പണത്തിനോട് ആർത്തിയില്ലാത്ത പാവം വൈദ്യൻ എങ്ങനെ കൊലയാളിയായി? എഴുന്നേറ്റ് നടക്കുന്നത് ഭഗവൽ സിംഗ് കാരണം; ചികിത്സയ്‌‌ക്കെത്തിയപ്പോൾ നടന്നതിനെക്കുറിച്ച് ലോട്ടറിക്കച്ചവടക്കാരി

Thursday 20 October 2022 7:47 AM IST

പത്തനംതിട്ട : പണത്തിനോട് ആർത്തിയില്ലാത്ത പാവം വൈദ്യരായിരുന്നു ഭഗവൽ സിംഗ്... ലോട്ടറിക്കച്ചവടക്കാരിയായ ശാന്ത (57) യുടെ വാക്കുകൾ ആണി​ത്. പിന്നീട് എങ്ങനെയാണ് വൈദ്യരുടെ മനസുമാറിയതെന്നറിയില്ല. ഇന്നലെ ഭഗവൽ സിംഗിനേയും ഭാര്യ ലൈലയേയും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് 14 വർഷം മുൻപ് ഇവർ ചികിത്സിച്ച ഇലന്തൂർ സ്വദേശി​യായ ശാന്ത ഇക്കാര്യം പറഞ്ഞത്.

അന്ന് ശാന്തയ്ക്ക് മൈക്കാട് പണി​യായി​രുന്നു. വീടിനുമുകളിൽ നിന്ന് താഴെവീണ് ശരീരമാസകലം ചതവുപറ്റി. തുടർന്നാണ് ചികിത്സയ്ക്കായി ഭഗവൽ സിംഗിന്റെ അടുത്ത് എത്തുന്നത്. 14 ദിവസം ഭഗവൽസിംഗ് തിരുമ്മു ചികിത്സ നടത്തി. ഒരിക്കൽപ്പോലും തന്നോട് മോശമായി പെരുമാറിയിട്ടില്ല. വൈദ്യരില്ലാത്ത സമയത്ത് ഭാര്യയും ചികിത്സ നടത്തിയിട്ടുണ്ട്. ചികിത്സയ്ക്കുശേഷം ഭഗവൽസിംഗ് പണം ചോദിച്ചുവാങ്ങാറില്ല. കൈയി​ലുളളത് കൊടുത്താൽ മതി. അതുകൊണ്ടുതന്നെ പാവങ്ങളായിട്ടുള്ളവർ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നതായി ശാന്ത പറഞ്ഞു.

ഭഗവൽ സിംഗിന്റെ ചികിത്സയ്ക്കുശേഷമാണ് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞത്. വീഴ്ചയെ തുടർന്ന് മൈക്കാട് പണി നിറുത്തിയ ശാന്ത ഇപ്പോൾ ലോട്ടറിക്കച്ചവടമാണ് ചെയ്യുന്നത്. തന്നെപ്പോലെ ലോട്ടറി വിറ്റ് ഉപജീവനം കഴിഞ്ഞവരെയാണ് ഭഗവൽസിംഗും ഭാര്യയും വ്യാജസിന്ധനും ചേർന്ന് അരുംകൊല ചെയ്തതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ശാന്ത പറഞ്ഞു.