ടൂറിസ്റ്റ് ബസുകളിൽ കർശന പരിശോധന, ഇനി​ അഭ്യാസം വേണ്ട, അനുസരി​ച്ചാൽ മതി!

Monday 17 October 2022 12:13 AM IST

ആലപ്പുഴ: കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്സുകളും അലങ്കാരപ്പണികളും പാട്ടിന്റെ താളമനുസരിച്ച് മിന്നിമറയുന്ന വെളിച്ചവുമായി ഹരം കൊള്ളിച്ചിരുന്ന ടൂറിസ്റ്റ് ബസുകൾ ഇനി ഓർമ്മ. മൂന്ന് മാസത്തിനുള്ളിൽ വെള്ളനിറത്തിലേക്ക് മാറണമെന്ന് കോടതിയുടെയും ഗതാഗത വകുപ്പിന്റെയും നിർദ്ദേശം വന്നതോടെ അതിവേഗ രൂപാന്തര പാതയിലാണ് ടൂറിസ്റ്റ് ബസുകൾ.

കഴിഞ്ഞ ജൂണിൽ ഏകീകൃത നിറം നിലവിൽ വന്നെങ്കിലും നടപ്പാകാൻ വടക്കാഞ്ചേരി ബസ് അപകടം സംഭവിക്കേണ്ടി വന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കർശനമായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് നിയമലംഘനത്തിന് ദിവസേന പിടിയിലാകുന്നത്. ഇതോടെ പിഴത്തുക ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനം ഖജനാവിന് ലഭിക്കുന്നുമുണ്ട്.

ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 30 ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 30 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനയിൽ വീഴ്ച വരുത്തിയാൽ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കർശന പരിശോധനകളാണ് നടക്കുന്നത്.

ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകൾ: 1037 ആകെ പിഴത്തുക: 17.68 ലക്ഷം

വെള്ള മതി; വേണമെങ്കിൽ വര

രാത്രിയിൽ പെട്ടെന്ന് കണ്ണിൽപ്പെടുമെന്നതിനാലാണ് വെള്ള നിറം നിർദ്ദേശിച്ചിരിക്കുന്നത്. അലങ്കാരത്തിന് 10 സെന്റീമീറ്റർ വീതിയിൽ വയലറ്റ് നിറത്തിലും 3 സെന്റീമീറ്റർ വീതിയിൽ മെറ്റാലിക്ക് ഗോൾഡൻ നിറത്തിലും വരകൾ നൽകാം. തിളങ്ങുന്നതും വായിച്ചെടുക്കാൻ പ്രയാസമുള്ളതുമായ എഴുത്തുകൾ വേണ്ട. മുൻ വശത്ത് ബസിന്റെ പേരെഴുതാം. അതും സ്വന്തം ഇഷ്ടത്തിനല്ല, 12 ഇഞ്ച് വീതിയിൽ സാധാരണ അക്ഷരത്തിൽ എഴുതിയാൽ മതി. വശങ്ങളിലെ പേരുകൾ ഇനിയുണ്ടാവില്ല. ടൂർ ഓപ്പറേറ്ററുടെ വിലാസവും ഫോൺ നമ്പറും എഴുതാൻ അനുമതിയുണ്ട്. വാഹന ഉടമകളുടെ വാക്കു കേട്ട് ഇനി ബസുകൾ മോടിപിടിപ്പിച്ച് നൽകുന്ന വർക്ക്ഷോപ്പുകൾക്കെതിരെയും നടപടിയുണ്ടാകും

മത്സരം ഒഴിഞ്ഞു

അലങ്കാരപ്പണികൾ നടത്തി യാത്രക്കാരെ ആകർഷിക്കുന്ന മത്സരത്തിനും വെള്ളപൂശലോടെ അവസാനമായി. ഒരമ്മയുടെ മക്കളെപ്പോലെ ടൂറിസ്റ്റ് ബസുകൾ തോന്നുന്ന അവസരത്തിൽ ആര് ആരോട് മത്സരിക്കാൻ എന്നതാണ് അവസ്ഥ. ലൈറ്റും സൗണ്ടും പൂർണമായി ഒഴിവാക്കണമെന്ന് പറഞ്ഞിട്ടില്ല. ബസ് ബോഡി കോഡിൽ നിർദ്ദേശിച്ചിരിക്കുന്ന അളവിൽ ഇവയാകാം. 20 സീറ്റുകൾക്ക് മുകളിലുള്ള എല്ലാ ടൂറിസ്റ്റ് ബസുകൾക്കും നിയമം ബാധകമാണ്.

രൂപമാറ്റത്തിന് പിഴത്തുക

പഴയത്: 5000 രൂപ

നിലവിൽ: 10,000 രൂപ

പരിശോധിക്കുന്നവ

സ്പീഡ് ഗവർണർ

അധിക ഫിറ്റിംഗുകൾ

ഇൻഷ്വറൻസ്

എയർ ഹോൺ

മ്യൂസിക്ക് സിസ്റ്റം

ഫിലിം കർട്ടൻ

ഫാൻസി ലൈറ്റ്

മറ്റ് നിയമലംഘനങ്ങൾ

കോൺട്രാക്ട് കാര്യേജ് വാഹനങ്ങളും മറ്റ് വാഹനങ്ങളും കൃത്യമായി പരിശോധിക്കുന്നുണ്ട്. യാതൊരു വിധ നിയമലംഘനവും അനുവദിക്കില്ല

സജിപ്രസാദ്, ആർ.ടി.ഒ, ആലപ്പുഴ

Advertisement
Advertisement