ബൈഡന്റെ പരാമർശം തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന് പാക് പ്രധാനമന്ത്രി

Monday 17 October 2022 5:42 AM IST

കറാച്ചി : പാകിസ്ഥാൻ ലോകത്തെ ഏ​റ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണെന്നും കെട്ടുറപ്പില്ലാതെ പാകിസ്ഥാൻ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്നു എന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശത്തിന് മറുപടിയുമായി പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് രംഗത്ത്.

പരാമർശം വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ഷെഹ്‌ബാസ് പറഞ്ഞു.

'കഴിഞ്ഞ ദശാബ്ദങ്ങളിൽ ഏറ്റവും ഉത്തരവാദിത്വമുള്ള ആണവ രാഷ്ട്രമാണ് പാകിസ്ഥാനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സാങ്കേതികമായി മികച്ചതും പഴുതുകളില്ലാത്തതുമായ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനമാണ് രാജ്യത്തെ ആണവ പദ്ധതി കൈകാര്യം ചെയ്യുന്നത്.

പാകിസ്ഥാനും യു.എസിനുമിടയിൽ വളരെ സൗഹൃദപരവും പരസ്പര പ്രയോജനകരവുമായ ബന്ധത്തിന്റെ നീണ്ട ചരിത്രമുണ്ട്. ലോകം വലിയ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് അനാവശ്യ അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കി പാകിസ്ഥാൻ - യു.എസ് ബന്ധത്തിന്റെ യഥാർത്ഥ സാദ്ധ്യതകൾ തിരിച്ചറിയാൻ ആത്മാർത്ഥവും ദൃഢവുമായ ശ്രമങ്ങൾ നടത്തേണ്ടത് നിർണായകമാണ്.

പ്രാദേശിക സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാൻ യു.എസുമായി സഹകരിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. "- ഷെഹ്‌ബാസ് പ്രസ്താവനയിലൂടെ പറഞ്ഞു.

Advertisement
Advertisement