നിയമന തട്ടിപ്പ്: ആദ്യ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ

Sunday 16 October 2022 12:52 AM IST

ആലപ്പുഴ: ദേവസ്വം ബോർഡ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയെടുത്ത കേസിൽ രണ്ടാഴ്ചക്കുള്ളിൽ ആദ്യ കുറ്റപത്രം സമർപ്പിക്കും. ഇതുവരെ 57 കേസുകളിലായി അഞ്ചു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഓരോ കേസിലും പ്രത്യേകം കുറ്റപത്രമുണ്ടാകും.

പ്രധാന പ്രതികളിൽ ഒരാളായ ചെട്ടികുളങ്ങര സ്വദേശി ദീപു ത്യാഗരാജൻ വിദേശത്തേക്ക് കടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇയാൾക്കായി ബ്ളൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. നേരത്തെ അറസ്റ്റിലായ കൊല്ലം സ്വദേശി ഫെബിൻ ചാൾസിനെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് ദീപുവിന്റെ പങ്കാളിത്തം വ്യക്തമായത്. ഖത്തറിൽ ജോലി ചെയ്‌തിരുന്നപ്പോൾ ദീപുവാണ് മുഖ്യപ്രതിയായ വിനീഷ് രാജനെ പരിചയപ്പെടുത്തിയതെന്ന് ഫെബിൻ വെളിപ്പെടുത്തിയിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയുമായി പൊലീസ് മുന്നോട്ടു പോകുകയാണ്. പ്രതികളിൽ ചിലർ അടുത്ത ബന്ധുക്കളുടെ പേരിൽ ഭൂമി വാങ്ങിക്കൂട്ടിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ, സെക്രട്ടറി ഇൻ - ചാർജ് എന്നിവരിൽ നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം, പ്രതികളെ സഹായിച്ചുവെന്നു കരുതുന്ന ദേവസ്വം ബോർഡ്, മൃഗസംരക്ഷണ ഉദ്യോഗസ്ഥർക്കെതിരെ പ്രത്യേക സംഘം അന്വേഷണം നടത്തും. കേസിൽ ഇതുവരെ 13 പേരാണ് അറസ്‌റ്റിലായത്. 11 സംഘങ്ങളാണ് കേസ് വിഭജിച്ച് അന്വേഷിക്കുന്നത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസിനാണ് മേൽനോട്ടം.

Advertisement
Advertisement