ടി.ആർ.എസിനെതിരെ ബി.ജെ.പിയുടെ പരാതി

Friday 14 October 2022 1:25 AM IST

ന്യൂഡൽഹി: തെലങ്കാനയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനുഗോഡ മണ്ഡലത്തിൽ ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി അധികാര ദുർവിനിയോഗം നടത്തി വോട്ടർമാരെ സ്വാധീനിക്കുകയാണെന്നാരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി പരാതി നൽകി. വോട്ടർ പട്ടികയിലെ 25,000 കള്ളവോട്ടർമാരുടെ പേര് നീക്കണമെന്നും രചകൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭഗവതിനെ സ്ഥലം മാറ്റണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകിയത്.

മൂന്ന് വർഷമായി ഒരേ തസ്തികയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥനെയും തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ തുടരാൻ അനുവദിക്കരുതെന്നാണ് ചട്ടമെന്ന് നിവേദക സംഘത്തിലുണ്ടായിരുന്ന പാർട്ടി ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. സാധാരണ രചകൊണ്ട മണ്ഡലത്തിൽ 2000ൽ കൂടുതൽ പുതിയ വോട്ടർമാർ ഉണ്ടാകാറില്ലെന്ന് ബി.ജെ.പി നേതാക്കളായ പ്രതാപ് നരേൻ സാരംഗ്, എൻ. രാംചന്ദർ റാവു എന്നിവർ ചൂണ്ടിക്കാട്ടി. പരാതി പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പു നൽകി.

Advertisement
Advertisement