കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി , തെരുവ് നായ്ക്കളെ കൊല്ലാൻ അടിയന്തര അനുമതിയില്ല

Wednesday 12 October 2022 9:59 PM IST

2023 ഫെബ്രുവരിയിൽ വിശദമായ വാദം

ന്യൂഡൽഹി:പേപ്പട്ടികളെയും ആക്രമണകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാൻ അടിയന്തര അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ബന്ധപ്പെട്ട ഹർജികളിൽ അടുത്ത ഫെബ്രുവരിയിൽ വാദം കേൾക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പ്രാദേശികപ്രശ്നങ്ങൾ പരിഗണിക്കേണ്ടതിനാൽ വ്യക്തിഗത കേസുകൾ ഹൈക്കോടതിയിൽ ഉന്നയിക്കുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.

തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാൻ കുടുംബശ്രീക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സി.കെ. ശശി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേകാനുമതി ഹർജി നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

കേരളത്തിൽ ഓരോ വർഷവും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി ജസ്റ്റിസ് സിരിജഗൻ സമിതി റിപ്പോർട്ട് ഉദ്ധരിച്ച് സുപ്രീം കോടതി പറഞ്ഞു. തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് ഗോപിനാഥ് മേനോൻ എന്നിവരുടെ ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ വി.ചിദംബരേഷ് ചൂണ്ടിക്കാട്ടിയപ്പോൾ വ്യക്തിഗത കേസുകൾ ഈ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുവദിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ബിജു ആവശ്യപ്പെട്ടപ്പോൾ ഇത് ഇപ്പോൾ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഹർജിക്കാർക്ക് വേണ്ടി പി.വി. സുരേന്ദ്രനാഥ്, വി.ഗീത, എം.കെ. അശ്വതി എന്നിവർ ഹാജരായി.

കോടതിയുടെ നിരീക്ഷണങ്ങൾ

നിയമം ലംഘിച്ച് നായ്ക്കൾക്കെതിരെ അക്രമം ഉണ്ടായാൽ പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാം.

കേരളം ഉൾപ്പെടെ രാജ്യത്ത് ഏഴ് വർഷത്തിനിടെ ഉണ്ടായ തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് മൃഗക്ഷേമ ബോർഡ് സമർപ്പിക്കണം.

തെരുവ് നായ ആക്രമണങ്ങൾ നേരിടാനുള്ള നിർദ്ദേശങ്ങളും സമർപ്പിക്കണം.

ജസ്റ്റിസ് സിരിജഗൻ റിപ്പോർട്ടിനോട് എതിർപ്പുള്ളവർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം.

Advertisement
Advertisement