ശ്രീചിത്രയുമായി ആരോഗ്യ സർവകലാശാല കൈകോർക്കും

Wednesday 19 October 2022 2:50 AM IST

തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഗവേഷണ പ്രവർത്തനങ്ങളുടെ കുറവ് പരിഹരിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി കേരള ആരോഗ്യ സർവകലാശാല കൈകോർക്കുന്നു. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഗവേഷണ രംഗത്തും പരിശീലനം നൽകും.

ശ്രീചിത്രയിലെ പൂജപ്പുരയിലെ ഗവേഷണവിഭാഗത്തിലുള്ള വിദഗ്ദ്ധരുടെ കീഴിൽ പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ശ്രീചിത്രയിൽ നടന്ന കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ.വി.കെ. സാരസ്വതും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മലുമായി പ്രാരംഭ ചർച്ചകൾ നടത്തി.

ശ്രീചിത്ര അധികൃതർ വളരെ താത്പര്യത്തോടെയാണ് ആവശ്യത്തെ പരിഗണിച്ചതെന്ന് ഡോ. മോഹനൻ അറിയിച്ചു. ഏതൊക്കെ മേഖലകൾ സംബന്ധിച്ച് ഗവേഷണം നൽകാമെന്ന് ചർച്ചചെയ്ത ശേഷം ധാരണാപത്രം ഒപ്പിടുമെന്ന് ഡോ.സാരസ്വതും വ്യക്തമാക്കി.