുടെ കലണ്ടറുകൾ തെറ്റി. മഴ മാറുമ്പോഴാണ് ഇപ്പോൾ നിലമൊരുക്കുന്നത്. കാലാവസ്ഥ ചതിക്കില്ലെന്ന പ്രതീക്ഷയിൽ ഇൗ വർഷത്തെ നെൽകൃഷിക്ക് പുഞ്ചകൾ ഒരുക്കുകയാണ് കർഷകർ. കിഴക്കൻ മേഖലയിലെ പാടശേഖരങ്ങളിൽ ട്രാക്ടറുകൾ ഉപയോഗിച്ച് രണ്ട് പൂട്ട് കഴിഞ്ഞ് നിലമൊരുക്കൽ പൂർത്തിയാകുന്നു. അപ്പർ കുട്ടനാട് പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കൽ പുരോഗമിക്കുന്നു.

കഴിഞ്ഞ മഴയിൽ വെള്ളം കയറി കൃഷി നശിച്ച പാടശേഖരങ്ങളിലെ കർഷകർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല. ഇക്കാര്യത്തിൽ കൃഷി വകുപ്പിന്റെ ഭാഗത്ത് വൻ അനാസ്ഥയാണെന്ന് കർഷകർ പറയുന്നു. ജില്ലയിലെ പ്രധാന പാടശേഖരങ്ങൾ കൊടുമൺ, വള്ളിക്കോട്, ആറൻമുള, അപ്പർ കുട്ടനാട് മേഖലകളിലാണ്.

മുൻ വർഷങ്ങളിൽ മികച്ച വിളവ് ലഭിച്ചിരുന്ന വള്ളിക്കോട് നരിക്കുഴി ഏലായിലെ നെൽകൃഷിയെല്ലാം കഴിഞ്ഞ മഴയിൽ മുങ്ങി നശിച്ചിരുന്നു. വെള്ളം ഇറങ്ങിയപ്പോൾ നെല്ല് പഴുത്ത് ചാഞ്ഞു. കണ്ണീർപ്പാടത്തായ കർഷകർക്ക് ഒരു സഹായവും ലഭിച്ചില്ല. ചിലർ കൃഷി ഉപേക്ഷിച്ചു. ശേഷിക്കുന്ന നാൽപ്പതോളം കർഷകരാണ് പുതിയ വിതയ്ക്ക് തയ്യാറെടുക്കുന്നത്. വിത്തും പൂട്ടുകൂലിയും മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. വളത്തിന്റെ ചെലവും വേലക്കൂലിയുമായി ഒരു കർഷകന് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകുന്നു.

ആറന്മുള തെച്ചിക്കാവ് പാടശേഖരം പാട്ടത്തിനെടുത്ത കുട്ടനാടൻ കർഷകർക്ക് കഴിഞ്ഞ വെള്ളപ്പൊക്കം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്. ഇരുപത് വർഷമായി നെൽകൃഷി മുടങ്ങിക്കിടന്ന ഇവിടെ കഴിഞ്ഞവർഷം വലിയ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കൽ നടന്നു. കരിമാരംതോട് വഴി വെള്ളം പമ്പയാറ്റിലേക്ക് ഒഴുക്കി വിടുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായപ്പോഴാണ് പെരുമഴ തിമിർത്തത്. വെള്ളം കയറിയ പാടത്തെ ഒഴുക്ക് നിലച്ചപ്പോൾ ആദ്യം മുതൽ ജോലികൾ തുടങ്ങേണ്ട സ്ഥിതിയായി. ഇതോടെ പാട്ടക്കാർ പാടശേഖരം ഉപേക്ഷിച്ചു പോയി.

വിള ഇൻഷുറൻസ്

പ്രഹസനമോ?

കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് എല്ലാവർഷവും കൃഷിവകുപ്പ് അധികൃതർ പ്രഖ്യാപിക്കുന്നതാണ്. ഇൗ വർഷത്തെ മഴയിൽ നെൽകൃഷി നശിച്ചപ്പോഴും പ്രഖ്യാപനമുണ്ടായി. മഴയൊഴിഞ്ഞപ്പോൾ കണക്കെടുപ്പും നടന്നു. നെല്ല്, വാഴ, റബർ, മറ്റു കാർഷിക വിളകൾ എല്ലാം കൂടി ഏകദേശം ഏഴ് കോടിക്കടുത്ത് നഷ്ടമുണ്ടായെന്ന് വിലയിരുത്തലുണ്ടായി. എന്നാൽ, കൃഷി നശിച്ചവർക്കെല്ലാം നഷ്ടപരിഹാരം ലഭിച്ചില്ല. നെൽകർഷകർക്കാണ് വലിയ ചതി പറ്റിയത്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് കോടികളാണ് കൊടുക്കാനുള്ളതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. അപ്പർ കുട്ടനാട്ടിൽ മാത്രം ഒരു കോടിയ്ക്കടുത്ത് കൊടുക്കാനുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇൻഷുറൻസ് തുക വൈകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോൾ ഇൻഷുറൻസ് കാലാവധി കഴിഞ്ഞുവെന്ന് പറഞ്ഞ്, നിരവധി അപേക്ഷകൾ തള്ളിയിട്ടുണ്ട്. നൂറ്റി ഇരുപത് ദിവസത്തെ ഇൻഷുറൻസാണ് ഒാരോ വിളകൾക്കും ലഭിക്കുന്നത്. കാലാവധി തീരാൻ അഞ്ച് ദിവസം ബാക്കിയുണ്ടായിരുന്നപ്പോഴാണ് വള്ളിക്കോട്ടെ പാ‌ടശേഖരങ്ങൾ വെള്ളം കയറി മുങ്ങിയത്. വെള്ളം ഒഴിയാൻ ഒരാഴ്ചയിലേറെ സമയമെടുത്തു. നെൽകൃഷി നശിച്ചു കിടക്കുന്നതിന്റെ ചിത്രങ്ങളെടുത്ത് അപേക്ഷ നൽകിയപ്പോഴേക്കും ഇൻഷുറൻസ് കാലാവധി പിന്നിട്ടു.

കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് ഇൻഷുറൻസ് തുക അവരുടെ അക്കൗണ്ടിൽ യഥാസമയം എത്തുന്നുണ്ട്. സംസ്ഥാന കൃഷിവകുപ്പ് കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയോട് മുഖം തിരിക്കുകയാണ്. പ്രീമിയം കൂടുതലാണെന്ന് പറഞ്ഞ് കർഷകരെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കുന്നത്. കൃഷിയിറക്കാൻ കർഷകർക്ക് വിത്തോ സബ്സിഡിയോ ലഭ്യമാക്കാൻ കൃഷിവകുപ്പും തയ്യാറാകുന്നില്ല.

അപ്പർ കുട്ടനാട്ടിൽ

കാലാവസ്ഥ വ്യതിയാനവും മഴയും കൂടുതൽ നാശം വിതയ്ക്കുന്ന അപ്പർ കുട്ടനാട്ടിലെ കർഷകരും ദുരിതത്തിലാണ്. ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടായ അതിതീവ്രമഴയിൽ പാടശേഖരങ്ങൾ മുങ്ങിയതിനാൽ വിത്ത് വിത വൈകിയാണ് പൂർത്തിയാക്കിയത്. വിളവെടുപ്പും താമസിച്ചു. പാടശേഖരങ്ങൾ മുങ്ങിയതിനെ തുടർന്ന് ഒട്ടേറെ കർഷകർ കൃഷിയിൽ നിന്ന് പിന്മാറി. വിതച്ച കർഷകർക്ക് വിളവും മോശമായിരുന്നു.
അവരെ കൃഷിക്ക് സഹായിക്കാൻ കാർഷിക കലണ്ടർ തയ്യാറായില്ല. കാർഷിക കലണ്ടർ ഞാറ്റുവേലകളെ ആശ്രയിച്ചാണ് തയാറാക്കിയിരുന്നത്. സൂര്യന്റെ യാത്രയനുസരിച്ചാണ് ഇതു കണക്കാക്കുന്നതെങ്കിലും മഴയുടെ ലഭ്യതയാണ് പ്രധാനം.

ഇന്ത്യയുടെ ജീവൻ ഗ്രാമങ്ങളിൽ എന്നാണ് നമ്മുടെ അടിസ്ഥാന സങ്കൽപ്പം. കൃഷിയും കർഷകരുമാണ് നാടിന്റെ സമ്പത്തും നട്ടെല്ലും. ഒരു വരൾച്ചയോ പ്രളയമോ മതി കാർഷികമേഖല തകർന്നടിയാൻ. അത്തരം സന്ദർഭങ്ങളിൽ സർക്കാരിന്റെ സമയോചിതമായ ഇടപെടലും ആശ്വാസ നടപടികളുമാണ് കർഷകരെ താങ്ങി നിറുത്തുന്നത്. കാലതാമസം വരുത്താതെ ആ ഇടപടൽ ഉണ്ടായില്ലെങ്കിൽ കൃഷി അപ്രത്യക്ഷമാകും.

Advertisement
Advertisement