വീട്ടിൽ വളർത്തിയ പിറ്റ് ബുൾ യുവതിയെയും കുട്ടികളെയും കടിച്ചുകീറി ; 50 സ്റ്റിച്ച്

Sunday 16 October 2022 2:54 PM IST

രേവാരി : ഹരിയാനയിലെ രേവാരിയിൽ ഭർത്താവ് വളർത്തിയ നായയുടെ കടിയേറ്റ് യുവതിക്കും കുട്ടികൾക്കും ഗുരുതര പരിക്ക്. യുവതിയുടെ കാലിലും കെെയിലും തലയിലുമായി 50 സ്റ്റിച്ചുകൾ ഉണ്ട്. മുൻ ഗ്രാമത്തലവൻ സൂരജിന്റെ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയാണ് ഭാര്യയെയും മക്കളെയും ആക്രമിച്ചത്.സൂരജിനൊപ്പം ഭാര്യയും മക്കളും വീട്ടിലെത്തിയപ്പോൾ വീട്ടിന്റെ പരിസരത്ത് നിന്ന അവരുടെ നായ ആക്രമിക്കുകയായിരുന്നു. നായയെ അടിച്ച് പിന്തിരിപ്പിക്കാൻ സൂരജ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല . ഇവരുടെ നിലവിളി കേട്ട് എത്തിയവരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ജൂലായിൽ ഗുഡ്ഗാവിൽ 82 കാരിയെ തന്റെ മകൻ വളർത്തിയ പിറ്റ് ബുളിന്റെ കടിയേറ്റ് മരിച്ചിരുന്നു. ലോകത്തെ ആക്രമണകാരികളായ നായകളുടെ ഇനങ്ങളിൽ ഒന്നാണ് പിറ്റ് ബുൾ. അടുത്തിടെ പഞ്ചാബിലെ ഗുരുദാസ്പൂരിൽ അഞ്ച് ഗ്രാമങ്ങളിലായി 12 പേരെ പിറ്റ് ബുൾ ആക്രമിച്ചിരുന്നു. 15 കിലോമീറ്റർ ചുറ്റളവിൽ നായ സഞ്ചരിച്ചാണ് ജനങ്ങളെ ആക്രമിച്ചത്.