സൈന്യവും 'ഇലക്ട്രിക്" ആകുന്നു; തിരഞ്ഞെടുത്ത യൂണിറ്റുകളിലേക്ക് വാഹനം വാങ്ങും

Thursday 13 October 2022 1:24 AM IST

ന്യൂഡൽഹി: കാർബൺ പുറന്തള്ളൽ കുറയ്‌ക്കണമെന്ന കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായി സൈന്യത്തിലെ തിരഞ്ഞെടുത്ത യൂണിറ്റുകൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങും. തിരഞ്ഞെടുത്ത യൂണിറ്റുകളിലെ 25 ശതമാനം ചെറുവാഹനങ്ങളും 38 ശതമാനം ബസുകളും 48 ശതമാനം മോട്ടോർ സൈക്കിളുകളും സമയബന്ധിതമായി ഇലക്ട്രിക്കാക്കും.

സൈന്യത്തിനാവശ്യമായ ചാർജിംഗ് പോയിന്റുകളും ക്രമീകരിക്കും. ഇവിടെ ഒരു ഫാസ്റ്റ് ചാർജറും രണ്ടോ മൂന്നോ സ്ലോ ചാർജറുകളും ഉണ്ടാകും. ഇലക്ട്രിക് സർക്യൂട്ട് കേബിളുകളും വാഹനങ്ങളുടെ എണ്ണമനുസരിച്ച് ട്രാൻസ്ഫോർമറുകളും സ്റ്റേഷനുകളിൽ സ്ഥാപിക്കും. സോളാർ പാനലിൽ പ്രവർത്തിക്കുന്ന ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കാനും പദ്ധതിയുണ്ട്.

തിരഞ്ഞെടുത്ത സ്ഥാപനങ്ങൾക്കായി ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിലൂടെ നിലവിലുള്ളവയുടെ കുറവ് നികത്താനും കഴിയും. 24 ഫാസ്റ്റ് ചാർജറുകൾക്കൊപ്പം 60 ബസുകൾ വാങ്ങുന്നതിനുള്ള പ്രാരംഭ ടെൻഡറും ഉടൻ പ്രഖ്യാപിക്കും. സൈന്യത്തിന് ലഭ്യമാക്കുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രദർശനം ഏപ്രിലിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തിരുന്നു. ടാറ്റ മോട്ടോഴ്സ്, പെർ‌ഫെക്ട് മെറ്റൽ ഇൻഡസ്ട്രീസ് (പി.എം.ഐ), റിവോൾട്ട് മോട്ടേഴ്സ് തുടങ്ങിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ പ്രദർശനമാണ് അന്ന് നടന്നത്.

സൈന്യം വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾ

 ചെറുവാഹനം- 25 %

 ബസ്- 38 %

 മോട്ടോർ സൈക്കിൾ- 48 %

 24 ഫാസ്റ്റ് ചാർജറുകളും 60 ബസും വാങ്ങാൻ പ്രാരംഭ ടെൻഡർ ഉടൻ

 ആവശ്യമായ ചാർജിംഗ് പോയിന്റ് സ്ഥാപിക്കും

 ഇവിടെ ഫാസ്റ്റ് ചാർജറും രണ്ടോ മൂന്നോ സ്ലോ ചാർജറും

 സോളാർ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും

Advertisement
Advertisement