12 വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേയ്ക്ക്; കാതൽ സിനിമയുടെ പോസ്റ്റർ പുറത്ത്‌വിട്ട് മമ്മൂട്ടി
മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളസിനിമ രംഗത്ത് തിരിച്ചെത്തുന്നു. കാതൽ എന്ന ചിത്രത്തിലുടെ 12 വർഷങ്ങൾക്ക് ശേഷമാണ് ജ്യോതിക മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത് . വിജയകരമായി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന സിനിമാണിത്. ജ്യോതികയുടെ പിറന്നാൾ ദിനമായ ഇന്ന് പിറന്നാൾ ആശംസകൾ നേർന്ന് കാതലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ആന്റണി സ്റ്റീഫനാണ് പോസ്റ്റർ ഡിസെെൻ ചെയ്തിരിക്കുന്നത്. ലാലു അലക്സ് , മുത്തുമണി,ചിന്നു ചാന്ദിനി,സുധി കോഴിക്കോട്,അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. കാതലിന്റെ ചിത്രീകരണം ഒക്ടോബർ 20 ന് കൊച്ചിൽ ആരംഭിക്കും.