നടി റോജയുടെ കാർ ആക്രമിച്ചു ജനസേന പ്രവർത്തകർ അറസ്റ്റിൽ

Monday 17 October 2022 1:12 AM IST

വിശാഖപട്ടണം: സൂപ്പർ സ്റ്റാർ പവൻ കല്യാണിന്റെ രാഷ്ട്രീയ പാർട്ടിയായ ജനസേനയിലെ (ജെ.എസ്.പി) പ്രവർത്തകർ മന്ത്രിയും നടിയുമായ റോജ ഉൾപ്പെടെയുള്ള വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളുടെ വാഹനങ്ങൾക്ക് നേരെ വിശാഖപട്ടണം വിമാനത്താവളത്തിന് മുന്നിൽ ആക്രമണം നടത്തി. ഇവരുടെ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞുവെന്ന പരാതിയെ തുടർന്ന് പവൻ കല്യാണിന്റെ പാർട്ടി അനുഭാവികളായ നൂറോളം പേരെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് ആന്ധ്രപ്രദേശ് മന്ത്രിയും നടിയുമായ ആർ.കെ. റോജയുടെയും വൈ.എസ്.ആർ കോൺഗ്രസ് നേതാവും മന്ത്രിയുമായ ജോഗി രമേഷ്, തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ.വി. സുബ്ബ റെഡ്ഡി എന്നിവരുടെ വാഹനങ്ങൾക്കു നേരെയുമാണ് ആക്രമണമുണ്ടായത്.ആന്ധ്ര സർക്കാരിന്റെ ‘3 ക്യാപിറ്റൽ’ പദ്ധതിയെ അനുകൂലിക്കുന്ന റാലിയിൽ പങ്കെടുക്കുന്നതിനാണ് റോജ എത്തിയത്. ഇതേസമയം, ഇൗ ആശയത്തെ എതിർക്കുന്ന പവൻ കല്യാണിന്റെ ആരാധകരും പാർട്ടിയായ ജനസേനയിലെ പ്രവർത്തകരും പവൻ കല്യാണിനെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു.

പവൻ കല്യാണിനെതിരെ വൈ.എസ്.ആർ കോൺഗ്രസ് നേതാക്കൾ നേരത്തെ നടത്തിയിരുന്ന ചില പരാമർശങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് കരുതുന്നത്. ആന്ധ്രയുടെ എക്‌സിക്യൂട്ടീവ് തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിക്കുന്നതിന് പിന്തുണ അറിയിച്ച് നടന്ന റാലിയിൽ കനത്ത മഴയെ അവഗണിച്ചാണ് ആയിരങ്ങൾ പങ്കെടുത്തത്.സംസ്ഥാനത്തിന് മൂന്നു തലസ്ഥാനം എന്ന ആശയം 2019ൽ വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അധികാരത്തിൽ വന്നതിനു പിന്നാലെയാണ് രൂപപ്പെട്ടത്.

Advertisement
Advertisement