പാകിസ്ഥാൻ ഏറ്റവും അപകടകാരി : ബൈഡൻ

Sunday 16 October 2022 1:56 AM IST

വാഷിംഗ്ടൺ: പാകിസ്ഥാൻ ലോകത്തെ ഏ​റ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കെട്ടുറപ്പില്ലാതെ പാകിസ്ഥാൻ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്നത് അപകടമാണെന്നും ലോസാഞ്ചലസിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ചടങ്ങിൽ ബൈഡൻ പറഞ്ഞു.

യു.എസുമായി ബന്ധം മെച്ചപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ബൈഡന്റെ പരാമർശം. പാകിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികൾ പരാമർശിച്ച്,​ ഭരണകൂടത്തെയും ഭരണനിർവഹണത്തെയും ശ്വാസം മുട്ടിക്കുന്നതാണ് പാക് സൈന്യത്തിന്റെ നയമെന്നും. സൈന്യവും സർക്കാരും തമ്മിൽ യോജിപ്പില്ലെന്നും ബൈഡൻ പറഞ്ഞു.

 പ്രസ്താവന ഇന്ത്യയെ പ്രീതിപ്പെടുത്താൻ ?

ബൈഡന്റെ പ്രസ്താവന ഇന്ത്യയെ പ്രീണിപ്പിക്കാനണെന്നും വിലയിരുത്തുന്നുണ്ട്. പാകിസ്ഥാന് എഫ് - 16 യുദ്ധവിമാനങ്ങൾ നൽകാനുള്ള 450 ദശലക്ഷം ഡോളറിന്റെ അമേരിക്കൻ സൈനിക പാക്കേജിനെ ഇന്ത്യ എർത്തിരുന്നു. കഴിഞ്ഞമാസം ന്യൂയോർക്കിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇതിനെ വിമർശിച്ചിരുന്നു. പാകിസ്ഥാനും ഇന്ത്യയും തങ്ങളുടെ പങ്കാളികളാണെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രതികരണം. യുക്രെയിൻ വിഷയത്തിൽ നിഷ്പക്ഷ നിലപാട് തുടരുന്ന ഇന്ത്യയെ റഷ്യക്കെതിരായി ഒപ്പം നിറുത്താനും റഷ്യൻ ആയുധങ്ങളും എണ്ണയും വാങ്ങുന്നതിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനും അമേരിക്കയ്‌ക്ക് കഴിഞ്ഞിട്ടില്ല.

റഷ്യയേയും ചൈനയേയും ഒറ്റപ്പെടുത്താൻ ഇന്ത്യയെ ഒപ്പം നിറുത്തണമെന്ന് ബൈഡൻ കരുതുന്നു. എന്നാൽ ഇന്ത്യയ്‌ക്കെതിരെ ഭീകരവാദം തുടരുന്ന പാകിസ്ഥാനോടുള്ള യു.എസ് സമീപനത്തിൽ ഇന്ത്യ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ പാകിസ്ഥാനിലെ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെയാണ് ഇഷ്ട പങ്കാളികളാക്കിയിരുന്നതെന്നും ഇന്ത്യയ്ക്ക് പതിറ്റാണ്ടുകളോളം ആയുധങ്ങൾ നൽകിയില്ലെന്നും സോവിയറ്റ് - റഷ്യൻ ആയുധങ്ങളുടെ ശേഖരം ഇന്ത്യയ്‌ക്കുണ്ടാകാൻ കാരണം അതാണെന്നും കഴിഞ്ഞാഴ്ച ഓസ്ട്രേലിയ സന്ദർശനത്തിനിടെയിലും എസ്. ജയശങ്കർ തുറന്നടിച്ചിരുന്നു. ഇന്ത്യൻ താൽപര്യങ്ങളെ സംരക്ഷിക്കുന്ന റഷ്യയുമായി ദീർഘകാല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരണം ആശ്ചര്യപ്പെടുത്തി : ബിലാവൽ

ബൈഡന്റ പ്രസ്താവന ആശ്ചര്യപ്പെടുത്തിയെന്ന് യു.എസ് അംബാസഡറെ വിളിച്ചു വരുത്തി പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദ്ദാരി അറിയിച്ചു.

പാക് ആണവയാധുങ്ങൾ : ലോകത്തിന് ഭീഷണി

പാക് ആണവായുധങ്ങളുടെ സുരക്ഷയിൽ ലോകത്തിന് ആശങ്കയുണ്ട്. ഇവ തട്ടിയെടുക്കപ്പെടാനോ തീവ്രവാദികളുടെ കൈകളിലെത്താനോ സാദ്ധ്യതയുണ്ട്. പാക് ആണവ ബോംബിന്റെ പിതാവായ ന്യൂക്ലിയർ ശാസ്ത്രജ്ഞൻ എ.ക്യു ഖാൻ ആണ് പാകിസ്ഥാനിലെ ആണവായുധ ശേഖരത്തിന് ചുക്കാൻ പിടിച്ചത്. നെതർലൻഡ്സിൽ നിന്ന് ആണവ രഹസ്യങ്ങൾ ഖാൻ ചോർത്തിയെന്നും ഇറാഖ്, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾക്ക് ആണവ സാങ്കേതികവിദ്യ കൈമാറാൻ ശ്രമിച്ചെന്നും ആരോപണങ്ങളുണ്ട്. ഖാന്റെ നേതൃത്വത്തിൽ അനധികൃത ആണവ ഇടപാടുകളും നടന്നിരുന്നു. 1990ൽ യു.എസ് പാകിസ്ഥാനുള്ള സൈനിക, സാമ്പത്തിക സഹായങ്ങൾ നിറുത്തിയിരുന്നു. 1998ൽ പാകിസ്ഥാൻ ആണവ ശക്തിയായി. 2021ലെ കണക്കനുസരിച്ച് 165 ആണവായുധങ്ങൾ പാകിസ്ഥാനുണ്ട്.

Advertisement
Advertisement