പരിഗണിച്ചില്ല, സഹോദരനാണെന്ന്!

Saturday 15 October 2022 12:16 AM IST

മാവേലിക്കര: മത്സ്യവ്യാപാരിയായ ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് കൈപ്പള്ളിൽ വീട്ടിൽ കുഞ്ഞുമോൻ ളൂഷസിനെ (65) മറ്റു ബന്ധുക്കളുടെ മുന്നിലിട്ടാണ് സഹോദരനും ഇയാളുടെ മക്കളും ചേർന്ന് കൊലപ്പെടുത്തിയത്. നാലു പേർക്കും ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചതു കേൾക്കാൻ കുഞ്ഞുമോന്റെ കുടുംബാംഗങ്ങളും കോടതിയിൽ ഉണ്ടായിരുന്നു. സഹോദരനും അയൽവാസിയുമായ കൈപ്പള്ളിൽ സേവ്യർ, ഭാര്യ വിലാസിനി (61), മക്കളായ ഷൈബു (അപ്പുണ്ണി- ​ 39), ഷിബു (41) എന്നിവർക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്.

2015 ജനുവരി 23 ന് വൈകിട്ട് 6 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പത്തിയൂർ പാലത്തിന് സമീപം, മത്സ്യവ്യാപാരികളായ കുഞ്ഞുമോനും സേവ്യറും തമ്മിൽ മത്സ്യക്കച്ചവടം സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് കുഞ്ഞുമോനെ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുമ്പ് കമ്പി, സൈക്കിൾ പമ്പ് എന്നിവ കൊണ്ട് അക്രമിക്കുകയും നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രതികൾ കുഞ്ഞുമോന്റെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറി മകൻ ബിനുവിനെയും മർദ്ദിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ വീട്ടുമുറ്റത്ത് കിടക്കുകയായിരുന്ന കുഞ്ഞുമോനെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ പോലും പ്രതികൾ സമ്മതിച്ചിരുന്നില്ല. ഭാര്യ ലില്ലിക്കുട്ടി, മകൻ ബിനു, ബിനുവിന്റെ ഭാര്യ മേരി, ഇവരുടെ കുട്ടിയായ മൂന്ന് മാസം പ്രായമുള്ള മകൾ ക്രിസ്റ്റീന എന്നിവർക്കു മുന്നിലായിരുന്നു മർദ്ദനം.

ബിജു അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിന്റെ സഹായത്തോടെയാണ് കുഞ്ഞുമോനെ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ രാത്രി 9.30ഓടെ മരിച്ചു. ഒന്നു മുതൽ നാലുവരെ പ്രതികളായ അപ്പുണ്ണിയെന്ന ഷൈബു, ശൗര്യർ എന്ന സേവ്യർ, വിലാസിനി, ഷിബു എന്നിവർക്ക് വസ്തുവിൽ അതിക്രമിച്ച് കയറിയതിന് മൂന്ന് മാസം കഠിനതടവും 500 രൂപ പിഴയും, ദേഹോപദ്രവം ഏൽപ്പിച്ചതിന് ഒരു വർഷം കഠിനതടവ്, ജീവന് ഭീഷണി ഉയർത്തിയതിന് ഏഴ് വർഷം കഠിന തടവ്, വീട്ടിൽ അതിക്രമിച്ചു കയറി കുഞ്ഞുമോൻ ളൂഷ്യസിന്റെ മകൻ ബിനുവിനെ അക്രമിച്ചതിന് ഏഴ് വർഷം കഠിനതടവും 10000 രൂപ വീതം പിഴയും, കൊലപാതകം നടത്തിയതിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപവീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽമതി. ഒന്നാം പ്രതിയായ അപ്പുണ്ണി എന്ന് വിളിക്കുന്ന ഷൈബു പ്രമാദമായ കരുവാറ്റ ബാങ്ക് കവർച്ച ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അന്ന് മാവേലിക്കര സി.ഐ ആയിരുന്ന ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. കേസിൽ കുഞ്ഞുമോൻ ഉൾപ്പെടെയുള്ളവർ പ്രതികൾക്ക് അനുകൂലമായി മൊഴിമാറ്റിയിരുന്നു. പ്രോസിക്യൂഷൻ 25 സാക്ഷികളേയും 54 രേഖകളും 7 തൊണ്ടി മുതലുകളും ഹാജരാക്കി.


# സത്യം ജയിച്ചു


മാവേലിക്കര: സത്യം ജയിച്ചെന്ന് കുഞ്ഞുമോന്റെ ഭാര്യ ലില്ലിക്കുട്ടി, മക്കളായ ബിനു, ബിജു, മരുമകൾ മേരി എന്നിവർ നിറകണ്ണുകളോടെ പറഞ്ഞു. മർദ്ദനം തടയാനെത്തിയപ്പോൾ ഒന്നാം പ്രതി അപ്പുണ്ണി തങ്ങളെ ആക്രമിച്ചു. ഓടി വീട്ടിൽ കയറിയപ്പോൾ കതക് തകർത്തു വന്ന് മർദ്ദിച്ചു. അന്ന് മൂന്ന് മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റീന തന്റെ കൈയ്യിൽ നിന്ന് തെറിച്ചു വീണതായി കുഞ്ഞുമോൻ ളൂഷസിന്റെ മകൻ ബിനു പറഞ്ഞു.

# പ്രോസിക്യൂഷന് അഭിമാനം


മാവേലിക്കര: ഉറ്റബന്ധുക്കളുടെ കൺമുന്നിൽ മത്സ്യ വ്യാപാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷനുണ്ടായത് വലിയ വിജയം. വലിയ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ ഭയന്നും മറ്റും പ്രധാന സാക്ഷികളുൾപ്പടെ നിരവധിപേർ പ്രതികൾക്ക് അനുകൂലമായ നിലപാട് എടുത്തിരുന്നു. എന്നാൽ അതിനെ മറികടന്ന് പ്രോസിക്യൂഷൻ നീതിക്കു വേണ്ടി നടത്തിയ പോരാട്ടമാണ് വിജയം കണ്ടതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.സന്തോഷ് പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി ഇ.നാസറുദ്ദീൻ, സരുൺ കെ.ഇടിക്കുള എന്നിവരും ഹാജരായി.

# പ്രതികളുടെ ശാപവാക്കുകൾ


മാവേലിക്കര: കേസിൽ വിധിക്കു ശേഷം പ്രതികളുടെ തിരിച്ചറിയൽ അടയാളങ്ങൾ ശേഖരിക്കുന്ന മുറിക്കു സമീപത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സി.ഐ ജോസ് മാത്യുവിന് നേരെ പ്രതികളായ അപ്പുണ്ണിയുടെയും ഷിബുവിന്റെയും ശാപവാക്കുകൾ. ജയിലിൽ നിന്ന് ഇറങ്ങുന്ന സമയത്ത് സാറിന്റെ പേരെഴുതിവച്ച ശേഷം ആത്മഹത്യ ചെയ്യും എന്നതുൾപ്പടെയുള്ള ഭീഷണിയും പ്രതികൾ മുഴക്കി. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും പ്രതികൾ തട്ടിക്കയറി.

Advertisement
Advertisement