ഇത് നമ്മൾ ജയിക്കേണ്ട യുദ്ധം

Friday 14 October 2022 12:00 AM IST

ചിത്രശലഭങ്ങളെപ്പോലെ പാറിക്കളിക്കേണ്ട കുട്ടികളെ ലഹരിക്ക് അടിമകളാക്കി ഒന്നിനും കൊള്ളരുതാത്തവരാക്കി നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയയെ തൂത്തെറിയാൻ എല്ലാ ഭിന്നതകളും മറന്ന് കേരളം ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. കരയും കടലും ആകാശവും വഴി ആയിരക്കണക്കിന് കോടിയുടെ ലഹരിമരുന്ന് കേരളത്തിലേക്കൊഴുക്കുന്നു. അമൃത്‌സറിനെയും മുംബയെയും പിന്നിലാക്കി ഒന്നാമതെത്താൻ കുതിക്കുകയാണ് കേരളത്തിലെ ലഹരിവിപണി. കോടാനുകോടികൾ മറിയുന്ന ലഹരിമരുന്ന് വ്യാപാരം ക്രിമിനൽ സംഘങ്ങളുടെ മുഖ്യ സാമ്പത്തിക സ്രോതസാണ്. അതിക്രൂരമായ അധമകൃത്യങ്ങൾക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നത് ലഹരിമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയാണ്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇതുവരെ കണ്ടതെന്നിരിക്കെ, ലഹരിമരുന്ന് മാഫിയയ്ക്കെതിരായ ഈ യുദ്ധത്തിൽ നമ്മളോരോരുത്തരും സ്വയം യോദ്ധാക്കളായി മാറേണ്ടതുണ്ട്.

ലാബുകളിൽ നിർമ്മിക്കുന്ന കൃത്രിമ രാസലഹരിയൊഴുക്കി വിദ്യാർത്ഥികളെ അടിമകളാക്കുന്നത് തടയാനായില്ലെങ്കിൽ ഭാവിയിലുണ്ടായേക്കാവുന്ന ദുരന്തസാദ്ധ്യത നമ്മൾ തിരിച്ചറിയണം. ഭയപ്പാടോടെയല്ല, തികഞ്ഞ ജാഗ്രതയോടെ ജീവിക്കാനാണ് ഈ സാഹചര്യം നമ്മോട് ആവശ്യപ്പെടുന്നത്. അതിന് വസ്തുതകൾ മനസിലാക്കണം. വ്യവസായ ശാലകളിലുപയോഗിക്കുന്ന മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങൾ പോലും ലഹരിയായി കുട്ടികളിലെത്തുകയാണിപ്പോൾ. ലോകത്ത് എല്ലായിടത്തും ലഹരിമാഫിയ കുട്ടികളെയാണ് ഉന്നമിടുന്നത്. ആദ്യം കാരിയറാക്കിയും പിന്നെ വിൽപ്പനക്കാരാക്കിയും കുറ്റകൃത്യങ്ങൾക്ക് നിയോഗിച്ചുമെല്ലാം കുട്ടികളെ അവർ ചൂഷണം ചെയ്യും. രാസലഹരി ഉപയോഗം പതിവാകുന്നതോടെ കുട്ടികളുടെ തലച്ചോറ് വേണ്ടരീതിയിൽ പ്രവർത്തിക്കാതെയാവും. പേശികൾ ശോഷിക്കും. ഓർമ്മയും കാഴ്ചയും നശിക്കും. എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാവും. സിന്തറ്റിക് ലഹരിയുപയോഗം ഹൃദ്രോഗം, ഓർമ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്‌ചക്കുറവ് എന്നിവയുണ്ടാക്കും. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം അടിമയാക്കുന്നതാണ് രാസലഹരി. കേരളത്തിൽ വൻതോതിലെത്തുന്ന ഹെറോയിൻ വെറും മൈക്രോ ഗ്രാം ഉപയോഗിച്ചാൽ പോലും മണിക്കൂറുകളോളം ഉന്മാദാവസ്ഥയിലാവും. കൂടുതൽ ലഹരിക്കായി അളവ് കൂട്ടിയാൽ അമിത രക്തസമ്മർദ്ദമുണ്ടായി ഹൃദയാഘാതത്തിന് സാദ്ധ്യതയുണ്ട്. ഇതൊന്നുമറിയാതെയാണ് വെറുതേ ഒരു രസത്തിന് തുടങ്ങി, കുട്ടികളും യുവാക്കളും ഒടുവിൽ രാസലഹരികൾക്ക് അടിമകളായി മാറുന്നത്. നാശം വിതയ്ക്കുന്ന മഹാവിപത്തിന് മക്കളെ വിട്ടുകൊടുക്കാതെ കാക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും സർക്കാരുമെല്ലാം കൈകോർക്കണം, ജാഗ്രതയോടെ കണ്ണുതുറന്നിരിക്കേണ്ട സമയമാണിത്.

രക്ഷിതാക്കളെ ‌

മക്കളെ അറിയൂ

എത്ര തിരക്കുള്ളവരാണെങ്കിലും മക്കളോട് സംസാരിക്കുകയും ഇടപെടുകയും ചെയ്ത് അവരുടെ അടുത്ത സുഹൃത്തായി മാറുകയെന്നതാണ് ജാഗ്രതയുടെ ആദ്യപടി. കുട്ടികളിലെ സ്വഭാവമാറ്റങ്ങൾ ഒരു കാരണവശാലും അവഗണിക്കരുത്. കുട്ടികളുടെ മുറിയും ബാഗും ഇടയ്ക്കിടെ അവരറിയാതെ പരിശോധിക്കണം. അവധി ദിവസങ്ങളിൽ കുട്ടികൾ എവിടെയൊക്കെ പോകുന്നെന്നും കൂട്ടുകാർ ആരൊക്കെയാണെന്നും മനസിലാക്കണം. സ്വന്തം കുട്ടി ഇതൊന്നും ചെയ്യില്ലെന്ന മനോഭാവം മാറ്റി എപ്പോഴും കരുതൽ തുടരണം. കുട്ടിക്കുണ്ടായിട്ടുള്ള സ്വഭാവ വ്യതിയാനങ്ങളെക്കുറിച്ച് അദ്ധ്യാപകർ നൽകുന്ന വിവരങ്ങൾ അവഗണിക്കരുത്. കുട്ടികളിൽ അസ്വാഭാവികമായി എന്തെങ്കിലും മാറ്റം കണ്ടാൽ കൗൺസിലിംഗിനും ചികിത്സയ്ക്കും വിധേയമാക്കണം. കുട്ടികളുടെ ലഹരിഉപയോഗം കണ്ടെത്തിയാൽ പൊലീസിനും എക്സൈസിനും വിവരം കൈമാറണം. സ്കൂളുകളിലെയും കോളേജുകളിലെയും ലഹരിക്കണ്ണികൾ മുറിക്കാൻ ഇതാവശ്യമാണ്. കലാ, കായിക മേഖലകളിലെ വാസനകൾ തിരിച്ചറിഞ്ഞ് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് ലഹരിക്കെതിരായ മികച്ച പ്രതിരോധമാണ്. അദ്ധ്യാപകർക്കുമുണ്ട് ചുമതലകളേറെ. ക്ലാസ് മുറിയിലും ടോയ്‌ലറ്റിലും ഹോസ്റ്റൽ മുറികളിലും ലഹരി ഉപയോഗമുണ്ടോയെന്ന് കണ്ടെത്താൻ ഇടയ്ക്കിടെ പരിശോധിക്കണം. ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോവുക, എന്തെങ്കിലും ചവച്ചുകൊണ്ടിരിക്കുക, പഠനത്തിലെ മികവ് പൊടുന്നനേ കുറയുക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ രക്ഷിതാക്കളെ വിവരമറിയിക്കണം. സ്കൂൾ മതിലിന് പുറത്ത് നിന്നും ലഹരി വസ്തുക്കൾ ഉള്ളിലേക്ക് എറിഞ്ഞു കൊടുക്കുന്നുണ്ടോയെന്ന് നിരന്തര പരിശോധന വേണം. എൻ.എസ്.എസ്, എൻ.സി.സി, സ്കൗട്ട്‌സ്, ഗൈഡ്‌സ്, റെഡ് ക്രോസ്, എസ്.പി.സി എന്നിവയിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണം. മയക്കുമരുന്നുകൾ തലച്ചോറിനെ തകർത്ത് മാനസികാരോഗ്യം എങ്ങനെ ഇല്ലാതാക്കുമെന്ന് ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ ബോദ്ധ്യപ്പെടുത്തുക.

പണം കൊടുത്ത്

ജീവൻ കളയണോ

വ്യവസായ ആവശ്യങ്ങൾക്കുപയോഗിക്കുന്ന രാസവസ്തുക്കളിൽ നിന്നാണ് മിക്ക സിന്തറ്റിക് ലഹരിയുമുണ്ടാക്കുന്നത്. റേപ്പ് ഡ്രിങ്ക് എന്ന് വിളിപ്പേരുള്ള എം.ഡി.എം.എ, (മെഥിലീൻ ഡയോക്സി മെത് ആംഫിറ്റമിൻ) പാർട്ടികൾക്കിടെ ബിയറിലും മദ്യത്തിലും കലർത്തി പെൺകുട്ടികൾക്ക് നൽകിയ ശേഷം അവരെ ലൈംഗികമായി ചൂഷണം ചെയ്യാനുപയോഗിക്കുന്നതാണ്. സൈക്കോ ആക്ടീവ് ഡ്രഗ് വിഭാഗത്തിൽപ്പെട്ടതാണ്. ക്രിസ്റ്റൽ, പൊടി രൂപത്തിലുണ്ട്. ഗ്രാമിന് 7000രൂപ വരെ വിലയാണ്. മറവി, ഉറക്കമില്ലായ്മ, ദന്തക്ഷയം, മങ്ങിയ കാഴ്ചശക്തി, അമിതവിയർപ്പ്, അസാധാരണമായ ഹൃദയമിടിപ്പ് എന്നിവയാണ് ദോഷഫലങ്ങൾ. കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ മുതിർന്ന വിദ്യാർത്ഥികൾ പീഡിപ്പിച്ചത് ഈ ലഹരിമരുന്ന് നൽകിയാണ്.

നാവിലൊട്ടിക്കുന്ന സ്റ്റാമ്പ് രൂപത്തിലുള്ള എൽ. എസ്.ഡി ലഹരിക്കാണ് വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും ഡിമാന്റ്. മാനസികനില തകരാറിലാക്കുകയും വിഷാദരോഗമുണ്ടാക്കുകയും ചെയ്യുന്ന ലഹരിയാണിത്. തപാൽ സ്റ്റാമ്പിന്റെ മാതൃകയിലുള്ള ഇതിന് മൈക്രോ മെമ്മറി കാർഡിന്റെ പകുതി വലിപ്പമേയുള്ളൂ. നാവിൽവച്ച് അലിയിച്ചാണ് ഉപയോഗം. 1500രൂപ മുതൽ ആറായിരം രൂപ വരെ സ്റ്റാമ്പൊന്നിന് വിലയുണ്ട്. യുവാക്കളിൽ ദേഹത്ത് ടാറ്റൂ ചെയ്യുന്നതിന്റെ (പച്ച കുത്തുന്നതിന്റെ) വേദന ഇല്ലാതാക്കാനുപയോഗിക്കുന്ന പെന്റാസോസിൻ ലഹരി ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം അടിമയാക്കുന്നതാണ്.

കോക്ക് എന്നറിയപ്പെടുന്ന കൊക്കെയ്ൻ വിദേശത്തു നിന്നെത്തുന്നു. പൊടിരൂപത്തിലുള്ളതാണ്. ഗ്രാമിന് ആറായിരത്തിലേറെ വിലയുണ്ട്. തലച്ചോറിന്റെ പ്രവർത്തനം താളംതെറ്റിക്കുകയും രക്തധമനികളുടെ പ്രവർത്തനത്തെ ബാധിക്കുകയും രക്തമിടിപ്പ് വേഗത്തിലാക്കുകയും ചെയ്യും. ഹൃദയാഘാതത്തിന് ഇടയാക്കുന്ന ഹെറോയിനും കേരളത്തിൽ സുലഭമാണ്. പത്ത് ഗ്രാമിന് 3000രൂപവരെ വിലയുണ്ട്. മാംസപേശികളെ ക്രമാതീതമായി ചൂടാക്കുകയും ഞരമ്പുകളുടെ പ്രവർത്തനം അവതാളത്തിലാക്കുകയും ഹൃദയവാൽവുകളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഇവ ഉപയോഗിക്കുന്നവരുടെ മാനസികനില തകരാറിലാക്കും. അടുത്തിടെ തിരുവനന്തപുരം ബാലരാമപുരത്ത് 158കോടി വിലയുള്ള ഹെറോയിൻ പിടികൂടിയത് പടിവാതിലിലെത്തിയ അപകടത്തിന്റെ തെളിവാണ്.

----------ബോക്സ്----

മയക്കുമരുന്ന്

ഉപയോഗം കണ്ടെത്താം,

പ്രതിവിധിയുമുണ്ട്

(ഡോ.അരുൺ ബി. നായർ, സൈക്യാട്രിസ്റ്റ്, മെഡിക്കൽ കോളേജ് തിരുവനന്തപുരം)

ആറ് ലക്ഷണങ്ങളിലൂടെ ഒരു വ്യക്തി മയക്കുമരുന്നിന് അടിമപ്പെട്ടെന്ന് തിരിച്ചറിയാം. ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും ഒരു വർഷമായി പ്രകടിപ്പിച്ചാൽ അയാൾ മയക്കുമരുന്നിന് അടിമയാണെന്ന് കരുതാം.

1)രാവിലെ മുതൽ മയക്കുമരുന്ന് ഉപയോഗിക്കണമെന്ന തീവ്രമായ ആഗ്രഹവും സംഘടിപ്പിക്കാനുള്ള അദമ്യമായ ത്വരയും.

2)ഉപയോഗിക്കുന്ന മയക്കുമരുന്നിന്റെ അളവോ ഉപയോഗിക്കുന്ന സമയമോ നിയന്ത്രിക്കാൻ കഴിയാതാവുക.

3)ആഹ്ളാദ അനുഭൂതിക്കായി ഘട്ടംഘട്ടമായി കൂടുതൽ അളവ് മയക്കുമരുന്ന് ഉപയോഗിക്കേണ്ട സ്ഥിതി.

4)പൊടുന്നനെ മയക്കുമരുന്ന് നിറുത്തുമ്പോൾ പിൻവാങ്ങൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു, അമിത ഉത്കണ്‌ഠ, ഉറക്കക്കുറവ്, വിറയൽ എന്നിവ മുതൽ തലവേദനയും ശരീരവേദനയും അപസ്മാരവും വരെയുള്ള ലക്ഷണങ്ങൾ ചില മയക്കുമരുന്നുകൾ ഉണ്ടാക്കിയേക്കാം.

5)ആഹ്ളാദം പകരുന്ന ഏകകാര്യം മയക്കുമരുന്നിന്റെ ഉപയോഗമാവുക.

6)മയക്കുമരുന്ന് അപകടകരമാണെന്ന് ഉപയോഗിക്കുന്ന ആളിന് അറിയാമെങ്കിലും ഒഴിവാക്കാനാവുന്നില്ല.

ലക്ഷണങ്ങളിൽ മൂന്നെണ്ണമെങ്കിലും ഉണ്ടെങ്കിൽ മനോരോഗവിദഗ്ദ്ധനെ കണ്ട് ചികിത്സിപ്പിക്കണം.

മയക്കുമരുന്ന് ഉപയോഗം

ഈ ലക്ഷണങ്ങളിലൂടെ കണ്ടെത്താം

1 . ദീർഘനേരം മുറിയടച്ചിരിക്കുന്നു.

2. രാത്രിയിൽ തീരെ ഉറക്കമില്ല

3. ഭക്ഷണം കഴിക്കാതിരിക്കുക

4. അടിസ്ഥാന സ്വഭാവത്തിൽ പെട്ടെന്ന് വ്യത്യാസം വരുന്നു. നിസ്സാരകാര്യത്തിന് പെട്ടെന്ന് പൊട്ടിത്തെറിക്കുകയോ അക്രമസ്വഭാവം കാണിക്കുകയോ ചെയ്യുന്നു.

5. ശരീരം വല്ലാതെ ക്ഷീണിക്കുന്നു.

6. ശരീരത്തിൽ മുറിപ്പാടുകൾ കാണപ്പെടുക

7. കണ്ണ് സദാസമയവും ചുവന്നിരിക്കുന്നു.

8. പഴയതുപോലെ മാതാപിതാക്കളോട് സംസാരിക്കാൻ താത്പര്യം കാണിക്കുന്നില്ല.

9. പഴയ സുഹൃത്തുക്കളുമായി ബന്ധമില്ല, പുതിയ ചില സുഹൃത്തുക്കൾ പ്രത്യക്ഷപ്പെടുന്നു, അവരെക്കുറിച്ച് ചോദിക്കുമ്പോൾ വെളിപ്പെടുത്താൻ വിമുഖത, പുതിയ സുഹൃത്തുക്കൾ പ്രായത്തിന് അനുയോജ്യരല്ലാത്തവരായിരിക്കും .

10. ഒറ്റയ്ക്കിരുന്ന് സംസാരം, ചിരി. ഇല്ലാത്തകാര്യങ്ങൾ ഉണ്ടെന്ന് തോന്നുക

മയക്കുമരുന്നിന് അടിമയായ അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് പെരുമാറ്റ വ്യത്യാസങ്ങൾ കാണിക്കുന്ന കുട്ടിയെ അടിയന്തരമായി മനോരോഗവിഗ്ദ്ധനെ കാണിക്കുക. ആദ്യഘട്ടത്തിൽ പിൻവാങ്ങൽ ലക്ഷണങ്ങൾ നിയന്ത്രിക്കാനും മയക്കുമരുന്ന് ഉപയോഗിച്ചതു മൂലമുള്ള മാനസിക -ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ചികിത്സയാണ് നല്കുന്നത്. രണ്ടാഴ്ചകൊണ്ട് ഈ ചികിത്സ പൂർത്തിയാകാറുണ്ട്. തുടർന്ന് വീണ്ടും മയക്കുമരുന്ന് ഉപയോഗിക്കാതിരിക്കാനുള്ള പുനഃപതന പ്രതിരോധ ചികിത്സയാണ് നല്കുന്നത്. ഒൻപത് മാസം മുതൽ 12 മാസം വരെ ഈ ചികിത്സ നീളും. മരുന്നുകളും കൗൺസിലിംഗും മാതാപിതാക്കൾക്കുള്ള പരിശീലനവുമൊക്കെ ചികിത്സയുടെ ഭാഗമാണ്.

( അവസാനിച്ചു)

Advertisement
Advertisement