അമിതാലങ്കാരം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

Sunday 16 October 2022 1:06 AM IST

തൃക്കാക്കര: ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കാരുമായി പോയ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ടീമിന്റെ മഞ്ഞപെയിന്റ് അടിച്ച ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇന്നലെ വൈകിട്ട് ആറുമണിയോടെ പനമ്പിള്ളി നഗറിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. ബസ് മറയും വിധം ടീമിന്റെ ഔദ്യോഗിക നിറവും കളിക്കാരുടെ ചിത്രവുമുൾപ്പെടെ പരസ്യം പതിച്ചിരുന്നു. വാഹനങ്ങളിൽ പരസ്യംപതിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ടീമിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന സ്വകാര്യബസാണിത്. അലങ്കാരങ്ങൾ നീക്കി വാഹനം തിങ്കളാഴ്ച ആർ.ടി.ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്ക് നോട്ടീസ് നൽകി. ഇന്നലെ നാലുമണിയോടെ അമിതവേഗത്തിൽ ഹോൺ മുഴക്കി കളിക്കാരുമായി കലൂർ സ്‌റ്റേഡിയത്തിലേക്ക് പോകുന്നതിനിടെ എളംകുളം ഭാഗത്തുവച്ച് മോട്ടോർ വാഹനവകുപ്പ് പിടികൂടി താക്കീത് നൽകിയിരുന്നു. എ.എം.വി.ഐ ചന്തു, ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മോട്ടോർ വാഹനവകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങാതെ പരസ്യം പതിച്ചതിനും നികുതി അടയ്ക്കാത്തതിനും നേരത്തെ ബ്ളാസ്റ്റേഴ്സ് ബസിൽ നിന്ന് 1.46 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.

Advertisement
Advertisement