വാടകവീട്ടിൽ വ്യാജമദ്യ നിർമ്മാണം, 500 കുപ്പി പിടികൂടി

Friday 14 October 2022 11:35 PM IST

പറവൂർ: വടക്കേക്കര തറയിൽകവലയിലെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ 250 ലിറ്റർ വ്യാജവിദേശമദ്യം പിടികൂടി. രണ്ട് ബ്രാൻഡുകളുടെ അരലിറ്ററിന്റെ 500കുപ്പികളിലായിരുന്നു വ്യാജമദ്യം.

25 ലിറ്ററിന്റെ 60 ഒഴിഞ്ഞ കന്നാസുകൾ, വലിയ പ്ലാസ്റ്റിക് ഡ്രമ്മുകൾ, നിരവധി ഒഴിഞ്ഞ മദ്യകുപ്പികൾ, സീൽ ചെയ്യാനുള്ള രണ്ട് യന്ത്രങ്ങൾ, വിവിധ ബ്രാൻഡ് മദ്യങ്ങളുടെ ലേബലുകൾ, അടപ്പുകൾ, എസൻസുകൾ, അസംസ്കൃത വസ്തുക്കൾ, രണ്ടായിരത്തോളം ലേബലുകൾ, ഹോളോഗ്രാം സ്റ്റിക്കർ എന്നിവയും പിടിച്ചെടുത്തു.

വാഹനത്തിന്റെ രണ്ട് നമ്പർ പ്ളേറ്റുകളും കണ്ടെടുത്തു. ഇരുനില വീടിന്റെ താഴെയുള്ള മുറികളിലായിരുന്നു നിർമ്മാണം. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മേധാവി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സ്ഥലത്തെത്തിയത്. അയൽവാസികളോട് വിവരം ചോദിച്ചെങ്കിലും വീട്ടിലെ താമസക്കാരെ കുറിച്ച് വിവരങ്ങൾ ലഭിച്ചില്ല.

തറയിൽകവല സ്വദേശിയും മാഹിയിൽ സ്ഥിരതാമസമാക്കിയാളുടേതാണ് വീട്. ഇടയ്ക്ക് രാത്രിയിൽ വാഹനത്തിൽ ചിലർ എത്താറുണ്ടായിരുന്നു. സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ടവരാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. നേരത്തേ ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവുമായി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Advertisement
Advertisement