ബസിൽ ഒറ്റയ്ക്ക് യാത്ര, സിയാറ്റിലിന്റെ പ്രിയപ്പെട്ട എക്ലിപ്സ് ഇനി ഓർമ

Tuesday 18 October 2022 5:34 AM IST

വാഷിംഗ്ടൺ : എക്ലിപ്സ് വളരെ സ്വതന്ത്രയായിരുന്നു. എന്നും വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങും. യു.എസിലെ സിയാറ്റിൽ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു പാർക്കാണ് അവളുടെ ലക്ഷ്യസ്ഥാനം. അതിനായി വീടിനടുത്തുള്ള ബസ് സ്റ്റോപ്പിൽ പോയി ക്ഷമയോടെ കാത്തുനിൽക്കും. ബസ് വരുമ്പോൾ അതിനുള്ളിൽ കയറുന്ന എക്ലിപ്സിനെ നോക്കി ബസ് സ്റ്റോപ്പിലുള്ളവരും ബസിനുള്ളിലുള്ളവരുമൊക്കെ പുഞ്ചിരിയ്ക്കുകയും അഭിവാദ്യം പറയുകയും ചെയ്യും.

ഈ എക്ലിപ്സ് ആരാണന്നല്ലേ. ആൾ ഒരു നായയാണ്. വർഷങ്ങളായി സിയാറ്റിലുള്ളവർക്ക് മാസ്റ്റഡോർ ഇനത്തിലെ ഈ നായയെ സുപരിചിതമാണ്. എന്നും വീട്ടിൽ നിന്നിറങ്ങുന്ന എക്ലിപ്സ് ഒരു ഡോഗ് പാർക്കിലേക്കാണ് പോകുന്നത്. തനിയെ ബസിൽ കയറി പോകാൻ അറിയാമെന്നതാണ് ഇതിൽ രസകരം. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ എക്ലിപ്സിനെ ഇനി സിയാറ്റിൽ സ്വദേശികൾക്ക് കാണാനാകില്ല.

എക്ലിപ്സ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയതായി ഉടമകൾ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഉറക്കത്തിലായിരുന്നു പത്ത് വയസുണ്ടായിരുന്ന എക്ലിപ്സ് യാത്രയായത്. എക്ലിപ്സിനെ കാൻസർ ബാധിച്ചിരുന്നതായി ഉടമ ജെഫ് യംഗ് പറയുന്നു. മണിക്കൂറുകളോളം പാർക്കിൽ ചെലവിട്ട ശേഷം ഒറ്റയ്ക്ക് ബസിൽ തന്നെ സിയാറ്റിൽ വീട്ടിലേക്ക് തിരിച്ചെത്തുമായിരുന്നു. യാത്രയ്ക്കുള്ള ബസ് പാസ് എക്ലിപ്സിന്റെ കോളറിൽ ഘടിപ്പിച്ചിരുന്നു. വളരെ ഇണക്കമുള്ള നിഷ്കളങ്ക സ്വഭാവമായിരുന്നു എക്ലിപ്സിനെന്ന് ബസിലെ യാത്രക്കാർ ഓർമിക്കുന്നു.

2015 മുതലാണ് എക്ലിപ്സ് സ്വയം ഇങ്ങനെ യാത്ര തുടങ്ങിയത്. ജെഫ് യംഗുമായി ബസ് കാത്ത് നിൽക്കെവെയാണ് എക്ലിപ്സ് ആദ്യമായി ഒറ്റയ്ക്ക് ബസ് യാത്ര നടത്തിയത്. ബസിൽ എക്ലിപ്സ് കയറുകയും ജെഫിന് അബദ്ധത്തിൽ കൃത്യസമയത്ത് കയറാൻ കഴിയാതെയും വന്നു. ബസ് പുറപ്പെട്ട് കഴിഞ്ഞപ്പോഴാണ് എക്ലിപ്സ് ബസിലായിപ്പോയ കാര്യം ജെഫ് ശ്രദ്ധിച്ചത്.

തൊട്ടുപിന്നാലെ വന്ന ബസിൽ ജെഫ് കയറി. ഏതായാലും പാർക്കിന്റെ സ്റ്റോപ്പിൽ എക്ലിപ്സ് കൃത്യമായി ഇറങ്ങി. തൊട്ടുപിന്നാലെ ജെഫും അവിടെയെത്തി. പിന്നീട് ഇത് ശീലമായി മാറിയെന്ന് ജെഫ് പറയുന്നു. എക്ലിപ്സിന്റെ പേരിൽ ഉടമകൾ വെബ്സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും തുടങ്ങിയിരുന്നു.

Advertisement
Advertisement