ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വെന്റിലേറ്റർ ആംബുലൻസ്

Friday 21 October 2022 12:00 AM IST

തൃശൂർ : ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ടി.എൻ. പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അത്യാധുനിക വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ആംബുലൻസ് വാങ്ങുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു.
വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് നിലവിലില്ല. ആശുപത്രിയിൽ നിന്നും മറ്റു മെഡിക്കൽ കോളേജുകളിലേക്ക് രോഗികളെ റഫർ ചെയ്ത് കൊണ്ടുപോകേണ്ടി വരുമ്പോൾ, മറ്റു സ്വകാര്യ ആശുപത്രികളെയോ, ഏജൻസികളെയോ സമീപിക്കേണ്ട അവസ്ഥയാണ്.

ജൂൺ 15ന് കൂടിയ ആശുപത്രി വികസന സൊസൈറ്റിയുടെ യോഗത്തിൽ, ഈ ആവശ്യം ചർച്ച ചെയ്തിരുന്നു. മദ്ധ്യകേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രി എന്ന നിലയിൽ, തൃശൂർ, പാലക്കാട്, മലപ്പുറം,എറണാകുളം എന്നീ ജില്ലകളിൽ നിന്ന് എത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ ആംബുലൻസ് വാങ്ങുന്നതിനുള്ള തീരുമാനം. ഇത് സംബന്ധിച്ച കത്ത് എം പി, കളക്ടർക്ക് കൈമാറി.

മെഡിക്കൽ കോളേജ് ആശുപത്രിക്ക് വെന്റിലേറ്റർ സൗകര്യത്തോടെ,പുതിയ ആംബുലൻസ് നൽകാനുള്ള ടി.എൻ. പ്രതാപന്റെ തീരുമാനത്തെ കേരള എൻ.ജി.ഒ അസോസിയേഷൻ യോഗം സ്വാഗതം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. നാരായണൻ, മെഡിക്കൽ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് കെ.എസ്. മധു, സെക്രട്ടറി പി. ബിബിൻ എന്നിവർ അറിയിച്ചു.

Advertisement
Advertisement