' ഹാരി പോട്ടർ " നടൻ റോബി കോൾട്രെയ്‌ൻ അന്തരിച്ചു

Saturday 15 October 2022 6:11 AM IST

ലണ്ടൻ : ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട ഹാരി പോട്ടർ സിനിമ പരമ്പരകളിലെ ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ സ്കോട്ടിഷ് നടൻ റോബി കോൾട്രെയ്‌ൻ ( 72 ) അന്തരിച്ചു. ഇന്നലെ സ്കോട്ട്‌ലൻഡിലെ ഫോൾക്കിർക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

1950 മാർച്ച് 30ന് സ്കോട്ട്‌ലൻഡിലെ റഥർഗ്ലിന്നിലാണ് റോബി കോൾട്രെയ്‌ന്റെ ജനനം. ആന്റണി റോബർട്ട് മക്‌മില്ലൻ എന്നാണ് യഥാർത്ഥ പേര്. അമേരിക്കൻ സാക്സോഫോണിസ്റ്റ് ജോൺ കോൾട്രെയ്‌നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അഭിനയ ജീവിതത്തിൽ റോബി കോൾട്രെയ്‌ൻ എന്ന പേര് സ്വീകരിച്ചത്. 20ാം വയസ് മുതൽ തിയേറ്റർ ആർട്ടിസ്റ്റായി റോബി തന്റെ കരിയർ ആരംഭിച്ചിരുന്നു.

പ്ലേ ഫോർ ടുഡേ ആണ് ആദ്യം അഭിനയിച്ച ടെലിവിഷൻ പരമ്പര. ടൂട്ടി ഫ്രൂട്ടി, ക്രാക്കർ തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ഫ്ലാഷ് ഗോർഡൻ ( 1980 ) ആണ് ആദ്യ സിനിമ. ഹാസ്യവേഷങ്ങളാണ് റോബിയെ തേടി കൂടുതൽ എത്തിയത്. അദ്ദേഹം അഭിനയിച്ച ' നൺസ് ഓൺ ദ റൺ " പോലുള്ള ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാൻ ഹെൽസിങ്ങ്, ബ്രേവ് എന്നീ ചിത്രങ്ങളിൽ ശബ്ദവും നൽകിയിട്ടുണ്ട്.

പിയേഴ്സ് ബ്രോസ്നൻ നായകനായ ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡൻ ഐയിലും ( 1995 ) ദ വേൾഡ് ഈസ് നോട്ട് ഇനഫിലും ( 1999 ) വാലന്റീൻ സുകോവ്‌സ്കിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നാലെയാണ് റോബിയ്ക്ക് ഹാരി പോട്ടറിലേക്കുള്ള വഴി തുറന്നത്.

പരമ്പരയിലെ എട്ട് ചിത്രങ്ങളിലും ഹാരി പോട്ടറിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഹോഗ്‌വട്സിലെ ഭീമൻ മനുഷ്യനായ ഹാഗ്രിഡിനെ ആരാധകർക്ക് മറക്കാനാകില്ല. റോണ ഗെമ്മൽ ആണ് റോബിയുടെ മുൻ ഭാര്യ. സ്പെൻസർ,​ ആലിസ് എന്നിവരാണ് മക്കൾ. നിരവധി ടെലിവിഷൻ പരമ്പരകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement
Advertisement