ആട്ടിയകറ്റപ്പെടുന്ന ആദിവാസി ജീവിതങ്ങൾ

Friday 21 October 2022 12:00 AM IST

നിയമസഭ പാസാക്കിയ പട്ടികവർഗ (ഭൂമി കൈമാറ്റ നിയമന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കലും) നിയമം കശക്കിയെറിഞ്ഞത് അട്ടപ്പാടിയിലെ ആദിവാസി ജീവിതങ്ങളെയാണ്. നാളിതുവരെ അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങളിലെ 3.7 ശതമാനത്തിന് മാത്രമാണ് നിയമത്തിന്റെ പരിരക്ഷ ലഭിച്ചതെന്ന് സർക്കാർരേഖകൾ വ്യക്തമാക്കുന്നു. അട്ടപ്പാടിയിൽ ഭൂമി നഷ്ടപ്പെട്ട 955 ആദിവാസി കുടുംബങ്ങളിൽ 919 പേർക്കും സർക്കാർ സ്വന്തമായി ഭൂമി നൽകിയില്ലെന്ന് കണക്കുകൾ പറയുന്നു.

1975 ലെ നിയമത്തിന് പകരം പുതിയനിയമം പാസാക്കിയത് ആദിവാസി സംരക്ഷണത്തിനാണെന്നാണ് എൽ.ഡി.എഫ് സർക്കാർ വാദിച്ചത്. എന്നാൽ ആദിവാസികൾക്ക് നിയമംവഴി പ്രയോജനമുണ്ടായില്ലെന്ന് റവന്യൂവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പാസാക്കി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസികളെ സംബന്ധിച്ചിടത്തോളം നിയമം റവന്യൂ വകുപ്പിന്റെ ചുവപ്പ് നാടയിലാണ്. സർക്കാർ കണക്കുപ്രകാരം അട്ടപ്പാടിയിൽ 955 ആദിവാസി കുടുംബങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു. അതിൽ 750 കുടുംബങ്ങൾക്ക് അഞ്ച് ഏക്കറിൽ താഴെ ഭൂമി നഷ്ടപ്പെട്ടു. അവർക്ക് പകരം ഭൂമി നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ആദിവാസിഭൂമി കൈയേറിയവർക്ക് നികുതിയടച്ച് ഭൂമി സ്വന്തമാക്കാനുള്ള അനുമതി റവന്യൂ വകുപ്പ് നൽകി. നിയമപ്രകാരം അർഹതയുള്ള ആദിവാസികളിൽ ഭൂരിഭാഗത്തിനും ഇതുവരെയായി അട്ടപ്പാടിയിൽ പകരം ഭൂമി ലഭിച്ചിട്ടില്ല. പകരം ഭൂമി നൽകേണ്ട കുടുംബങ്ങളുടെ പട്ടികയിൽപ്പോലും വകുപ്പിന് വ്യക്തതയില്ലെന്നതാണ് യാഥാർത്ഥ്യം. ഈ കുടുംബങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്തവനഭൂമിയിൽ നിന്നോ അനുയോജ്യമായ മറ്റ് ഭൂമിയോ കണ്ടെത്തി നൽകാൻ ലാൻഡ് റവന്യൂ കമ്മിഷണർ പാലക്കാട് കളക്ടർക്ക് നിർദേശം നൽകിയെന്നാണ് മന്ത്രി കെ.രാജൻ നിയമസഭയിൽ വ്യക്തമാക്കിയത്. പക്ഷേ, നിർദ്ദേശം പാലിക്കപ്പെട്ടില്ല. അതേസമയം ഭൂമി കൈയേറിയവർക്ക് നിയമപരിരക്ഷ ലഭിക്കുകയും ചെയ്തു.

1950 - 60 കാലഘട്ടങ്ങളിൽ അട്ടപ്പാടിയിലെ ആദിവാസിഭൂമി തട്ടിയെടുത്തവരിൽ ഏറെയും മധ്യതിരുവിതാംകൂറിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കുടിയേറിയവരായിരുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ കാര്യങ്ങൾ മാറി. വ്യാജമായി സംഘടിപ്പിക്കുന്ന റവന്യൂ റസീറ്റുകളും അത് ഉപയോഗിച്ച് ആധാരങ്ങളുമുണ്ടാക്കി കേരളത്തിന് അകത്തും പുറത്തുമുള്ള റിസോർട്ട് ഉടമകളും കമ്പനികളും ട്രസ്റ്റുകളും ഭൂമി പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി അട്ടപ്പാടി ചുരം കയറിവന്നു. ഇത്തരം കൈയ്യേറ്റങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടെ പിന്തുണയും പൊലീസിന്റെ സംരക്ഷണവും ലഭിച്ചു. ഇപ്പോഴും അത് തുടരുന്നു. വട്ടുലക്കി ഊര് മൂപ്പൻ സൊറിയനെയും മകൻ വി.എസ്.മുരുഗനെയും ഭൂമാഫിയകളുടെ പരാതിയിന്മേൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവവും ചീരക്കടവിലെ ആദിവാസികളെ തിരുവോണനാളിൽ പോലും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവവും ഇതിന് തെളിവാണ്.

ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ, ഭൂതിവഴിയിലെ കാളിക്കാടൻ മൂപ്പൻ, കമ്പളക്കാട് പുതൂരിലെ ആദിവാസികൾ, മരപ്പാലം ഊരിലെ ആദിവാസികുടുംബങ്ങൾ, അഗളി മേലെ ഊരിലെ ആദിവാസികുടുംബങ്ങൾ, ചാള ഊരിലെ മല്ലൻ തുടങ്ങി നിരവധി ആദിവാസികളുടെ ഭൂമിയിൽ കൈയ്യേറ്റമുണ്ട്. കാറ്റാടി പാടങ്ങൾക്ക് വേണ്ടിയുള്ള ഇടപാടുകൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. കിഴക്കൻ അട്ടപ്പാടിയിൽ വ്യാജരേഖകളിലൂടെ ഭൂമി തട്ടിയെടുക്കുമ്പോൾ, ഗ്രാമസഭകൾ അംഗീകരിച്ച അപേക്ഷകൾ വനംവകുപ്പ് അംഗീകാരം നൽകാതെ വനാവകാശമുള്ള ആദിവാസി ഭൂമി പിടിച്ചെടുക്കുന്നതായും പരാതികൾ നിലനിൽക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് 1960 കളിൽ സെറ്റിൽമെന്റ് രജിസ്റ്ററുകളിൽ ആദിവാസി ഭൂമിയെന്ന് രേഖപ്പെടുത്തിയ ഭൂമിയിന്മേലുള്ള എല്ലാ ക്രയവിക്രയങ്ങളെക്കുറിച്ചും ഒരു ഉന്നത ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കുക, ഭൂമി കൈയ്യേറ്റകേസുകളിൽ പൊലീസിന്റെ ആദിവാസി വിരുദ്ധമായ ഇടപെടൽ അവസാനിപ്പിക്കുക, ആദിവാസി ഭൂമിയിൽ നടക്കുന്ന ക്രയവിക്രയങ്ങൾ നിറുത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലക്കാട് കലക്ടറേറ്റിനു മുന്നിൽ ആദിവാസികൾ നടത്തിയ ഏകദിന സത്യഗ്രഹം ശ്രദ്ധേയമായത്.

ആദിവാസി ജനസംഖ്യ

പകുതിയായി

അട്ടപ്പാടിയിൽ നടക്കുന്നത് വംശീയഹത്യയെന്നു പറയുമ്പോൾ പലരും നെറ്റിചുളിക്കാറുണ്ട്. എന്നാൽ അവിടത്തെ ആദിവാസികൾ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയിൽ നേർപകുതിയിൽ താഴെ ആയെന്നാണ് കണക്കുകളെന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയവർ ചൂണ്ടിക്കാട്ടുന്നു. ഇതിനു പ്രധാന കാരണം ഭൂമിയിൽനിന്നും വനാശ്രിതത്വത്തിൽ നിന്നുമുള്ള അവരെ മനഃപ്പൂർവം മാറ്റിനിറുത്തിയതാണ്. വനാശ്രിതത്വവും പരമ്പരാഗത കാർഷിക സമ്പദ് വ്യവസ്ഥയുമാണ് ഗോത്ര ജീവിതത്തിന്റെ നട്ടെല്ല്. അതിനെയാണ് ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് വരേണ്യസമൂഹം തച്ചുടയ്ക്കാൻ ശ്രമിക്കുന്നത്. പരിരക്ഷാ നിയമങ്ങൾ ദുർബലപ്പെടുത്തിയാണ് അവർ ആദിവാസികളെ അവരുടെഭൂമിയിൽ നിന്നും ആട്ടിപ്പായിക്കുന്നത്.
ഇതിനിടയിൽ വനഭൂമിയിൽ നിന്നും കൃഷിഭൂമിയിൽ നിന്നും ഗോത്രജീവിതത്തെ തുടച്ചുമാറ്റാൻ പുതിയൊരു തന്ത്രംകൂടി ബ്യൂറോക്രസിയും ഭരണകൂടങ്ങളും കണ്ടുപിടിച്ചതായും ചൂണ്ടിക്കാട്ടപ്പെടുന്നു. ആദിവാസി ഫണ്ട് കോൺട്രാക്ടർ ലോബികളിലൂടെയും ഇടനിലക്കാരിലൂടെയും തട്ടിയെടുക്കുന്ന സംവിധാനമാണ് അട്ടപ്പാടിയിൽ വികസിപ്പിച്ചത്. പിന്നീടാകട്ടെ കോൺട്രാക്ടർമാർക്ക് പകരം എൻ.ജി.ഒകളും കൺസൾട്ടൻസികളും വലിയൊരു ഉദ്യോഗസ്ഥനിരയും രംഗത്തുവന്നു. ഇതോടൊപ്പം ത്രിതല പഞ്ചായത്ത് രാജും നിലവിൽ വന്നതോടെ ഫലത്തിൽ ആദിവാസിഫണ്ട് കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലായി. പതുക്കെപ്പതുക്കെ ഭൂമിയിൽ നിന്നും വിഭവാധികാരത്തിന്റെ മറ്റ് സാദ്ധ്യതകളിൽ നിന്നും മാറ്റിനിറുത്തപ്പെട്ട ഗോത്രസമൂഹത്തിന്റെ അവശേഷിക്കുന്ന കൃഷിഭൂമി വരൾച്ച ബാധിതപ്രദേശമായി. പോഷകാഹാരവും ആരോഗ്യവും നഷ്ടപ്പെട്ട ഒരു ജനതയായി മാറിയ ആദിവാസിസമൂഹം വംശഹത്യയിലേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നു. സ്ത്രീകളുടെ പോഷകാഹാരകുറവും രക്തക്കുറവുമാണ് വ്യാപകമായ നവജാത ശിശുമരണത്തിന് കാരണമെന്ന് വ്യക്തം.

കപട രാഷ്ട്രീയ

പ്രബുദ്ധത

അട്ടപ്പാടിയിലെ ശിശുമരണവാർത്തകൾ വ്യാപകമായതോടെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. വാട്ടർ അതോറിറ്റി 30 കോടി, ജലനിധി നാല് കോടി, പട്ടികവർഗ്ഗം ഒരു കോടി, വെജിറ്റബിൾ പ്രമോഷൻ ഒന്നേമുക്കാൽ കോടി, പാരമ്പര്യകൃഷിക്ക് മൂന്ന് കോടി, കമ്മ്യൂണിറ്റി കിച്ചൺ എന്നിങ്ങനെ ആ ലിസ്റ്റ് നീണ്ടുപോകുന്നു. എന്നാൽ, കാര്യമായ മാറ്റമൊന്നുമില്ലാതെ ഇപ്പോഴും അട്ടപ്പാടിയിൽ ശിശുമരണം തുടർക്കഥയാകുന്നു. ആദിവാസികളുടെ കൂട്ടായ്മയും പരമ്പരാഗത ഊരുകളുടെ ഗ്രാമസഭാ സംവിധാനവും തകരുകയും ചെയ്യുന്നു. പെസാ നിയമത്തിന്റെ പരിധിയിൽ അട്ടപ്പാടിയെ ഉൾപ്പെടുത്തിയിട്ടുമില്ല. മധുവിന്റെ കൊലപാതകക്കേസ് അട്ടിമറിക്കപ്പെട്ടേക്കാം. ഇതിൽ നിന്നൊക്കെ വ്യക്തമാണ് നമ്മുടെ രാഷ്ട്രീയപ്രബുദ്ധത എത്രമാത്രം കപടമാണെന്ന്.

Advertisement
Advertisement