കോടതിയിലെ മുറി ഒഴിപ്പിക്കൽ നിയമക്കുരുക്കിലേക്ക്, വിട്ടുവീഴ്ചയില്ലാതെ അഭിഭാഷകരും പൊലീസും

Saturday 15 October 2022 12:00 AM IST

ചാലക്കുടി: ചാലക്കുടി ബാർ അസോസിയേഷനും പൊലീസും തമ്മിലുള്ള അധികാരതർക്കം നിയമക്കുരുക്കിലേക്ക്. ലൈബ്രറി കെട്ടിടത്തിന്റെ മുൻഭാഗത്ത് ബാർ അസോസിയേഷൻ ഉപയോഗിക്കുന്ന ഷെഡ്ഡിന് അംഗീകാരമുണ്ടോയെന്ന് ആരാഞ്ഞ് ചാലക്കുടി സി.ഐ, മുനിസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയതാണ് പുതിയ വിവാദം. പ്രസ്തുത ഷെഡ്ഡിൽ കോടതി ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാർ ഉപയോഗിച്ച മുറി നേരത്തെ ഒഴിപ്പിച്ചതാണ് ഉദ്യോഗസ്ഥർക്ക് മാനക്കേടുണ്ടാക്കിയത്.

കൊരട്ടി സ്‌റ്റേഷനിലെ റൈറ്ററും ബാർ അസോസിയേഷൻ സെക്രട്ടറിയും തമ്മിൽ ഒരു കേസുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നായിരുന്നു മുറിയൊഴിപ്പിക്കൽ. പ്രശ്‌നം രമ്യതയിലാക്കാൻ എ.പി.പിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് ചാലക്കുടി എസ്.എച്ച്.ഒ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. ഷെഡ്ഡിന്റെ നിർമ്മാണം അനധികൃതമാണോ എന്ന് ആരായുന്നതാണ് കത്തിലെ ഉള്ളടക്കം.

പക്ഷെ, ഇതു സംബന്ധിച്ച് എന്തെങ്കിലും നടപടിയുണ്ടായാൽ ശക്തമായി നേരിടാനാണ് അഭിഭാഷകരുടെ തീരുമാനം. പൊലീസിനെതിരെയുള്ള മറ്റു നടപടികളിലേക്കും ഇവർ കടക്കുന്നുണ്ട്. ഇതോടെ ഇരുവിഭാഗവും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നത്തിന് പെട്ടന്ന് പരിഹാരമുണ്ടാകില്ലെന്ന് ഉറപ്പായി.

വിനയായത് മൂപ്പിളമ തർക്കം

മുൻസിഫ് കോടതിക്ക് വർഷങ്ങൾക്ക് മുൻപ് വാടകരഹിതമായി മുറികൾ നൽകിയതാണ് ചാലക്കുടി നഗരസഭ. പുതിയ കോടതി കെട്ടിടം നിർമ്മാണം തുടങ്ങിയതോടെ അടുത്തിടെ മജിസ്‌ട്രേറ്റ് കോടതിയും ഇവിടേക്ക് മാറി. ഇതോടെ ഇരിപ്പിടം നഷ്ടപ്പെട്ട അഭിഭാഷകരുടെ പ്രവർത്തനത്തിന് മുൻഭാഗത്ത് താത്കാലിക തകര ഷെഡ്ഡ് ബാർ അസോഷിയേഷൻ ഉണ്ടാക്കി. ഇതിനകത്ത് ഗുമസ്തർക്കായി മറ്റൊരു ഭാഗവും വേർതിരിച്ചു. കോടതി ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരും ഉപയോഗിച്ചത് ഇതേമുറിയായിരുന്നു. പിന്നീട് മൂപ്പിളമ തർത്തിൽ മുറി അടച്ചുപൂട്ടി. പിന്നീട് പൊളിച്ചുമാറ്റുകയായിരുന്നു.


പൊലീസിന് 2 ലക്ഷ്യം

കോടതി ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്ക് ഇരിപ്പിടം നഷ്ടപ്പെട്ടതിനെക്കുറിച്ച് മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുന്നതിനാണ് എസ്.എച്ച്.ഒ, നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. ഷെഡ്ഡ് അനധികൃതമാണെങ്കിൽ തങ്ങൾക്കും ഉപയോഗിക്കാമെന്ന അനുമതി നേടലും ലക്ഷ്യമാണ്.

Advertisement
Advertisement