കോട്ടപ്പുറം വള്ളംകളി: തെക്കേ തയ്യിൽ ചുണ്ടൻ ജേതാവ്

Sunday 16 October 2022 1:21 AM IST

കൊടുങ്ങല്ലൂർ: കായൽ പരപ്പിൽ ആവേശമായി ജലരാജാക്കൻമാർ മാറ്റുരച്ച കോട്ടപ്പുറം വള്ളംകളി മത്സരത്തിൽ പള്ളാതുരുത്തി ബോട്ട് ക്ലബ് നയിച്ച മഹാദേവിക്കാട് കാട്ടിൽ തെക്കേ തയ്യിൽ ചുണ്ടൻ ജേതാവായി. പൊലീസ് ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. എൻ.സി.ഡി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനാണ് മൂന്നാം സ്ഥാനം. ജില്ലാ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഒമ്പത് തുഴച്ചിൽ ടീമുകളുടെ ആറാം പാദ മത്സരമാണ് നടന്നത്.

ഇരുട്ടുകുത്തി വള്ളങ്ങളുടെ എ ഗ്രേഡ് മത്സരത്തിൽ തിരുത്തിപ്പുറം ബോട്ട് ക്ലബിന്റെ തിരുത്തിപ്പുറം വള്ളം ഒന്നാം സ്ഥാനവും ടി.ബി.സി കൊച്ചിൻ ടൗൺ ബോട്ട് ക്ലബിന്റെ താണിയൻ രണ്ടാം സ്ഥാനവും നേടി. ബി ഗ്രേഡ് മത്സരത്തിൽ ഗോതുരുത്ത് ബോട്ട് ക്ലബിന്റെ ഗോതുരുത്ത് പുത്രൻ ഒന്നാം സ്ഥാനവും, സത്താർ ഐലന്റ് ഗരുഡ ബോട്ട് ക്ലബിന്റെ മയിൽപ്പീലി വള്ളം രണ്ടാം സ്ഥാനവും നേടി.

വിവിധ കലാരൂപങ്ങൾ മത്സരത്തിന് കൊഴുപ്പേകി. വള്ളംകളി മത്സരവും സാംസ്‌കാരിക സമ്മേളനവും വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എം.എൽ.എ ട്രോഫി സമ്മാനിച്ചു. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സര വിജയികൾക്ക് വി.കെ. രാജൻ മെമ്മോറിയൽ ട്രോഫിയും, കെ.ഡി. കുഞ്ഞപ്പൻ സ്മാരക ട്രോഫിയും സമ്മാനിച്ചു.

നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. ബെന്നി ബെഹന്നാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ചലച്ചിത്ര സംവിധായകൻ കമൽ, നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, മുസ്‌രിസ് പൈതൃക പദ്ധതി എം.ഡി. ഡോ. കെ. മനോജ് കുമാർ, കെ.എസ്. കൈസാബ്, വി.എം. ജോണി, പി.ഐ. സുബൈർ കുട്ടി എന്നിവർ സംസാരിച്ചു.

Advertisement
Advertisement