കഞ്ചാവ് വേണ്ടവർ ഇനിമുതൽ ഓൺലൈനിൽ ഓർഡർ ചെയ്താൽ മതി; നവംബർ ഒന്നുമുതൽ വീട്ടുമുറ്റത്ത് ഊബർ ഈറ്റ്സ് എത്തിക്കും

Wednesday 19 October 2022 10:45 AM IST

ടൊറന്റോ: ആവശ്യക്കാർക്ക് കഞ്ചാവ് വീട്ടുമുറ്റത്ത് എത്തിച്ച് നൽകാനൊരുങ്ങി ഊബർ ഈറ്റ്സ്. കാനഡയിലെ ടൊറന്റോയിലാണ് ഇനി മുതൽ വീട്ടുപടിക്കൽ കഞ്ചാവ് എത്തിച്ചുനൽകുന്നത്. ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്‌ലിയുമായി സഹകരിച്ചുകൊണ്ടാണ് കഞ്ചാവ് വീട്ടുമുറ്റത്ത് എത്തിക്കുകയെന്ന് കാനഡയിലെ ഊബർ ഈറ്റ്സ് ജനറൽ മാനേജർ ലോല കാസിം പറഞ്ഞു.

'ലീഫ്‌ലി പോലുള്ളവയുമായി സഹകരിച്ച് റീട്ടെയിലർമാരെ കഞ്ചാവ് വിൽപ്പനയ്ക്ക് സഹായിക്കുകയാണ് ഞങ്ങൾ. ഇതിലൂടെ ടൊറന്റോയിലെ ജനങ്ങൾക്ക് നിയമാനുസൃതമായി തന്നെ കഞ്ചാവ് വീട്ടുപടിക്കലെത്തും. കഞ്ചാവ് ഉപയോഗിച്ച ശേഷം ആളുകൾ വാഹനം ഓടിച്ച് പോകുന്നത് പോലുള്ള അപകടങ്ങൾ ഒരുപരിധി വരെ ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ നിയമവിരുദ്ധമായ കഞ്ചാവ് വിൽപ്പന തടയാനും സഹായിക്കും.'- ലോല കാസിം പറഞ്ഞു.

നവംബർ ഒന്നുമുതലാണ് ഊബർ ഈറ്റ്സ് ഈ സേവനം ആരംഭിക്കുക. അതേസമയം, ഓൺലൈനായി കഞ്ചാവ് വാങ്ങുന്നതിനും അനുമതി വാങ്ങേണ്ടതുണ്ട്. കഞ്ചാവ് വേണമെന്നാഗ്രഹിക്കുന്ന ടൊറോന്റോയിലെ താമസക്കാർക്ക് ഊബർ ഈറ്റ്സ് ആപ്പ് എടുത്ത ശേഷം എവിടെ നിന്നാണ് കഞ്ചാവ് വേണ്ടതെന്ന് തിരഞ്ഞെടുക്കാം. എന്നാൽ ഓർഡർ ചെയ്യുന്ന ആൾക്ക് കുറഞ്ഞത് 19 വയസെങ്കിലും ആകണം.

Advertisement
Advertisement