സ്‌പിരിറ്റ് കേസ് പ്രതികളെ റിമാൻഡ് ചെയ്തു

Thursday 13 October 2022 12:27 AM IST

ചിറ്റൂർ: ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള തെങ്ങിൻ തോപ്പുകളിൽ നിന്നും സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ എക്‌സൈസ് വിജിലൻസ് സംഘം അറസ്റ്റു ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. കുന്നങ്കാട്ടുപതി മണൽത്തോട് സ്വദേശിയും സി.പി.എം അഞ്ചാം മൈൽ ബ്രാഞ്ച് സെക്രട്ടറിയുമായ വി. കണ്ണൻ(36), തമിഴ്നാട് പൊള്ളാച്ചി ആലംപാളയം എം. പ്രഭാകരൻ (31), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് എസ്. വിജേഷ്(42) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. തോട്ടം ഉടമെയെ ഉടൻ അറസ്റ്റുചെയ്യുമെന്നും അധികൃതർ പറഞ്ഞു.
എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വണ്ണാമട മൂലക്കടയിലെ തോപ്പിൽ നിന്നാണ് ആദ്യം സ്‌പിരിറ്റ് പിടികൂടിയത്. 25 കന്നാസുകളിലായി തോപ്പിലെ പശുത്തൊഴുത്തിന് സമീപം സൂക്ഷിച്ച 800 ലീറ്റർ സ്‌പിരിറ്റ് പിടികൂടി. സംഭവത്തിൽ തോട്ടം പാട്ടത്തിനെടുത്ത പ്രഭാകരനെ പിടികൂടുകയും ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണനെയും പിടികൂടുകയായിരുന്നു.
തുടർന്ന് ചിറ്റൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെത്തിച്ച പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മറ്റൊരു തോപ്പിലും സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് മണൽത്തോട് മുസ്തഫ റാവുത്തർ നഗർ കോളനിക്കു സമീപത്തെ തോപ്പിൽ നടത്തിയ പരിശോധനയിൽ വൈക്കോൽ കൂനയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 17 കന്നാസുകളിലായി സ്പിരിറ്റ് കണ്ടെടുത്തു. 17 കന്നാസുകളിലായി 544 ലീറ്റർ സ്പിരിറ്റാണ് ഉണ്ടായിരുന്നത്. തൃശൂർ ഇന്റലിജന്റ്സ് ബ്യൂറോ ഇൻസ്‌പെക്ടർ മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് പിടികൂടിയത്.

Advertisement
Advertisement