അണ്ടർ17 ലോകകപ്പ് ഫുട്ബാളിൽ ഇന്ന് ഇന്ത്യ -ബ്രസീൽ പോരാട്ടം

Monday 17 October 2022 2:40 AM IST

ഭുവനേശ്വർ : സാംബാനൃത്തച്ചുവടുകളുടെ ചടുലതയുമായെത്തുന്ന ബ്രസീലിയൻ അണ്ടർ17 ടീമുമായി ലോകകപ്പ് പോരിനൊരുങ്ങി ഇന്ത്യൻ പെൺനിര.ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടർ17 വനിതാ ലോകകപ്പിലെ ആദ്യ രണ്ട്മത്സരങ്ങളിലും തോൽവി വഴങ്ങിയ ഇന്ത്യ നോക്കൗട്ട് കടക്കാതെ ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. എന്നാൽ ഒരു ഗോളെങ്കിലും സ്കോർ ചെയ്ത് ലോകകപ്പ് അവിസ്മരണീയമാക്കാനുള്ള അവസാന അവസരമാണ് ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ തുറക്കുന്നത്.

വലിയ സ്വപ്നങ്ങളുമായി ഇറങ്ങിയ ഇന്ത്യൻ പെൺകൊടികളെ ആദ്യ മത്സരത്തിൽ അമേരിക്ക മറുപടിയില്ലാത്ത എട്ടുഗോളുകൾക്ക് തകർത്തിരുന്നു. രണ്ടാം മത്സരത്തിൽ മൊറോക്കോയോടും തോറ്റെങ്കിലും തോറ്റെങ്കിലും അത് 3-0 എന്ന മാർജിനിലായിരുന്നു. ആദ്യ മത്സരത്തിലെ അമ്പരപ്പിൽ നിന്ന് മോചിതരായി തികച്ചും വ്യത്യസ്തമായ കേളീശൈലി ആവിഷ്കരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. മൊറോക്കോയെ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ തളച്ചശേഷമാണ് രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ വഴങ്ങിയത്.

അമേരിക്കയിൽ നിന്ന് ലഭിച്ചതുപോലൊരു ഗോൾമഴ ഒഴിവാക്കാനുള്ള പരിശ്രമത്തിലാകും തോമസ് ഡെന്നെർബി പരിശീലിപ്പിക്കുന്ന ഇന്ത്യൻ പെൺകൊടികൾ. ആദ്യ മത്സരത്തിലെ ഞെട്ടിപ്പിക്കുന്ന തോൽവിയുടെ ഷോക്കിൽ നിന്ന് പെട്ടെന്നുതന്നെ മോചിതരാകാൻ തന്റെ കുട്ടികൾക്ക് കഴിഞ്ഞത് ആത്മവിശ്വാസം നൽകുന്നതായി കോച്ച് പറയുന്നു.

ബ്രസീലിന് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിലേക്ക് കടക്കണമെങ്കിൽ ഇന്ന് മികച്ച മാർജിനിൽ വിജയം അനിവാര്യമാണ്. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയിന്റ് നേടിയ അമേരിക്കയാണ് ഒന്നാമത്. ബ്രസീലിനും നാലുപോയിന്റുണ്ടെങ്കിലും ഗോൾ മാർജിനിൽ അമേരിക്കയ്ക്ക് പിന്നിലാണ്.ആദ്യമത്സരത്തിൽ മൊറോക്കോയെ 1-0ത്തിന് തോൽപ്പിച്ച ബ്രസീൽ രണ്ടാംമത്സരത്തിൽ അമേരിക്കയുമായി 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു.

Advertisement
Advertisement