ഇന്റർപോൾ; അതിരുകളില്ലാത്ത നീതിപാലനം

Tuesday 18 October 2022 12:00 AM IST

ഭീകരവാദം പ്രതിരോധിക്കൽ, സൈബർ കുറ്റകൃത്യങ്ങൾ തടയൽ, സംഘടിതവും വളർന്നുവരുന്നതുമായ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കൽ എന്നീ മൂന്ന് രംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്റർപോളിന്റെ പ്രവർത്തനങ്ങൾ. 195 അംഗരാജ്യങ്ങൾക്കു പിന്തുണയേകുന്നു ഇന്റർപോൾ. ഈ വർഷമാദ്യം ഇന്റർപോൾ സാമ്പത്തികകുറ്റകൃത്യ അഴിമതിവിരുദ്ധകേന്ദ്രം സ്ഥാപിക്കുകയുംചെയ്തു. ആഗോളതലത്തിലെ നിയമവിരുദ്ധ സാമ്പത്തികപ്രവാഹത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ ഇടപെടാനാകുന്നതും വീണ്ടെടുക്കാൻ കഴിയുന്നതും. ഈ സാഹചര്യത്തിൽ, കുറ്റവാളികളുടെ ആസ്തികളുടെ ഉറവിടം കണ്ടെത്തുന്നതിലും അവ കണ്ടുകെട്ടുന്നതിലുമാണ് ഇന്റർപോൾ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് ഇന്റർപോൾ അംഗങ്ങൾ 90 -ാം ജനറൽ അസംബ്ലിക്കായി (സംഘടനയുടെ പരമോന്നത ഭരണസമിതി) ഇന്ന് മുതൽ 21 വരെ ന്യൂഡൽഹിയിൽ ഒത്തുചേരുന്നത്. ആഗോളതലത്തിലും പ്രാദേശികമായും ക്രമസമാധാനപാലന ഏകോപനം സാദ്ധ്യമാക്കാൻ 1923ലാണ് ഇന്റർപോൾ സ്ഥാപിതമായത്. ഇന്ന്, ഒരു ബട്ടൺ ക്ലിക്കിലൂടെ മാത്രം, ഡി.എൻ.എ പ്രൊഫൈലുകളും മുഖംതിരിച്ചറിയൽ ചിത്രങ്ങളും ഉൾപ്പെടെ 126 ദശലക്ഷം റെക്കോർഡുകൾ അടങ്ങിയ ഇന്റർപോളിന്റെ 19 ആഗോള വിവരശേഖരങ്ങൾ, ലോകത്തെവിടെയുമുള്ള പൊലീസിനു തത്സമയം പരിശോധിക്കാം. ഇന്റർപോളിന്റെ വിവരശേഖരങ്ങൾ ഓരോ ദിവസവും 20 ദശലക്ഷത്തിലധികം തവണയാണു തിരയപ്പെടുന്നത്. അതായത്, സെക്കൻഡിൽ ഏകദേശം 250 തവണ. 'സുരക്ഷിതമായ ലോകത്തിനായി പൊലീസിനെ ബന്ധിപ്പിക്കുക' എന്ന ദൗത്യമാണ് ഇന്റർപോൾ ജനറൽ അസംബ്ലി സുപ്രധാനമായി പിന്തുടരുന്നത്.

ഇന്റർപോളുമായും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുമായും സഹകരിച്ച് കേന്ദ്ര ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നുസംഘങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യയിൽ 175 അറസ്റ്റുകൾ രേഖപ്പെടുത്തി. 127 കേസുകൾ രജിസ്റ്റർ ചെയ്തു.

കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്നതുമായി ബന്ധപ്പെട്ട നാലുദശലക്ഷത്തിലധികം ചിത്രങ്ങളും വീഡയോകളും വിശകലനങ്ങളും അടങ്ങിയ ഐ.സി.എസ്.ഇ വിവരശേഖരം ബാലപീഡനത്തിന് ഇരയായ ശരാശരി ഏഴുപേരെ ഓരോ ദിവസവും തിരിച്ചറിയാൻ സഹായിക്കുന്നു. ഇന്നുവരെ, ലോകമെമ്പാടുമുള്ള 30,000ത്തിലധികം ഇരകളെ തിരിച്ചറിയാൻ ഈ വിവരശേഖരം സഹായിച്ചിട്ടുണ്ട്.

ഈ വർഷമാദ്യം ഈ പ്രത്യേക വിവരശേഖരത്തിലേക്കു ബന്ധിപ്പിക്കപ്പെടുന്ന 68ാമത്തെ രാജ്യമായി ഇന്ത്യ മാറി. എല്ലാ വർഷവും ഇന്റർപോൾ റെഡ് നോട്ടീസുകൾ അന്താരാഷ്ട്രതലത്തിൽ പിടികിട്ടാപ്പുള്ളികളെക്കുറിച്ച് ലോകമെമ്പാടുമുള്ള പൊലീസിനു മുന്നറിയിപ്പു നൽകുന്നു. ആയിരക്കണക്കിനു കൊലപാതകികൾ, ബലാത്സംഗം ചെയ്തവർ, ഭീകരർ, സാമ്പത്തിക കുറ്റവാളികൾ, മറ്റു കുറ്റവാളികൾ എന്നിവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഇന്റർപോൾ രാജ്യങ്ങളെ സഹായിക്കുന്നു.

മാത്രമല്ല, ആഗോളചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം നിയമനിർവഹണ ഏജൻസികൾ തമ്മിലുള്ള അതിർത്തികൾ മറികടന്നുള്ള കൈമാറ്റങ്ങൾക്കും ഇന്റർപോൾ സാക്ഷ്യം വഹിക്കുന്നു.

ഇന്ത്യപോലുള്ള അംഗരാജ്യങ്ങളിലെ നിയമപാലകരുടെ പ്രതിബദ്ധതയും പ്രൊഫഷണലിസവുമാണ് ഇന്റർപോളിനെ ആഗോളസുരക്ഷാ സംവിധാനങ്ങളുടെ സുപ്രധാന ഭാഗമാക്കുന്നത്.

അന്താരാഷ്ട്ര നിയമനിർവഹണത്തിൽ ഇന്ത്യയുടെ സംഭാവനകളെ അംഗീകരിച്ച്, കഴിഞ്ഞവർഷം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ സ്‌പെഷ്യൽ ഡയറക്ടർ പ്രവീൺ സിൻഹയെ ഏഷ്യയിലെ എക്സിക്യൂട്ടീവ് സമിതി പ്രതിനിധിയായി ജനറൽ അസംബ്ലി തിരഞ്ഞെടുത്തു. സംഘടനയുടെ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായ ജനറൽ അസംബ്ലി നാളെയുടെ ഭീഷണികളെ അഭിമുഖീകരിക്കാൻ കൂട്ടായശ്രമങ്ങൾ തുടരുന്നതെങ്ങനെ എന്നും പരിശോധിക്കും.

Advertisement
Advertisement