സി.പി.ഐ പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം: ബി.ജെ.പി വിരുദ്ധ വിശാല ഐക്യം മുഖ്യ അജൻഡ

Friday 14 October 2022 12:54 AM IST

വിജയവാഡ (ആന്ധ്ര): കമ്മ്യൂണിസ്റ്റ്, കർഷക പോരാട്ടങ്ങളുടെ വിപ്ലവവീര്യമുറങ്ങുന്ന ആന്ധ്രയുടെ മണ്ണിൽ സി.പി.ഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ബഹുജനറാലിയോടെ ഇന്ന് തുടക്കമാകും. നാളെ മുതൽ നാല് ദിവസമാണ് പ്രതിനിധി സമ്മേളനം.

ദേശീയതലത്തിൽ ബി.ജെ.പി-ആർ.എസ്.എസ് സഖ്യത്തിനെതിരായ വിശാല ഐക്യരൂപീകരണം പാർട്ടി കോൺഗ്രസിന്റെ മുഖ്യ ചർച്ചാവിഷയമാകും. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് അടക്കമുള്ള മതേതര,ജനാധിപത്യ കക്ഷികളുടെ വിശാല ഐക്യത്തിന് ആഹ്വാനം ചെയ്ത സി.പി.ഐ, ഇപ്പോൾ കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞ് സംബോധന ചെയ്യുന്നില്ല. കോൺഗ്രസിനും വിശ്വാസ്യതയുയർത്തി വേണമെങ്കിൽ കണ്ണിയാവാം. പാർട്ടി കോൺഗ്രസിന് ആതിഥ്യമരുളുന്ന വിജയവാഡയിലെ കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ ഹനുമാൻപേട്ടും പരിസരങ്ങളും കൊടി തോരണങ്ങളാൽ ചുവന്നു.

ദേശീയപതാകയും

ഇതാദ്യമായി പാർട്ടി പതാകയ്ക്ക് പുറമേ ദേശീയപതാകയും ഉയർത്തിയാണ് ,പാർട്ടി

കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുക സ്വാതന്ത്ര്യസമര സേനാനിയായ എതുകുരി കൃഷ്ണമൂർത്തി നാളെ രാവിലെ 10.30ന് പ്രതിനിധി സമ്മേളന നഗരിയായ എസ്.എസ് കൺവെൻഷൻ ഹാളിന് മുന്നിൽ ദേശീയപതാക ഉയർത്തും.

പാർട്ടി പതാക മുതിർന്ന നേതാവും ,മുൻ ജനറൽസെക്രട്ടറിയുമായ എസ്. സുധാകർ റെഡ്ഢി ഉയർത്തും. ഇ. നാഗേശ്വര റാവു രക്തസാക്ഷികൾക്ക് ആദരമർപ്പിക്കും. ജനറൽസെക്രട്ടറി ഡി. രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ പാർട്ടി കോൺഗ്രസിന് വേദിയായ കൊല്ലത്ത് നിന്ന് പുറപ്പെട്ട പ വിളംബര ജാഥയെ ഇന്നലെ വൈകിട്ട് ജനറൽ സെക്രട്ടറി സ്വീകരിച്ചു. 16 രാജ്യങ്ങളിലെ വിദേശ സൗഹാർദ്ദ പ്രതിനിധികളും പാർട്ടി കോൺഗ്രസിൽ പങ്കാളികളാകും.

ആർ.എസ്.പി ഒഴിച്ചുള്ള

ഇടതുനേതാക്കളെത്തും

പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അഭിവാദ്യമർപ്പിക്കാൻ സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ.എം.എൽ ജനറൽസെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് പ്രതിനിധി ജി. ദേവരാജൻ എന്നിവരെത്തും. ആർ.എസ്.പി ജനറൽസെക്രട്ടറി മനോജ് ഭട്ടാചാര്യയെയും ക്ഷണിച്ചെങ്കിലും, ആർ.എസ്.പി കേരള സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യേണ്ടതിനാൽ അദ്ദേഹമെത്തില്ല. ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും കേരളത്തിൽ യു.ഡി.എഫിലാണെങ്കിലും ദേശീയതലത്തിൽ ഇടതു കൂട്ടായ്മയിലുണ്ട്. വിദേശ സൗഹാർദ്ദ പ്രതിനിധികൾക്കും ഇടതുപാർട്ടി നേതാക്കൾക്കും നാളെ വൈകിട്ട് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്.

Advertisement
Advertisement