സ്ക്രാച്ച് ആൻഡ് വിൻ തട്ടിപ്പിനിരയാക്കി ലക്ഷങ്ങൾ തട്ടിയ ബംഗാൾ സ്വദേശി പിടിയിൽ

Tuesday 18 October 2022 1:29 AM IST

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളെ തേടിപ്പിടിച്ച് സ്ക്രാച്ച് ആൻഡ് വിൻ സമ്മാനം അടിച്ചതായി തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയായ പശ്ചിമബംഗാൾ സ്വദേശിയെ തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അറസ്റ്റുചെയ്‌തു. കൃഷ്ണപൂർ, നോർത്ത് 24 ഫർഗാനാ സജർഹട്ട്, ചണ്ടിബേരിയ CE-356ൽ ബിക്കി ദാസാണ് (22) പിടിയിലായത്.

നാപ്‌ടോൾ, സ്‌‌നാപ്ഡീൽ തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് സാധനം വാങ്ങുന്ന ഉപഭോക്താക്കളുടെ പേരും വിലാസവും പാഴ്സൽ സർവീസ് കമ്പനികളിൽ നിന്ന് ശേഖരിച്ച് ആ വിലാസം ദുരുപയോഗം ചെയ്‌ത് ഉപഭോക്താക്കൾക്ക് സ്ക്രാച്ച് ആൻഡ് വിൻ കാർ‌ഡ് രജിസ്ട്രേഡ് പോസ്റ്റിൽ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ ഉപഭോക്താവിന് സമ്മാനമായി കാർ, വൻ തുകകൾ എന്നിവ ലഭിച്ചെന്ന് ധരിപ്പിക്കുകയും സമ്മാനം ലഭിക്കുന്നതിനായി കാർഡിലുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്യും. ഫോണിൽ ബന്ധപ്പെടുന്ന ഉപഭോക്താവിന് സമ്മാനം ലഭിക്കുന്നതിന് സർവീസ് ടാ‌സ്, രജിസ്ട്രേഷൻ ചാർജ്, ഗിഫ്റ്റ് ചാർജ്, ജി.എസ്.ടി, ഇൻഷ്വറൻസ് തുടങ്ങി വിവിധ ചാർജുകൾ അടയ്‌ക്കണമെന്ന് ധരിപ്പിച്ച് ആൾക്കാരിൽ നിന്ന് ഒാൺലൈനിലൂടെ പണം തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ രീതി.

നാപ്ടോൾ ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ മുരുക്കുംപുഴ സ്വദേശിനിക്ക് ഹ്യുണ്ടായി കാർ ലഭിച്ചതായി വിശ്വസിപ്പിച്ച് കാറിന് തുല്യമായ തുക ലഭിക്കുന്നതിനെന്ന വ്യാജേന പല തവണയായി 7.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കർണാടക, ബംഗാൾ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുത്ത ഫോൺ നമ്പരുകളും ബാങ്ക് അക്കൗണ്ടുകളുമാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ബിക്കിദാസ് ഉപയോഗിച്ച ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് രണ്ട് മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്താനായത്.

റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ,​ ഡിവൈ.എസ്.പി വിജുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ രതീഷ് ജി.എസ്, എസ്.ഐ സതീഷ് ശേഖർ, പൊലീസുകാരായ വിമൽകുമാർ, ശ്യാം കുമാർ, അദീൻ അശോക് എന്നിവരടങ്ങുന്ന സംഘം ബംഗാളിലെ ന്യൂടൗണിൽ നിന്നാണ് ബിക്കിദാസിനെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്‌തു. തട്ടിപ്പ് സംഘത്തിലെ കൂടുതൽ പേർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി റൂറൽ പൊലീസ് അറിയിച്ചു.

Advertisement
Advertisement