വെങ്ങാനൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ വീട് അടിച്ചുതകർത്തു

Tuesday 18 October 2022 1:12 AM IST

വിഴിഞ്ഞം: വെണ്ണിയൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ മകനെ കമ്പിപ്പാരയ്ക്ക് അടിച്ച് പരിക്കേല്പിച്ച അക്രമികൾ വീടും വാഹനങ്ങളും അടിച്ചുതകർത്തു. ചാവടിനട വെണ്ണിയൂർ മാവുവിള ദീപ്‌തി നിവാസിൽ അഡ്വ.എ. രാജയ്യന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രി 11.15ഓടെയായിരുന്നു പത്തംഗ സംഘത്തിന്റെ ആക്രമണം.

വീട്ടിലെ കോളിംഗ് ബെൽ അടിക്കുന്നതുകേട്ട് പുറത്തേക്കുവന്ന മകൻ കിരണിനെ അക്രമികൾ കമ്പിപ്പാര കൊണ്ട് അടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഓടിമാറുന്നതിനിടെ കിരൺ ധരിച്ചിരുന്ന ടീഷർട്ട് കീറിയതിനാൽ അക്രമികളുടെ പിടിവിട്ട് അകത്തേക്ക് കയറി വാതിലടച്ചു. കിരൺ ബഹളം വച്ചതോടെ ഉറക്കത്തിലായിരുന്ന രാജയ്യനും ഭാര്യയും കിരണിന്റെ സഹോദരിയുമെത്തി.

ആക്രമണത്തിനെത്തിയവർ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ എല്ലാവരും ചേർന്ന് വാതിലിൽ ബലമായി പിടിച്ചു. തുടർന്നാണ് ഇവർ വീട്ടിലെ ഷോക്കേസിലെ ഗ്ലാസുകൾ, ജനാലവാതിലുകൾ എന്നിവ തകർത്തശേഷം കാർ പോർച്ചിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളുടെയും കാറിന്റെയും ഗ്ലാസുകൾ അടിച്ചുതകർത്തത്.

വീടിന് സമീപം പാർക്ക് ചെയ്‌തിരുന്ന മറ്റൊരാളുടെ ടിപ്പർ ലോറിയുടെ മുൻവശത്തെ ഗ്ലാസും വശങ്ങളിലെ കണ്ണാടികളും തകർത്ത ശേഷമാണ് സംഘം മടങ്ങിയത്. 10 പേരടങ്ങുന്ന അക്രമിസംഘത്തിലെ ആറുപേർ ഹെൽമെറ്റ് ധരിച്ചിരുന്നുവെന്നും നാലുപേരെ അറിയാമെന്നും രാജയ്യൻ പൊലീസിന് മൊഴി നൽകി. മൂന്ന് ബൈക്കിലും ഒരു ഓട്ടോയിലുമാണ് അക്രമികളെത്തിയത്. ഏതാനും ദിവസം മുമ്പ് രാജയ്യന്റെ ട്യൂഷൻ സെന്ററിൽവച്ച് സ്‌കൂൾ വിദ്യാർത്ഥിയെ അടിച്ചതിന് ബാലരാമപുരം പൊലീസിൽ പരാതി ലഭിക്കുകയും രാജയ്യനെ അറസ്റ്റുചെയ്‌ത് ജാമ്യത്തിൽ വിടുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയാണ് ആക്രമണമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

ഫോർട്ട് എ.സി. ഷാജി രാത്രി തന്നെ സംഭവസ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രാജയ്യന്റെ വീട് സന്ദർശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് വെങ്ങാനൂർ ജംഗ്ഷൻ മുതൽ ചാവടിനടവരെ സി.പി.എം നേതൃത്വത്തിൽ പ്രതിഷേധ ജാഥയും പൊതുയോഗവും നടത്തി.

Advertisement
Advertisement