കോൺഗ്രസിന്റെ പുതിയ തേരാളിയെ നാളെയറിയാം

Tuesday 18 October 2022 12:35 AM IST

ന്യൂഡൽഹി: രണ്ടു ദശാബ്‌ദത്തിന് ശേഷം കോൺഗ്രസ് അദ്ധ്യക്ഷനായി നടന്ന തിരഞ്ഞെടുപ്പിലെ വിജയിയെ നാളെ അറിയാം. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 96ശതമാനം പോളിംഗുണ്ടായി. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ വിവിധ സംസ്ഥാനങ്ങളിലും ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തും തയ്യാറാക്കിയ 68 ബൂത്തുകളിൽ 9500 പ്രതിനിധികൾ വോട്ടിട്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂതൻ മിസ്‌ത്രി അറിയിച്ചു. ഔദ്യോഗിക പരിവേഷമുള്ള സ്ഥാനാർത്ഥിയായ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് മുൻതൂക്കമുണ്ടെങ്കിലും മികച്ച പോരാട്ടം കാഴ്‌ചവച്ച ആത്മവിശ്വാസത്തിലാണ് ശശി തരൂർ.

സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റുകൾ ഇന്ന് ഡൽഹിയിലെത്തിക്കും. നാളെ രാവിലെ 10 മുതൽ എ.ഐ.സി.സി ആസ്ഥാനത്താണ് വോട്ടെണ്ണൽ. നാലുമണിക്ക് ശേഷം ഫലം പ്രഖ്യാപിക്കും.

തിരുവനന്തപുരത്തടക്കമുള്ള പി.സി.സി ആസ്ഥാനങ്ങളിലും ഡൽഹി ആൻഡമാൻ, ലഡാക്, ജമ്മു, കാശ്‌മീർ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും ഡൽഹി എ.ഐ.സി.സി ആസ്ഥാനത്തുമാണ് ബൂത്തുകൾ തയ്യാറാക്കിയത്. 9915 പ്രതിനിധികൾക്കാണ് വോട്ടവകാശമുണ്ടായിരുന്നെന്ന് മിസ്ത്രി അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം 9308 വോട്ടർമാരുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ചെറിയ സംസ്ഥാനങ്ങളിൽ 100 ശതമാനവും വലിയ സംസ്ഥാനങ്ങളിൽ 90 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. എ.ഐ.സി.സി ആസ്ഥാനത്തെ 68-ാം നമ്പർ ബൂത്തിൽ 87 പേരും വോട്ടു ചെയ്‌തു.

എ.ഐ.സി.സി ആസ്ഥാനത്ത് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ പി. ചിദംബരമാണ് ആദ്യം വോട്ടിട്ടത്. ഉച്ചയോടെ അദ്ധ്യക്ഷ സോണിയാഗാന്ധിയും മകൾ പ്രിയങ്കയും വോട്ടിട്ടു. ഈ ദിനത്തിനായി ഏറെനാളായി കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു. അനാരോഗ്യം മറന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും വോട്ടു ചെയ്യാനെത്തി. അജയ് മാക്കൻ, അംബികാ സോണി, ആനന്ദ് ശർമ്മ, അവിനാശ് പാണ്ഡെ, ഹരീഷ് റാവത്ത്, ജയ്‌റാം രമേശ്, മുകുൾ വാസ്‌നിക്, മീരാ കുമാർ, സച്ചിൻ പൈലറ്റ്, വിനീത് പൂനിയ തുടങ്ങിയവരും പാർട്ടി ആസ്ഥാനത്താണ് വോട്ടു ചെയ്‌തത്.

 ജോഡോ യാത്രികർ ബെല്ലാരിയിൽ

രാഹുൽ ഗാന്ധി, കേരളത്തിൽ നിന്നുള്ള അഡ്വ. അനിൽ ബോസ് എന്നിവരടക്കം 46 ഭാരത് ജോഡോ യാത്രികർ കർണാടകയിലെ ബെല്ലാരിയിലെ സംഗനക്കല്ലിൽ പ്രത്യേക കണ്ടെയ്‌നർ ബൂത്തിലാണ് വോട്ടിട്ടത്. മല്ലികാർജ്ജുൻ ഖാർഗെ ബംഗളൂരുവിലെ കർണാടക പി.സി.സി ആസ്ഥാനത്തും ഡോ. ശശി തരൂർ തിരുവനന്തപുരം പി.സി.സി ആസ്ഥാനത്തും വോട്ടിട്ടു.

2000ത്തിൽ ഏറ്റവുമൊടുവിൽ ന‌ടന്ന കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ജിതേന്ദ്ര പ്രസാദയെ 94നെതിരെ 7448 വോട്ടുകൾക്ക് സോണിയ പരാജയപ്പെടുത്തിയിരുന്നു. സീതാറാം കേസരിക്ക്(1996-98) ശേഷം ഗാന്ധി കുടുംബാംഗമല്ലാത്ത അദ്ധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണിത്.

പ്രവർത്തക സമിതി: അദ്ധ്യക്ഷൻ തീരുമാനിക്കും

പ്രവർത്തക സമിതിയിലേക്കും എ.ഐ.സി.സിയിലേക്കും തിരഞ്ഞെടുപ്പ് നടത്തണമോ എന്നത് പുതിയ അദ്ധ്യക്ഷൻ തീരുമാനിക്കുമെന്ന് മധുസൂതൻ മിസ്‌ത്രി പറഞ്ഞു. പ്രവർത്തക സമിതി, എ.ഐ.സി.സി അംഗങ്ങളെയും നിശ്‌ചയിച്ച ശേഷമാണ് പ്ളീനറി സമ്മേളനത്തിൽ പുതിയ അദ്ധ്യക്ഷൻ ചുമതലയേൽക്കേണ്ടത്.

'ഇത് ഞങ്ങളുടെ ആഭ്യന്തര തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. ഞങ്ങൾ പറഞ്ഞതെല്ലാം ഒരു സൗഹൃദത്തിൻമേലാണ്. ഒന്നിച്ച് പാർട്ടി ശക്തിപ്പെടുത്തണം. ശശി തരൂർ എന്നെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു. ഞാൻ അദ്ദേഹത്തിനും ആശംസ നേർന്നു".

- മല്ലികാർജ്ജുൻ ഖാർഗെ

'മാറ്റത്തിന് വേണ്ടി വാദിച്ച തരൂരിനെക്കുറിച്ച് ബോധപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു. എങ്കിലും അദ്ദേഹത്തിന് കാര്യമായ വോട്ട് കിട്ടും. ഒരു വലിയ അദ്‌ഭുതത്തിന് കാത്തിരിക്കുക".

- കാർത്തി ചിദംബരം എം.പി

Advertisement
Advertisement