ലോകകപ്പ് കാണണം... ഥാറിൽ നാജി ഖത്തറിലേക്ക്

Friday 21 October 2022 12:06 AM IST

കണ്ണൂർ: അ‌ർജന്റീന ടീമിന്റെ കടുത്ത ആരാധികയായ മാഹി സ്വദേശി നാജി നൗഷി ഖത്തറിൽ നടക്കുന്ന ലോകകപ്പ് കാണാൻ ഥാർ ജീപ്പിൽ യാത്ര തിരിച്ചു. കണ്ണൂരിൽ ഗതാഗത മന്ത്റി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്ത യാത്ര ഇന്നലെ കോയമ്പത്തൂരിലെത്തി. ആദ്യലക്ഷ്യമായ മുംബൈയിൽ നിന്ന് കപ്പലിൽ ഒമാനിലേക്ക് തിരിക്കാനാണ് തീരുമാനം. തുടർന്ന് വീണ്ടും ഥാറോടിച്ച് യു.എ.ഇ, ബഹ്റിൻ, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിലൂടെ ഡിസംബർ ആദ്യം ഖത്തറിലെത്തും. ഒറ്റയ്ക്കൊരു യാത്രയ്ക്കു വേണ്ടുന്ന എല്ലാ സംവിധാനങ്ങളും വണ്ടിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷണവും താമസവുമെല്ലാം വണ്ടിയിൽത്തന്നെ. വണ്ടിക്ക് പുറത്ത് കിടക്കണമെന്ന് തോന്നിയാൽ അതിനായി ഒരു ടെന്റും കരുതിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്ത് കഴിക്കാനുള്ളസൗകര്യവുമുണ്ട്. ജൂലായ് മുതൽ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്.

നേരത്തെ ഇന്ത്യ മുഴുവനും പിന്നീട് നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്പിലും 34 കാരിയായ നാജി വാഹനമോടിച്ച് പോയിട്ടുണ്ട്. 2021ൽ ലഡാക്കിലേക്കായിരുന്നു ആദ്യത്തെ യാത്ര. ഒ​റ്റയ്ക്കും സംഘമായുമൊക്കെയായിരുന്നു ഈ യാത്ര. പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിച്ചും ട്രക്കുകളിൽ ലിഫ്​റ്റ് ചോദിച്ച് ഹിച്ച് ഹൈക്കിംഗിലൂടെയുമെല്ലാം നടത്തിയ സാഹസിക യാത്രകളാണ് മുന്നോട്ടുള്ള യാത്രകൾക്ക് പ്രചോദനം നൽകുന്നതെന്ന് നാജി പറഞ്ഞു.

കുടുംബത്തിന്റെ മികച്ച പിന്തുണയും നാജിക്കൊപ്പമുണ്ട്. ഭർത്താവ് നൗഷിക്കും അഞ്ച് മക്കൾക്കുമൊപ്പം ഒമാനിലാണ് താമസം. ഏഴുവർഷത്തോളമായി ഹോട്ടൽമേഖലയിലാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ സ്വന്തം അമ്മയെ ഏൽപ്പിച്ചാണ് തന്റെ സ്വപ്ന ദൂരങ്ങൾ പിന്നിടാൻ നാജിയ ഇറങ്ങുന്നത്. സ്വന്തമായി ഒരു യൂ ട്യൂബ് ചാനലും നാജിക്കുണ്ട്. യാത്രകളിഷ്ടപ്പെടുന്ന നിരവധി പേ‌ർ നാജിയയെ നാജിനൗഷി സോളോ മോം എന്ന ഈ ചാനലിൽ പിന്തുണയ്ക്കുന്നുണ്ട്. ലഡാക്ക് യാത്രകളിലെ ഓർമ്മകൾ പങ്കുവച്ച് നാജി എഴുതിയ 'ഓളു കണ്ട ഓള ഇന്ത്യ' എന്ന പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു.

ആത്മവിശ്വാസവും നിശ്ചയദാ‌ർഢ്യവുമുണ്ടെങ്കിൽ ദൂരങ്ങൾ എത്രയും പിന്നിടാം. യാത്രയും കാൽപ്പന്തുകളിയും ഹരമാണ്. ഖത്തറിൽ ലോകകപ്പ് നടക്കുന്നുെവെന്നറിഞ്ഞത് മുതൽ യാത്രയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു.

നാജി നൗഷി

Advertisement
Advertisement