ചേച്ചി പഠിപ്പിച്ചു. അന്ന ആടിനേടി ഒന്നാം സ്ഥാനം

Friday 21 October 2022 12:00 AM IST

കോട്ടയം. ചേച്ചി പഠിപ്പിച്ചുനൽകിയ ന‍ൃത്തച്ചുവടുകൾ അടിപതറാതെ വേദിയിൽ അവതരിപ്പിച്ച വി.പി അന്നയ്ക്ക് മോഹിനിയാട്ടത്തിൽ (ജൂനിയർ) ഒന്നാം സ്ഥാനം. 23-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ ആദ്യ മത്സരയിനമായിരുന്നു മോഹിനിയാട്ടം. തിരുവനന്തപുരം പ്ലാമൂട്ടുകട കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനിയാണ് അന്ന. സഹോദരി ആര്യയാണ് മോഹിനിയാട്ടം പഠിപ്പിച്ചത്. കംപ്യൂട്ടർ എൻജിനീയറിം​ഗ് ഡിപ്ലോമ വിദ്യാർത്ഥിനിയായ ആര്യ ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആ പാതയിലൂടെ അനിയത്തിയെയും മുന്നോട്ട് നയിക്കാനാണ് ശ്രമം.

ന‍ൃത്തം പഠിക്കാൻ അന്നയ്ക്ക് ആദ്യം മടിയായിരുന്നെന്നും എന്നാൽ ​സ്റ്റേജിലെത്തിയപ്പോൾ മികച്ച പ്രകടനം നടത്താനായെന്നും ആര്യ പറഞ്ഞു. ഓടനവിള വീട്ടിൽ വിജയകുമാർ - പ്രേമലത ദമ്പതികളുടെ മകളാണ് അന്ന. മലപ്പുറം എ.ഡബ്ല്യൂ.എച്ച് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിനി പി.ശിഖയ്ക്കാണ് രണ്ടാം സ്ഥാനം.

Advertisement
Advertisement