തിരിമറി തടയൽ സോഫ്ട് വെയർ

Sunday 16 October 2022 12:00 AM IST

തദ്ദേശസ്ഥാപനങ്ങളിലെ തിരിമറികൾക്ക് പൂട്ടിടാൻ 26 സോഫ്ട് വെയറുകൾ സംയോജിപ്പിച്ചുകൊണ്ട് കെ-സ്മാർട്ട് എന്ന പേരിൽ പുതിയ ഏകീകൃതസംവിധാനം ജനുവരി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനൊരുങ്ങുന്നത് സ്വാഗതാർഹമാണ്. ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ദുരുപയോഗം ചെയ്‌ത് കെട്ടിട നമ്പരും ഒക്യുപ്പെൻസിയും നൽകുന്ന സംഭവങ്ങൾ കോഴിക്കോട് ഉൾപ്പെടെ പല സ്ഥലങ്ങളിലും ആവർത്തിക്കുകയും ഇത് പരാതിക്കും അന്വേഷണത്തിനും ഇടയാക്കുകയും ചെയ്ത സാഹചര്യത്തിൽ അന്ന് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് പുതിയ സോഫ്ട് വെയർ നിർമ്മിക്കാൻ തുടങ്ങിയത്. ഇത് നിർവഹിക്കുന്നത് ഇൻഫർമേഷൻ കേരള മിഷനാണ് . ഇവർ തയ്യാറാക്കുന്ന പുതിയ സംവിധാനം പിന്നീട് പരാതികൾക്ക് ഇടയാക്കുന്നില്ല എന്നത് ഉറപ്പാക്കാൻ അധികൃതർ ശ്രദ്ധിക്കണം. റേഷൻ സംവിധാനങ്ങൾക്ക് വേണ്ടിയുള്ള സോഫ്ട് വെയറിലും രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലും ഏർപ്പെടുത്തിയ സോഫ്ട് വെയറുകളിൽ അടിക്കടിയുള്ള തകരാറുകൾ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. തദ്ദേശസ്ഥാപനങ്ങൾക്കായി സോഫ്ട് വെയർ തയാറാക്കുന്ന ഇൻഫർമേഷൻ കേരള മിഷനിൽ സാങ്കേതിക വിദഗ്ദ്ധരുടെ എണ്ണം കുറവാണെന്ന് ആക്ഷേപമുണ്ട്. ശരിയാണെങ്കിൽ അത് പരിഹരിക്കാനാണ് ആദ്യം നടപടിയെടുക്കേണ്ടത്.

ഇൻഫർമേഷൻ കേരള മിഷൻ രൂപം നൽകുന്ന സംവിധാനത്തിൽ പിഴവുകളുണ്ടോ എന്ന് അവർ തന്നെ പരിശോധിച്ചാൽ പോരാ. സംവിധാനം കുറ്റമറ്റതാണെനന് ഉറപ്പാക്കാൻ പ്രൊഫഷണൽ കമ്പനികളെ ഏൽപ്പിക്കുന്നതാവും നല്ലത്. ഇത് മോശം കാര്യമെന്നോ ചെലവാകുന്ന പണം അധികമാണെന്നോ ചിന്തിക്കരുത്. സർക്കാരിന്റെ ഇൻഫർമേഷൻ മിഷനുകളിൽ നടക്കുന്നതിന്റെ പതിന്മടങ്ങ് പ്രൊഫഷണൽ കാര്യങ്ങൾ സ്വകാര്യ മേഖലയിൽ നടക്കുന്നുണ്ട്. കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയം കൈകാര്യം ചെയ്യുന്ന സോഫ്ട് വെയറിന്റെ കാര്യമായതിനാൽ ഇക്കാര്യത്തിൽ സ്വകാര്യ മേഖലയുടെ സഹായവും തേടുന്നതിൽ തെറ്റില്ല. കാര്യങ്ങൾ സുതാര്യമായി കൈകാര്യം ചെയ്താൽ മാത്രംമതി.

വെബ്പോർട്ടലിന് പുറമെ കെ-സ്മാർട്ട് മൊബെെൽ ആപ്ളിക്കേഷനായും ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപം നൽകുന്നത്. ഫയൽട്രാക്കിംഗ് ,ട്രേഡ് ലെെസൻസ് ,പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാകും ആദ്യം ലഭ്യമാക്കുക. യാതൊരു കാരണവശാലും മറ്റാർക്കും ചോർത്താൻ കഴിയാത്ത കണ്ണിലെ റെറ്റിനയാണ് കമ്പ്യൂട്ടറിന്റെ പാസ് വേഡായി പുതിയ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥൻ നേരിട്ട് മുഖം കാണിക്കാതെ മറ്റൊരാൾക്കും ഇത് പ്രവർത്തിപ്പിക്കാനാവില്ല. അതോടൊപ്പം ഉദ്യോഗസ്ഥന്റെ ഫോണിൽ വരുന്ന ഒ.ടി പി നൽകുകയും വേണം. പല ബാങ്കുകളിലും ഇത്തരം സംവിധാനമുണ്ട്. പുതിയ സംവിധാനത്തിന്റെ പ്രധാനഗുണം ഉദ്യോഗസ്ഥന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്നതാണ്. ആവശ്യക്കാരനും അയാളുടെ ഇടനിലക്കാരും ഒാഫീസുകളിൽ നേരിട്ടെത്തുമ്പോഴാണ് പലപ്പോഴും അഴിമതിക്ക് കളമൊരുങ്ങുന്നത്. ഇത് എത്രമാത്രം ഒഴിവാക്കാൻ കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും പുതിയ സംവിധാനത്തിന്റെ വിജയം.

Advertisement
Advertisement