ആയുഷ് ഫണ്ട് മൂന്നിരട്ടിയായി; 'എല്ലാദിവസവും എല്ലാ വീട്ടിലും ആയുർവേദം' നടപ്പാക്കാൻ പദ്ധതികളേറെ

Friday 21 October 2022 12:00 AM IST

തൃശൂർ: നാഷണൽ ആയുഷ് മിഷൻ വഴി കേരളത്തിൽ നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മുൻവർത്തേക്കാൾ മൂന്നിരട്ടിയായതോടെ, ആയുർവേദത്തിന്റെ പ്രചാരണവും ഭൗതികസാഹചര്യങ്ങളുടെ വികസനനിർമ്മാണപ്രവർത്തനങ്ങളും കൂടുതൽ ഫലപ്രാപ്തിയിലെത്തും. ആയുഷ് ഫണ്ട് കേരളത്തിൽ പ്രധാനമായും ആയുർവേദത്തിനും ഹോമിയോപ്പതിക്കും യോഗനാച്ചുറോപതിക്കുമായാണ് ചെലവഴിക്കുക.

ഫണ്ടിന്റെ ഭൂരിഭാഗം വിഹിതവും ആയുർവേദത്തിനായിരിക്കും. നിലവിലുള്ള പദ്ധതികളുടെ തുടർച്ചയും പുതിയ പദ്ധതിയുടെ ആവിഷ്‌കാരവും ഔഷധസസ്യങ്ങളുടെ പ്രചാരണവും അടക്കമുള്ള പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. 'ഹർ ദിൻ, ഹർ ഘർ ആയുർവേദം' (എല്ലാദിവസവും എല്ലാ വീട്ടിലും ആയുർവേദം) എന്ന സന്ദേശത്തിനും ഊന്നൽ നൽകും.

ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ആയുർവേദത്തിന്റെ ശാസ്ത്രീയ ഉപയോഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം നടത്താൻ യു.ജി.സി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 23ന് ആയുർവേദ ദിനത്തിൽ 'ഹർ ദിൻ, ഹർ ഘർ ആയുർവേദം' എന്ന പ്രമേയത്തിൽ കലാലയങ്ങളിലും സർവകലാശാലകളിലും പരിപാടികൾ ആസൂത്രണം ചെയ്യാനാണ് യു.ജി.സി സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദയാണ് പരിപാടിയുടെ നോഡൽ ഓർഗനൈസേഷൻ.

  • കേരളത്തിനുള്ള ആയുഷ് ഫണ്ട്: 97.77 കോടി
  • കഴിഞ്ഞവർഷം: ഏതാണ്ട് 30 കോടി
  • ഫണ്ട് വിനിയോഗം: 60 % കേന്ദ്രം, 40 % സംസ്ഥാനം

  • 'എല്ലാദിവസവും എല്ലാ വീട്ടിലും ആയുർവേദം'

'ഹർ ദിൻ, ഹർ ഘർ ആയുർവേദം' (എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുർവേദം) എന്നതാണ് ഈവർഷത്തെ ദേശീയ ആയുർവേദ ദിനസന്ദേശം. ഭാരതീയചികിത്സാ വകുപ്പും നാഷണൽ ആയുഷ്മിഷനും ചേർന്നാണ് ഏഴാം ആയുർവേദദിനാചരണം സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളും സംഘടനകളുമായി ചേർന്ന് ബോധവത്കരണ ക്‌ളാസുകളും ഔഷധസസ്യ പ്രദർശനവും ക്വിസ്, ചിത്രരചന, ഉപന്യാസം, പ്രസംഗമത്സരങ്ങളും നടക്കും. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ സമന്വയഹാളിൽ 23ന് രാവിലെ പത്തിന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയാകും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.

  • ഭക്ഷ്യപ്രദർശന മേളയും

'എല്ലാ ദിവസവും, എല്ലാ വീട്ടിലും ആയുർവേദം എന്ന സന്ദേശവുമായി നടത്തുന്ന ദേശീയ ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യപ്രദർശനമേളയും ഒരുക്കുന്നുണ്ട്. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ 23 ന് രാവിലെ 10 മുതലാണ് പ്രദർശനം. ആയുർവേദത്തിന്റെ അടിസ്ഥാനതത്വങ്ങൾ ആസ്പദമാക്കിയുള്ള ഭക്ഷ്യവിഭവങ്ങളാണ് തയ്യാറാക്കുന്നത്. ഈ പ്രദർശനം 'ആയുർവേദം അടുക്കളയിൽ' പൊതുജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമാകും.'
- ഡോ. പി.ആർ. സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാ വകുപ്പ്.

'മുൻവർഷങ്ങളേക്കാൾ നിരവധി പദ്ധതികളാണ് നാഷണൽ ആയുഷ് മിഷനും ആയുഷ് വകുപ്പും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനായി അനുവദിക്കുന്ന തുകയും വർദ്ധിച്ചു. ആയുർവേദ ദിനാചരണത്തിന്റെ തുടർച്ചയായി ആയുഷ് മിഷന്റെ സേവനങ്ങൾ കൂടുതൽ ജനങ്ങളിലെത്തും. '

- ഡോ. എം.എസ്. നൗഷാദ്, ജില്ലാ പ്രോഗ്രാം മാനേജർ , നാഷണൽ ആയുഷ് മിഷൻ

Advertisement
Advertisement