സുപ്രീംകോടതിയുടെ ഭിന്ന വിധി , ഹിജാബ് നിരോധനം ശരിയെന്നും തെറ്റെന്നും, ഇനി മൂന്നംഗ ബെഞ്ച്

Friday 14 October 2022 12:11 AM IST

ന്യൂഡൽഹി:കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ നൽകിയ 26 ഹർജികളിൽ സുപ്രീം കോടതിയിൽ ഭിന്നവിധി. ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരോധനം ശരിവച്ചപ്പോൾ ജസ്റ്റിസ് സുധാൻഷു ധൂലിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ഇനി കേസ് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് രൂപം നൽകും. നിരോധനത്തിൽ തൽസ്ഥിതി തുടരും.

ജസ്റ്റിസ് ഹേമന്ത് ഗുപ്ത

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ അനിവാര്യമായ മതാചാരം അല്ലെന്ന ഹൈക്കോടതി വിധി ശരിവച്ചു. ഹിജാബ് മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ല. യൂണിഫോം ഏർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ട്. അത് മൗലികാവകാശത്തിന്റെ ലംഘനമല്ല. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഒക്ടോ.16 ന് വിരമിക്കും.

ജസ്റ്റിസ് സുധാൻഷു ധൂലിയ

ഹിജാബ് നിരോധനവും അത് ശരിവച്ച ഹൈക്കോടതി വിധിയും റദ്ദാക്കി. ഹിജാബ് അനിവാര്യമായ മതാചാരമാണോയെന്ന് ഹൈക്കോടതി പരിഗണിച്ചത് ശരിയായില്ല.

Advertisement
Advertisement