കൊയ്ത നെല്ല് പാടങ്ങളി​ൽ, നനവ് കൂടുന്നു, കനി​വ് വേണം...

Monday 17 October 2022 12:16 AM IST
t

മി​ല്ലുകാരുടെ പ്രശ്നം പരി​ഹരി​ക്കാതെ സർക്കാർ

ആലപ്പുഴ: നെല്ലു സംഭരിക്കാതെ മില്ലുകാർ ഇടഞ്ഞു നിന്നിട്ടും വിഷയം സർക്കാർ ഗൗരവത്തിലെടുക്കാത്തത് കുട്ടനാട്, അപ്പർകുട്ടനാട് പാടശേഖരങ്ങളിലെ കർഷകരെ വലയ്ക്കുന്നു. അഞ്ചുതവണ മന്ത്രിമാർ മില്ലുടമകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പക്ഷേ, പാടത്ത് കിടന്ന് നനവ് തട്ടി നെല്ല് കിളിർക്കുന്ന സാഹചര്യമുണ്ടായിട്ടും സർക്കാർ ഇടപെടലിന് വേഗമില്ലെന്നാണ് കർഷകരു‌ടെ പരാതി.

കുടിശ്ശിക തുകയിലുൾപ്പെടെ സർക്കാർ വ്യക്തമായ മറുപടി നൽകാത്തതിനാലാണ് മില്ലുകാർ താത്പര്യം കാട്ടാത്തതെന്ന് ആക്ഷേപമുണ്ട്. സെപ്തംബർ 25നാണ് കൊയ്ത്ത് ആരംഭിച്ചത്. ഇന്നലെ വരെ 60 പാടശേഖരങ്ങളിലെ 1300 ഹെക്ടറിൽ വിളവെടുപ്പ് പൂർത്തിയായി. കൊയ്ത്തു തുടങ്ങി ഒരാഴ്ച പിന്നിട്ടതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. മില്ലുകാരുടെ കടുംപിടിത്തത്തിനൊപ്പം അപ്രതീക്ഷിത മഴയും കർഷകരെ വലയ്ക്കുകയാണ്. മില്ലുകാരുടെ അസോസിയേഷനിലെ രാഷ്ട്രീയ ചേരിതിരിവും പ്രതിസന്ധി സൃഷ്ടിക്കുന്നു.

കഴിഞ്ഞ രണ്ടാംകൃഷിക്കാലത്ത് 30 മില്ലുകാർ സംഭരണ രംഗത്തുണ്ടായിരുന്നു. ഇത്തവണ ഇതുവരെ രണ്ടു മില്ലുകാർ മാത്രമാണ് സംഭരണത്തിന് തയ്യാറായത്. ഇവർ മില്ലുടമകളുടെ അസോസിയേഷനിൽ അംഗങ്ങളല്ല. അസോസിയേഷനിൽ അംഗങ്ങളായ ഒരു മില്ലുപോലും കരാറിൽ എത്തിയിട്ടില്ല. 15 മുതൽ കൂടുതൽ പാടങ്ങളിൽ കൊയ്ത്ത് ആരംഭിക്കും. രണ്ടാംകൃഷിയിറക്കിയ 50 ശതമാനം പാടങ്ങളിലും പത്തു ദിവസത്തിനുള്ളിൽ കൊയ്ത്ത് നടക്കും.

@ മില്ലുകാരുടെ ആവശ്യങ്ങൾ

# കൈകാര്യച്ചെലവ് വർദ്ധിപ്പിക്കണം

# 15 കോടി കുടിശ്ശിക ഉടൻ നൽകണം

# ജി.എസ്.ടി നിർദ്ദേശം ഒഴിവാക്കണം

# ക്വിന്റൽ നെല്ലിന് തിരികെ നൽകുന്ന

അരിയിൽ തിരുത്തൽ

നെൽകൃഷിയെ പ്രകൃതി ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം. നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാൽ സമയബന്ധിതമായി വിളവെടുപ്പ് പൂർത്തീകരിച്ച് കർഷകരുടെ ദുരിതം തീർക്കാനാവും

ഇല്ലത്ത് ശ്രീകുമാർ, കർഷകൻ

# രണ്ടാം കൃഷി ഹെക്ടറിൽ

വിളവ് ഇറക്കിയത്: 9760 ഹെക്ടർ

വിളവെടുപ്പ് പൂർത്തീകരിച്ചത്: 1300

സംഭരണത്തിനുള്ള മില്ലുകൾ: 2

Advertisement
Advertisement